സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സിനിമയുടെ വിജയത്തിനായി പ്രതിഭയുള്ള നടിമാരെപ്പോലും അത്തരത്തിലാക്കിയിരുന്നു.
നൃത്തരംഗത്തിൽ നൃത്തമാസ്റ്റർ ‘സെക്സ് അപ്പീൽ’ എന്ന് ഉറക്കെ വിളിച്ചു നൃത്തങ്ങളിലും അശ്ലീലം ചേർക്കുന്നത് പതിവായിരുന്നു. വസ്ത്രധാരണത്തിലും ഭാവചലങ്ങളിലും പരമാവധി സെക്സ് അപ്പീൽ വരുത്തിയിരുന്നവർക്കൊപ്പം അഭിനയിച്ചിട്ടും സ്വന്തം വ്യക്തിത്വത്തിന്റെ മാറ്റ് കളയാതെ നായികയായി നിലനിന്ന നടിയാണ് ജയഭാരതി.
അഭിനയത്തികവ് പ്രകടമാക്കിയ നായികാവേഷങ്ങൾക്കൊപ്പം മദാലസയായ വേഷങ്ങളിലും ജയഭാരതി അഭിനയിച്ചിട്ടുണ്ട്. അംഗലാവണ്യം പ്രദർശിപ്പിക്കുന്ന നൃത്തരംഗങ്ങളും ഗാനരംഗങ്ങളും ഇതിൽപ്പെടും.
ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, രതിനിർവേദം തുടങ്ങിയ സിനിമകളിലെ മാദക റോളുകൾ കൈകാര്യം ചെയ്യുന്പോഴും ജയഭാരതി ജയഭാരതിയായി തന്നെ നിന്നു.
പദ്മരാജന്റെ രതിനിർവേദത്തിലെ രതിചേച്ചിയെ തന്നെ എടുക്കാം. കൊച്ചു കാമുകന്റെ അതിതീവ്രമായ ആരാധനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്ത ഒരു പെണ്ണിന്റെ ധർമസങ്കടങ്ങളാണ് ജയഭാരതി പ്രതിഫലിപ്പിച്ചത്. നെല്ല്, സിന്ദൂരച്ചെപ്പ്, ഞാൻ ഞാൻ മാത്രം, ഇതാ ഇവിടെ വരെ, അസ്തമയം, വാടകയ്ക്കൊരു ഹൃദയം തുടങ്ങി നിരവധി സിനിമകളിലെ താരറാണിയാണ് ജയഭാരതി.
സാരി ഉടുത്ത്, മുണ്ടും ബ്ലൗസും അണിഞ്ഞ ശാലീന സുന്ദരിയായ പെണ്കുട്ടിയും ചെറിയ ഫ്രോക്കിട്ട് തുള്ളിച്ചാടി നടക്കുന്ന തന്റേടിയായ കോളജ് കുമാരിയുമെല്ലാം ഇതിൽ ഉൾപ്പെടും.
1971-ൽ റിലീസായ കെ.എസ്. സേതുമാധവന്റെ കരകാണാക്കടലിലെ മേരി നിരൂപക ശ്രദ്ധ വേണ്ടതുപോലെ ലഭിക്കാത്ത കഥാപാത്രമാണ്. ഏത് പുരുഷൻ പ്രേമപൂർവം കടാക്ഷിച്ചാലും അങ്ങോട്ടേയ്ക്കു ചായുന്ന കൗമാരക്കാരി.
ആദ്യം കറിയ എന്ന മധുവിനോടും, പിന്നീട് വരുന്ന വിൻസന്റിന്റെ ജോയിയോടുമെല്ലാം മേരി കാണിക്കുന്ന പ്രണയചാപല്യങ്ങൾ ജയഭാരതിയുടെ അഭിനയ മികവിന് അടയാളമാണ്. സേതുമാധവന്റെ പ്രതിഭയെ ഏറ്റവും സാക്ഷാത്കരിച്ചു മേരിയിലൂടെ ജയഭാരതി.
പല സിനിമകളിലും രണ്ട് വ്യത്യസ്ത സ്ത്രീ ഭാവങ്ങളിലും ജയഭാരതി വന്നിട്ടുണ്ട്. സേതുബന്ധനം, രണ്ടുലോകം തുടങ്ങിയ സിനിമകളിൽ ആദ്യം പ്രേക്ഷകർ കാണുന്ന ജയഭാരതിയും പിന്നീട് കാണുന്ന ജയഭാരതിയും രണ്ട് ജന്മങ്ങളിലേതുപോലെ വ്യത്യസ്തയായിരുന്നു.
1954 ജൂണിൽ ചെന്നൈ ഈറോഡിൽ ജനിച്ച ലക്ഷ്മി ഭാരതി എന്ന ജയഭാരതി പന്ത്രണ്ടാം വയസിലാണ് പെണ്മക്കൾ എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തെത്തുന്നത്.
എസ്. മഞ്ജുളാദേവി