ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്‍ഫോമന്‍സിനേക്കാള്‍ മോഹന്‍ലാലിന്റെ കിടിലന്‍ പ്രകടനത്തെക്കുറിച്ചായിരുന്നു. രണ്ടു മണിക്കൂര്‍ 48 മിനിറ്റുള്ള ജയിലറില്‍ ഏഴു മിനിറ്റു മാത്രം പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ തിയറ്ററുകളില്‍ ആവേശം തിരതല്ലി.
അതിഥി താരങ്ങള്‍ പലപ്പോഴും അങ്ങനെയാണ്. നായകനെപ്പോലും കടത്തിവെട്ടുന്ന പ്രകടനമായിരിക്കും ഒന്നോ രണ്ടോ സീനില്‍ വന്നുപോകുന്ന അതിഥി താരങ്ങള്‍ കാഴ്ചവയ്ക്കുക. നായകന്റെ പേരിൽ അറിയപ്പെടുന്ന ചിത്രത്തെ നിമിഷനേരം കൊണ്ട് തങ്ങളുടെ പേരിലാക്കി മാറ്റാന്‍ ഗസ്റ്റ് താരങ്ങള്‍ക്കാവുന്നു.
മുന്‍പും മോഹന്‍ലാല്‍ അതിഥി താരമായെത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ കയ്യടി നേടിയാണ് തിരിച്ചുപോകുന്നത്. സമ്മര്‍ ഇന്‍ ബത്ലഹേം കണ്ട് ചിരിച്ചുകൊണ്ടിരുന്ന പ്രേക്ഷകരുടെ കണ്ണു നനയിച്ചുകൊണ്ടാണ് നിരഞ്ജന് എന്ന തടവുപുള്ളിയായി മോഹന്‍ലാല്‍ അഭിനയിച്ചു തകര്‍ത്തത്. നിരഞ്ജനെപ്പോലെതന്നെയുള്ള കഥാപാത്രമാണ് ഒന്നുമുതല്‍ പൂജ്യം വരെയിലെ ലാലിന്റെ കഥാപാത്രവും.
പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ അച്ചു എന്ന കഥാപാത്രം ആരാധകരെ കയ്യിലെടുക്കുന്നതായി. അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിലും മോഹന്‍ലാല്‍ കയ്യടി നേടി. മനു അങ്കിളിലും കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലും മോഹന്ലാലായിതന്നെ വേഷമിട്ടിട്ടുണ്ട് മോഹന്‍ലാല്‍.
ഉന്നതങ്ങളില്‍ എന്ന സിനിമയില്‍ ഒരു സീനില്‍ മാത്രം വന്നുപോകുന്ന കഥാപാത്രവും ശ്രദ്ധിക്കപ്പട്ടതാണ്. പ്രിയദര്‍ശന്റെ തമിഴ് ചിത്രം ഗോപുരവാസലില് ഗാനരംഗത്ത് ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പൂവള്ളി ഇന്ദുചൂഡനായി മോഹന്‍ലാല്‍ നരസിംഹത്തില്‍ നിറഞ്ഞാടുമ്പോഴാണ് അഡ്വ. നന്ദഗോപാല്‍ മാരാര്‍ എത്തുന്നത്. മമ്മൂട്ടിയുടെ മികച്ച ഗസ്റ്റ് റോളുകളില്‍ പ്രധാനപ്പെട്ടത് ഇതുതന്നെ. ലാല്‍ ആരാധകര്‍ക്കൊപ്പം മമ്മൂട്ടിയുടെ ആരാധകര്‍ക്കും കയ്യടിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഷാജി കൈലാസ് ഒരുക്കിവച്ചിരുന്നു. കഥപറയുമ്പോള്‍ എന്ന ശ്രീനിവാസന് ചിത്രത്തിലാകട്ടെ ഒരൊറ്റ രംഗംകൊണ്ട് മമ്മൂട്ടി തിയറ്ററുകളില്‍ കണ്ണീര് വീഴ്ത്തി.
ഒരു അച്ഛന് എങ്ങിനെയായിരിക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു റോഷന് ആന്‍ഡ്രൂസിന്റെ നോട്ട് ബുക്ക് എന്ന ചിത്രത്തിലെ സുരേഷ്ഗോപിയുടെ കഥാപാത്രം. തന്റെ മകള്‍ ഏറ്റവും അപകടകരമായ അവസ്ഥയില്‍ പെട്ടുനില്ക്കുമ്പോള് അവള്‍ക്കൊപ്പം കരുത്തും കരുതലുമായി നില്ക്കുന്ന ബ്രിഗേഡിയര്‍ അലക്സാണ്ടറായി സുരേഷ് ഗോപി കരഘോഷത്തിന്റെ തിരമാലയുയര്ത്തി.
