ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
Saturday, November 12, 2022 11:46 PM IST
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ നായികയായ നിതാരയാണ് ചിത്രത്തിനു തിരക്കഥയൊരുക്കിയത്.
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സംവിധായകന് സാജന് കെ.മാത്യു അടുത്ത സിനിമയ്ക്കു കഥ തേടുന്ന സമയം. അന്നൊരുനാള്‍ സുഹൃത്ത് നിതാരയ്ക്കൊപ്പം ഒരു കഥയുടെ ചര്‍ച്ചകളിലായിരുന്നു സാജന്.
അതിനിടെ നിതാരയ്ക്കു വന്ന ഫോണ്‍ കോളില്‍ ഒളിഞ്ഞിരുന്ന സിനിമാക്കഥ സാജനു തെളിഞ്ഞു. അനന്തരം, തന്റെ നാട്ടില്‍ നടന്ന ആ സംഭവകഥയെ ആധാരമാക്കി നിതാര എഴുതിയത് സാജന്റെ രണ്ടാമത്തെ സിനിമയായി തിയറ്ററുകളിലെത്തുകയാണ്. അതാണു വിവാഹ ആവാഹനം. തിരക്കഥയെഴുതിയ നിതാര കഥയിലെ നായികയുമായി എന്നൊരു ട്വിസ്റ്റ് കൂടിയുണ്ട്.
“തിരക്കഥാകൃത്തു തന്നെ നായികയാവുന്നത് മലയാളത്തില്‍ ആദ്യമായിരിക്കാം. വരുംനാളുകളില്‍ മലയാള സിനിമയില്‍ ധാരാളം വനിതാ തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും നമ്മള് കാണും. അത്രമാത്രം പെണ്‍കുട്ടികള്‍ എഴുത്തിലും സാങ്കേതികരംഗത്തും വര്‍ക്ക് ചെയ്യുന്നുണ്ട്”- സാജന് പറയുന്നു.
വിവാഹം മുടക്കണം!
സാധാരണ, കമിതാക്കള്‍ അവരുടെ വിവാഹം നടക്കണമെന്നല്ലേ ആഗ്രഹിക്കുക. ഇവിടെ, വീട്ടുകാര്‍ അവരുടെ കല്യാണം നടത്താനൊരുങ്ങുന്പോൾ അതു മുടക്കാനിറങ്ങുകയാണ്. അതാണ് കഥയിലെ ട്വിസ്റ്റ്.
മാര്‍ക്സ് ഭവനത്തിലെ പ്രഭാകരന്റെ മകന് അരുണും സ്വാതി ഭവനത്തിലെ ഭാസ്കരന്റെ മകള്‍ സ്വാതിയുമാണ് കഥയിലെ കമിതാക്കൾ. പ്രണയത്തിലായിരുന്ന അവര്‍ ഈ വിവാഹം നടക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ എന്തിനു വിവാഹം മുടക്കാന്‍ പോകുന്നു, എന്തിനു വീട്ടുകാരെ എതിര്‍ക്കുന്നു എന്നതു സിനിമ കണ്ടുതന്നെ അറിയണം. എനിക്കൊപ്പം ഇതില്‍ ഡയലോഗ് എഴുതിയ സംഗീത് സേനനാണ് വിവാഹ ആവാഹനം എന്നു പേരിട്ടത്.
നിരഞ്ജ്
പഠനമൊക്കെ കഴിഞ്ഞ് സപ്ലിയൊക്കെ എഴുതി, ഉഴപ്പി പിള്ളേരുടെ കൂടെ കളിച്ചുനടക്കുന്ന ഒരു ഇരുപത്തിരണ്ടുകാരന്. കഥാനായകന് അരുണായി എത്തുന്നത് നിരഞ്ജ് മണിയന്‍പിള്ള. മുമ്പു ചെയ്യാനിരുന്ന മാര്‍ട്ടിന്‍ലൂഥര്‍ കിംഗില്‍ നിരഞ്ജിനു വേഷമുണ്ടായിരുന്നു.
ഈ പ്രോജക്ടിലെത്തിയപ്പോള്‍ നിരഞ്ജുമായിത്തന്നെ മുന്നോട്ടുപോകാന്‍ നിശ്ചയിച്ചു. ഒന്നിച്ചു വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിളായ, ഭാവിയില്‍ വലിയ താരമായി മാറാന്‍ പൊട്ടെന്‍ഷ്യലുള്ള ആര്‍ട്ടിസ്റ്റാണ് നിരഞ്ജ്. സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കി കൂടെ നില്ക്കുന്ന നടൻ.
