ഇങ്ങനെയും ഒരു സിനിമാക്കാലം
Sunday, February 26, 2023 1:57 AM IST
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരകത്ത് ജനിച്ച കമലത്തിന്റെ സിനിമാ ജീവിതത്തിലെ ചില അനുഭവങ്ങളിലൂടെ.....
‘തമിഴ്നാട്ടിലെ ഏർക്കാട് തോട്ടത്തിൽ വച്ചായിരുന്നു ബാലൻ സിനിമയുടെ ഷൂട്ടിംഗ്. ഒരു പാട്ടുരംഗമാണ് ചിത്രീകരിച്ചത്. അഭിനയിക്കുന്നതും പാടുന്നതുമെല്ലാം ഞാൻ തന്നെയാണ്. ഇക്കാലത്തേതുപോലെ റെക്കോർഡിംഗ് സംവിധാനങ്ങളൊന്നും അന്നില്ല.
സരസ എന്ന കഥാപാത്രം മണ്ണുകുട്ട ചുമന്നുകൊണ്ട് പാടുന്ന രംഗം ചിത്രീകരിക്കുന്പോൾ എനിക്കു പതിമൂന്ന് വയസാണ് പ്രായം. കൊടും വെയിലത്ത് ഭാരമേറിയ കുട്ട തലയിലേറ്റി നടക്കുന്പോൾ പാടാൻ സാധിക്കുന്നില്ല. ചുമടിറക്കിവച്ചാൽ നന്നായി പാടാം. എന്നാൽ അക്കാലത്ത് അങ്ങനെ ചെയ്യാൻ കഴിയില്ലല്ലോ. കുട്ടയിൽനിന്നു കുറച്ച് മണ്ണെടുത്തുമാറ്റി ഭാരം കുറഞ്ഞപ്പോൾ നല്ല ഈണത്തിലും താളത്തിലും ഞാൻ പാടി...’
ആദ്യശബ്ദസിനിമ ബാലനി(1938)ലെ അഭിനയത്തെ എം.കെ. കമലം അനുസ്മരിച്ചു. 2008 ൽ, എം.കെ. കമലം അന്തരിക്കുന്നതിനു രണ്ടു വർഷം മുന്പാണ് ഷൂട്ടിംഗ് അനുഭവങ്ങൾ അവർ പങ്കുവച്ചത്.
ബാലനിൽ സരസ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. എന്റെ സഹോദരൻ ബാലനായി അഭിനയിച്ചത് മദനഗോപാലാണ്. ബാലന്റെയും സരസയുടെയും ജീവിതദുരന്തങ്ങളും യാതനകളും ചിത്രീകരിക്കുന്പോൾ അത് അനുഭവിക്കേണ്ട അവസ്ഥയുണ്ടായിരുന്നു.
ഇക്കാലത്തേതുപോലെ അന്ന് കാമറ ട്രിക്കുകളൊന്നുമില്ല. കങ്കാണിമാർ സരസയെ ചാട്ടവാർ കൊണ്ട് അടിക്കുന്ന രംഗമുണ്ട്. ഈ അടികൾ എന്റെ ശരീരത്തിൽ തന്നെയാണ് പലപ്പോഴും കൊണ്ടിരുന്നത്. കൈമുട്ടും കാലുകളും ചാട്ടവാർ അടികൊണ്ട് പൊട്ടിയിട്ടുണ്ട്.
കഠിനവേദനയും അധ്വാനവുമൊക്കെ ചേർന്നതായിരുന്നു അക്കാലത്തെ അഭിനയം. ഓരോ ചലനവും വാക്കും പകർത്താൻ കാമറയും ലൈറ്റും ഒപ്പം സഞ്ചരിക്കണം. സംഭാഷണം പറയണം, അഭിനയിക്കണം, പാടണം. ഡബ്ബിംഗ്, പ്രോംപ്റ്റിംഗ്, റെക്കോർഡിംഗ് എന്നിവയൊന്നും കേട്ടുകേൾവി പോലുമില്ലാത്ത കാലമായിരുന്നു.
സംഭാഷണം കാണാതെ പറയണം. പാട്ടിന്റെ വരികളും ഈണവും താളവും മനസിലുണ്ടാവണം. നീണ്ട സംഭാഷണങ്ങൾ, ഗാനം, അഭിനയം ഇതിൽ ഏതെങ്കിലുമൊന്നു പിഴച്ചാൽ ആദ്യം മുതൽ ചിത്രീകരിക്കണം.
മലയാളസിനിമയുടെ പുതുചരിത്രം കുറിക്കുകയാണെന്ന തിരിച്ചറിവില്ലാതെയാണ് ഞാനും കെ.കെ. അരൂരും മദനഗോപാലും ഉൾപ്പെടെയുള്ളവർ അഭിനയിച്ചത്.