ദി കിംഗ് എന്ന ചിത്രത്തില്‍ ഒരു കൊടുംകുറ്റവാളിയെ ചോദ്യം ചെയ്യാനെത്തുന്ന ഇടിയന് പോലീസായും സുരേഷ് ഗോപി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു.
ആക്ഷന്‍ ഹീറോ ബിജുവില്‍ സുരാജ് വെഞ്ഞാറമൂടും മേഘനാഥനും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് ചെറിയ സീനുകളിലൂടെ മനം കവര്‍ന്നപ്പോള്‍ തമാശയും വില്ലന്‍വേഷവും മാത്രമല്ല ഏതു വേഷവും ഇവര്‍ നന്നായി ചെയ്യുമെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. ദുല്‍ഖറിന്റെ ചാര്‍ളിയില്‍ ഒരൊറ്റ രംഗം കൊണ്ട് കല്പന പ്രേക്ഷകരെ ഞെട്ടിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്തു. വന്ദേമുകുന്ദഹരേ എന്ന് ആലപിച്ചെത്തിയ പെരിങ്ങോടനെ അനശ്വരമാക്കിയ ഒടുവില്‍ ഉണ്ണികൃഷ്ണന് ദേവാസുരമെന്ന മോഹന്‍ലാല്‍ ചിത്രത്തിലെ മനസുലയ്ക്കുന്ന കഥാപാത്രമാണ്.'
നിവിന്‍പോളി വിക്രമാദിത്യനിലെ ഏറ്റവും പ്രധാന ഭാഗത്ത് അസിസ്റ്റന്റ് കളക്ടറായി കയ്യടി നേടിയപ്പോള്‍ ആനന്ദം എന്ന സിനിമയിലും പ്രേക്ഷകരുടെ മനം കവര്‍ന്നു. ട്രാഫിക് എന്ന ചിത്രത്തിലെ അവസാനഭാഗത്തും നിവിന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ദാമോദര്‍ജി എന്ന അധോലോകനായകനായി എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ബോംബെയ്ക്കു തന്നെ തിരിച്ചോടിപ്പോകുന്ന സന്മനസുള്ളവര്ക്ക് സമാധാനം സിനിമയിലെ തിലകനെ മറക്കാനാകുമോ. ഇത്രയും ധൈര്യം ഞാനെന്റെ ചാള്‍സ് ശോഭരാജിനു മാത്രമേ കണ്ടിട്ടുള്ളൂ എന്ന ഡയലോഗ് ഇന്നും ഹിറ്റാണ്.
നാരിയല്‍ കാ പാനി ലാവോ എന്നു ചോദിക്കുന്ന സന്ദേശത്തിലെ ഇന്നസെന്റിന്റെ യശ്വന്ത് സഹായി എന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാരന് എക്കാലവും പൊട്ടിച്ചിരിക്കാനുള്ള വക തരുന്നുണ്ട്. ഇപ്പൊ ശര്യാക്കിത്തരാം എന്നു പറയുന്ന വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗുകള്‍ മലയാളി മറന്നിട്ടില്ല.
ഫോര്‍ ഫ്രണ്ട്സ് എന്ന സിനിമയില്‍ കമല്‍ഹാസനും ആന്മരിയ കലിപ്പിലാണ്, പറവ എന്നീ സിനിമകളില്‍ ദുല്‍ഖര്‍ സല്‍മാനും ചന്ദ്രലേഖയില്‍ അനില്‍ കപൂറും ഇന്ത്യന്‍ റുപ്പിയില്‍ ഫഹദ് ഫാസിലും അസിഫ് അലിയും കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ധനുഷും ഉസ്താദ് ഹോട്ടലില്‍ അസിഫ് അലിയും അതിഥി വേഷത്തിലെത്തി കയ്യടി നേടി. പപ്പയുടെ സ്വന്തം അപ്പൂസില് ശോഭന അതിഥി വേഷമാണെങ്കിലും ചിത്രത്തിലുടനീളം ശോഭനയുടെ കഥാപാത്രത്തിന്റെ ഫീല്‍ കൊണ്ടുവരാന്‍ ഫാസിലിനു സാധിച്ചു.
ഋഷി