നിതാര
പതിവു നായികാസങ്കല്പങ്ങളില് നിന്നു മാറി ഒരാള്‍ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. നിതാരയ്ക്കും അഭിനയം ഇഷ്ടമാണ്. സ്വാതി നിതാരയുടെ കൈകളില്‍ ഭദ്രമാണെന്നു തോന്നി. ഡിഗ്രിയൊക്കെ കഴിഞ്ഞ് ജോലിക്കുവേണ്ടി ശ്രമിക്കുന്ന പെൺകുട്ടി. ഇന്നത്തെ മിഡില്‍ ക്ലാസ് പെണ്‍കുട്ടിയുടെ സ്വഭാവരീതികളുള്ള അല്പം ബോള്‍ഡായ നാടന്‍ കഥാപാത്രം.
ഇരട്ടമുഖം
ഷൂട്ടിംഗ് ഏറെയും കണ്ണൂര്‍ ഇരിട്ടിയിലായിരുന്നു. കഥ നടക്കുന്ന സ്ഥലം സിനിമയില്‍ കൃത്യമായി പറയുന്നില്ല. കാരണം, കേരളത്തിന്റെ പൊതുസമൂഹത്തെ പ്രതിനിധീകരിക്കുന്ന സ്ക്രിപ്റ്റാണിത്. കഥാപാത്രങ്ങളില്‍ത്തന്നെ ഈ സിനിമ ഒതുങ്ങിനില്‍ക്കണമെന്ന് ആഗ്രഹിച്ചതിനാല്‍ കഴിയുന്നതും വൈഡ് ഷോട്ടുകളും ഉപയോഗിച്ചിട്ടില്ല.
നമ്മുടെ സമൂഹത്തിന്റെ ഇരട്ടമുഖവും കപടനാട്യവുമാണ് പറയുന്നത്. കാലങ്ങളായി അതു നമ്മളില്‍ത്തന്നെയുള്ളതാണ്. നമുക്കറിയാവുന്ന ഒരുപാടുപേരെ ഇതിൽ കഥാപാത്രങ്ങളായി കാണാം. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഒരു പാട്ടും ഒരുക്കിയതു വിനു തോമസ്. ബാക്കി നാലു പാട്ടുകള്‍ ചെയ്തത് രാഹുല്‍ ആര് . ഗോവിന്ദ.
പരീക്ഷണ സിനിമയല്ല
സാധാരണയായി നായകന്റെ ഒരാവശ്യത്തെയാണ് സിനിമയും പ്രേക്ഷകരും പിന്തുടരുന്നത്. ഈ സിനിമ, കഥയാണ് പിന്തുടരുന്നത്. ഈ കഥയ്ക്ക് എല്ലാ കഥാപാത്രങ്ങളെയും ആവശ്യമുണ്ട്. എല്ലാ കഥാപാത്രങ്ങളുടെയും സിനിമയാണിത്. കഥപറയുന്ന രീതിയിലും വ്യത്യാസമുണ്ട്. എന്നാല്‍ , പരീക്ഷണചിത്രമെന്നു പറയാനാവില്ല. കാരണം, ഇതില്‍ ഞാന്‍ പുതുതായൊന്നും പരീക്ഷിക്കുന്നില്ല. ത്രില്ലർ, ഫാന്റസി, ഡ്രാമ, കോമഡി... ജോണർ ഏതുമാകട്ടെ എന്നെ ആവേശം കൊള്ളിക്കുന്ന ഏതു വിഷയവും ഞാൻ ചെയ്യും.
വിവാദങ്ങൾക്കില്ല
ഞാനും മിഥുന് ആർ. ചന്ദും നിര്‍മിച്ച വിവാഹ ആവാഹനത്തില്‍ അജു വര്‍ഗീസ്, രാജീവ് പിള്ള, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂർ, സുധി കോപ്പ, സാബുമോന്, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളുമുണ്ട്. വിദ്വേഷങ്ങള്‍ക്കതിരെയാണ് ഈ സിനിമ സംസാരിക്കുന്നത്.
പക്ഷേ, സിനിമയില്‍ ഒരു കഥാപാത്രവും അത്തരം പ്രസംഗമൊന്നും നടത്തുന്നില്ല. വിവാദമുണ്ടാക്കാന്‍ ഇതില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, ഇത് എന്നെയാണല്ലോ പറയുന്നതെന്നു പത്തു പേര്‍ക്കു തോന്നി പ്രതികരിക്കാന്‍ തുടങ്ങിയാല്‍ മതിയല്ലോ വിവാദമാകാന്‍ - സാജന് പറയുന്നു.
ടി.ജി.ബൈജുനാഥ്