സജിത വധം: ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി നാളെ
Wednesday, October 15, 2025 12:34 AM IST
പാലക്കാട്: നെന്മാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബോയന്‍ കോളനി സ്വദേശിയും അയല്‍വാസിയുമായ ചെന്താമര കുറ്റക്കാരനെന്നു കോടതി കണ്ടെത്തി.
ശിക്ഷ നാളെ അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോര്‍ജ് വിധിക്കും. വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണു കണ്ടെത്തല്‍. കൊലപാതകത്തിനു പുറമേ തെളിവു നശിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകടക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.
എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന്, ഒന്നുമില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. കൂസലില്ലാതെയാണ് കുറ്റക്കാരനാണെന്ന വിധി ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയില്‍ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയപ്പോഴും ചെന്താമര ഒന്നും പ്രതികരിച്ചില്ല. വിധി കേള്‍ക്കാന്‍ സജിതയുടെ മക്കളായ അതുല്യയും അഖിലയും അമ്മയും കോടതിയിലെത്തിയിരുന്നു.
കോടതിയില്‍ വിശ്വാസമുണ്ടെന്നും വിധി വന്നശേഷം പ്രതികരിക്കാമെന്നും ഇവർ പറഞ്ഞു. പ്രതി പുറത്തിറങ്ങിയാല്‍ ജീവനു ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാന്‍ കഴിയില്ലെന്നും പരമാവധി ശിക്ഷതന്നെ ലഭിക്കണമെന്നുമാണു വിചാരണസമയത്ത് ഇവര്‍ വ്യക്തമാക്കിയിരുന്നത്.
2019ന് ഓഗസ്റ്റ് 31നാണ് ചെന്താമര സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സജിത വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം 2025 ജനുവരി 27നു സജിതയുടെ ഭര്‍ത്താവ് സുധാകരന് (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ചെന്താമര വിയ്യൂര്‍ ജയിലിൽ കഴിയുന്നതിനിടെയാണ് ആദ്യത്തെ കൊലപാതകത്തിന്റെ ശിക്ഷാവിധി വരുന്നത്.
ഇതിനിടെ, ചെന്താമരയുടെ ഭീഷണി കാരണം പ്രധാന സാക്ഷി പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്നാട്ടിലേക്കു താമസം മാറ്റി. സജിതയെ കൊന്നശേഷം ചെന്താമര വരുന്നതു കണ്ടതു പുഷ്പയാണ്. ഈ കേസില്‍ വിധി വന്നതോടെ ചെന്താമരതന്നെ പ്രതിയായ നെന്മാറ ഇരട്ട കൊലപാതകക്കേസിന്റെ വിചാരണനടപടികള്‍ ഉടൻ ആരംഭിക്കുമെന്നാണു സൂചന.
സജിത വധക്കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാറാണു ഹാജരായത്. പരമാവധി ശിക്ഷ കോടതി നല്‍കുമെന്നാണു പ്രതീക്ഷയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.