സംവിധായകൻ ഷെവാക്രാം നൊട്ടാണിയും ഛായാഗ്രാഹകൻ ബോഡേഗുഷ്പിക്കറും ഏറെ അധ്വാനിച്ചാണ് ബാലൻ വെള്ളിത്തിരയിലെത്തിച്ചത്. നാലു ഗാനങ്ങളാണ് കമലം പാടി അഭിനയിച്ചത്. സംഗീത സംവിധായകൻ ഇല്ലാതിരുന്ന അക്കാലത്ത് തമിഴ്-ഹിന്ദി പാട്ടുകളുടെ ഈണത്തിൽ മലയാളഗാനങ്ങൾ സൃഷ്ടിക്കുകയായിരുന്നു. നായകൻ കെ.കെ. അരൂരാണ് ഈണം പറഞ്ഞു കൊടുത്തത്. 350 രൂപയായിരുന്നു പ്രതിഫലം.
നാടകനടനായിരുന്ന എം.സി. കൊച്ചുപിള്ളപ്പണിക്കരുടെ മകൾ കമലം പത്താം വയസിൽ നാടകാഭിനയം തുടങ്ങിയിരുന്നു. ബാലനിലേക്ക് കുമരകംകാരി കമലം എത്തിയതും രസകരമാണ്. തിരുവനന്തപുരം സ്വദേശി എ. സുന്ദരംപിള്ളയുടെ സിനിമാ മോഹമാണ് ബാലൻ സിനിമയുടെ അടിസ്ഥാനശില. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞപ്പോൾ സംവിധായകൻ കൂടിയായ സുന്ദരംപിള്ള നായിക കൊച്ചമ്മുവിനൊപ്പം ഒളിച്ചോടി.
ഈ സാഹചര്യത്തിലാണ് ബാലനിൽ വിരുതൻ ശങ്കുവായി വേഷമിട്ട ആലപ്പി വിൻസെന്റ് തന്റെ ജ്യേഷ്ഠൻ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ നാടക ക്യാന്പിൽ എത്തുന്നതും അവിചാരിതമായി കമലത്തെ തെരഞ്ഞെടുക്കുന്നതും.
അച്ഛൻ കൊച്ചുപിള്ളപ്പണിക്കരാണ് കമലത്തെ സേലത്തേക്ക് കൊണ്ടുപോയത്. ബാലനിൽ വേലക്കാരൻ രാമൻകുട്ടിനായരുടെ റോൾ അഭിനയിച്ചതും പണിക്കരാണ്. കമലം സിനിമയിൽ അഭിനയിക്കുന്നതിനെ അമ്മ കാർത്ത്യായനി എതിർത്തെങ്കിലും ഏവരുടെയും നിർബന്ധത്തിനു വഴങ്ങി സമ്മതിക്കുകയായിരുന്നു. സരസയുടെ റോളിലേക്ക് രണ്ടുപേർ കൂടി എത്തിയിരുന്നുവെങ്കിലും പാടാനുള്ള കഴിവ് കമലയ്ക്കുണ്ടായത് കൊണ്ടാണ് തെരഞ്ഞെടുക്കപ്പെട്ടത്.
റിലീസായി രണ്ടുവർഷം കഴിഞ്ഞ് കോട്ടയത്തുവച്ചാണ് കമലം ഈ സിനിമ കണ്ടത്. നാടകാഭിനയവുമായി പല സ്ഥലങ്ങളിലായിരുന്നതിനാൽ പടം കാണാനായില്ല. ബാലനു ശേഷം, തിക്കുറിശിയും എസ്.പി. പിള്ളയും ആദ്യമായി അഭിനയിച്ച ഭൂതരായരിൽ വേഷമിട്ടെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് വെള്ളിനക്ഷത്രം, നിർമല എന്നീ ചിത്രങ്ങളിലഭിനയിക്കാൻ ക്ഷണം ലഭിച്ചുവെങ്കിലും നാടകസമിതിക്കാർ അനുവദിച്ചില്ല.
ദിലീപ്കുമാർ അഭിനയിച്ച ഏതാനും ഹിന്ദി സിനിമകളിലേക്കുള്ള അവസരവും നാടക സമിതിയുമായുള്ള കരാർ കാരണം നടന്നില്ല. അതേകുറിച്ച് എം.കെ. കമലം പറഞ്ഞതിങ്ങനെ: ’ പ്രധാന നടിയായിരുന്ന ഞാൻ പോയാൽ നാടകംതന്നെ നിന്നുപോകും. ഇന്നത്തെപോലെ നടിമാരെ ലഭിക്കുക അക്കാലത്ത് എളുപ്പമല്ല. അക്കാലത്തൊക്കെ വർഷത്തിൽ ഒരു സിനിമയാകും പുറത്തിറങ്ങുന്നത്. അതിനാൽ നാടകം തന്നെയായിരുന്നു ജീവിതമാർഗം.
രണ്ടായിരാമാണ്ടിൽ എം.പി. സുകുമാരൻനായരുടെ ശയനത്തിൽ കമലം അഭിനയിച്ചിട്ടുണ്ട്. ആറു പതിറ്റാണ്ടുകൾക്കു ശേഷമുള്ള മടങ്ങിവരവായിരുന്നു അത്.
എസ്. മഞ്ജുളാദേവി