ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ്ഥാനം. ഓറഞ്ചും ചുവപ്പും കലർന്ന നിറങ്ങളിലുള്ള കാതലാണ് ഈ മരത്തിന്റെ കാഴ്ചവിസ്മയം.
ഏറെ രാജ്യങ്ങൾക്കുമുണ്ട് ദേശീയ വൃക്ഷവും ദേശീയ പുഷ്പവുമൊക്കെ. കാനഡയുടെ ദേശീയ ചിഹ്നം മേപ്പിൾ ഇലയാണ്. ഇത്തരത്തിൽ ഒരു വൃക്ഷത്തിന്റെ പേര് രാജ്യത്തിന്റെ നാമമായി വന്ന പാരന്പര്യമാണ് തെക്കേ അമേരിക്കയിലെ ബ്രസീലിനുള്ളത്.
സാംബാ താളവും ഫുട്ബോൾ വിസ്മയവും സംഗമിക്കുന്ന ബ്രസീലിന് ആ പേര് ലഭിച്ചത് അറ്റ്ലാന്റിക് വനങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ബ്രസീൽവുഡ് എന്ന മരത്തിൽ നിന്നാണ്. പ്രോബ്രസീലിയ എക്കിനാറ്റ എന്ന് ശാസ്ത്രീയനാമമുള്ള ഈ മരം ബ്രസീലിന്റെ ദേശീയവൃക്ഷവുമാണ്.
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ്ഥാനം. ഓറഞ്ചും ചുവപ്പും കലർന്ന നിറങ്ങളിലുള്ള കാതലാണ് ഈ മരത്തിന്റെ കാഴ്ചവിസ്മയം. ഇതിന്റെ മൂപ്പെത്തിയ തടി സംഗീതോപകരണങ്ങളും ബ്രസിലിൻ ചായവും നിർമിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു.
ബ്രസീലിൽ നൂറ്റാണ്ടുകൾക്ക് മുൻപ് കൊളോണിയൽ ആധിപത്യം ഉറപ്പിച്ച പോർച്ചുഗീസുകാരാണ് ഈ മരത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് ബ്രസീൽ എന്ന പേരു നൽകിയത്.
വ്യവസായ വിപ്ലവകാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽ വെൽവെറ്റ് തരത്തിലുള്ള തുണിത്തരങ്ങൾ നിർമിക്കാനായി ഈ ചായത്തിനു വലിയ ഡിമാൻഡ് വന്നതോടെ വിലപിടിപ്പുള്ള ഒരു വസ്തുവായി ബ്രസീൽവുഡ് മാറി. സാന്പത്തിക നേട്ടത്തിന് പോർച്ചുഗീസുകാർ വ്യാപകമായി ബ്രസീൽവുഡ് മരങ്ങൾ ബ്രസീലിയൻ കാടുകളിൽ നിന്നു മുറിച്ച് പോർച്ചുഗലിലേക്കു കപ്പലിൽ കയറ്റി അയച്ചു.
വിലയേറിയ ഈ തടികളുമായി പോയ പോർച്ചുഗീസ് കപ്പലുകൾ പതിവായി കടൽക്കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായി. ഇത്തരത്തിൽ രണ്ടു നൂറ്റാണ്ട് തുടരെ വൻതോതിൽ മുറിച്ചുമാറ്റപ്പെട്ട് കടത്തൽ നടത്തിയതു മൂലം ബ്രസീലിൽ ഈ മരങ്ങളുടെ എണ്ണം നന്നേ കുറയുകയും പാരിസ്ഥിതിക പ്രതിസന്ധികൾക്കു കാരണമാവുകയും ചെയ്തു.
നിലവിൽ ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന മരങ്ങളുടെ കൂട്ടത്തിലാണു ബ്രസീൽവുഡിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെ മറികടക്കാൻ വിവിധ രാജ്യങ്ങളിൽ ഈ ഇനം വ്യാപകമായി വച്ചുപിടിപ്പിക്കാൻ പദ്ധതികൾ നടക്കുന്നു.
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ് ബ്രസീൽ. വിസ്തീർണ്ണത്തിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ജനസംഖ്യയിൽ ആറാമത്തെ രാജ്യവുമാണ്. തലസ്ഥാനം ബ്രസീലിയയും ഏറ്റവും ജനസംഖ്യയുള്ള നഗരം സാവോ പോളോയുമാണ്. ഒൗദ്യോഗിക ഭാഷയായി പോർച്ചുഗീസ് സംസാരിക്കുന്ന ഏറ്റവും വലിയ രാജ്യവുമാണ്.
പോർച്ചുഗീസ് സാന്നിധ്യം ബ്രസീലിൽ ഉണ്ടാകുന്നതിനു മുൻപ് പിൻഡോറമ എന്നായിരുന്നു ബ്രസീൽ തദ്ദേശീയവിഭാഗങ്ങൾക്കിടയിൽ അറിയപ്പെട്ടത്. പനകളുടെ നാടെന്നായിരുന്നു അതിന് അർഥം. ബ്രസീലിനെ കണ്ടെത്തിയ യൂറോപ്യൻ എന്ന ഖ്യാതിയുള്ള പോർച്ചുഗീസ് ക്യാപ്റ്റൻ പെഡ്രോ ആൽവാരസ് കബ്രാൽ, ഇൽഹ ഡി വെറാ ക്രൂസ് എന്നാണ് ബ്രസീലിന് ആദ്യം നൽകിയ പേര്.
പിന്നീട് ഇത് ടെറാ ഡി സാന്റ ക്രൂസ് എന്നു മാറ്റി. പതിനാറാം നൂറ്റാണ്ടിലാണ് പോർച്ചുഗീസ് വ്യവസായി ഫെർണോ ഡി ലോറോനയുടെ നേതൃത്വത്തിലുള്ള വ്യാപാര സംഘടന ടെറ ഡോ ബ്രസീൽ എന്നു രാജ്യത്തിനു പേരുമാറ്റിയത്. ബ്രസീൽവുഡ് കച്ചവടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. പിന്നീട് ഇതു ലോപിച്ച് ബ്രസീൽ എന്നായി.
ലിജിമോൾ പി. ജേക്കബ്