ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
Sunday, April 9, 2023 2:56 AM IST
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക. അതിനിടെ പാട്ടുകൾ പാടുക. 63-ാം വയസിൽ സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിഖ്യാതരായ വിധികർത്താക്കളാൽ റോക്ക്സ്റ്റാർ എന്ന വിളിപ്പേരു നേടുക!... അസാമാന്യ പ്രതിഭയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച തമിഴ് പാട്ടുകാരി രമണി അമ്മാൾ...
1954ൽ ചെന്നൈ വെസ്റ്റ് മാന്പലത്ത് ജനിച്ച ഒരു പെണ്കുട്ടി. പേര് രമണി അമ്മാൾ. അവൾ പത്താംക്ലാസ് വരെ മിടുക്കിയായി പഠിച്ചു. ഇംഗ്ലീഷൊക്കെ അന്നേ സംസാരിക്കുമായിരുന്നു. തുടർന്നു പഠിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ അതിനനുവദിച്ചില്ല. കുടുംബം പോറ്റാൻ വീട്ടുവേലയ്ക്കു പോകേണ്ടിവന്നു. അതും അവൾ സന്തോഷത്തോടെ ചെയ്തു.
അങ്ങനെയിരിക്കെ അവളുടെ കല്യാണം കഴിഞ്ഞു. കഷ്ടപ്പാടുകൾക്കു കുറവുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു കൂടിയതേയുള്ളൂ. ഭർത്താവ് മദ്യത്തിന് അടിമയായതോടെ വീടിന്റെ മുഴുവൻ സാന്പത്തിക ബാധ്യതയും രമണി അമ്മാളിന്റെ തലയിലായി.
പകലന്തിയോളം പലയിടത്തും വീട്ടുവേലചെയ്ത് കിലോമീറ്ററുകൾ നടന്ന് മടങ്ങിയെത്തുന്ന രമണി അമ്മാളിനെ കാത്ത് ഭർത്താവ് കാത്തിരിപ്പുണ്ടാകും- കിട്ടുന്ന പണം വാങ്ങി കുടിക്കാൻ! ഇത്ര നിരുത്തരവാദപരമായി പെരുമാറിയിട്ടും അവർക്ക് ഭർത്താവിനോടുള്ള സ്നേഹത്തിൽ ഒരു കുറവും ഉണ്ടായിരുന്നില്ല. അവർ പാട്ടുംപാടി ജോലിചെയ്തുകൊണ്ടിരുന്നു. ഏഴു മക്കളടങ്ങുന്ന കുടുംബത്തെ നന്നായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു.
എംജിആറും കണ്ണദാസനും
രമണി അമ്മാൾ മതിപ്പോടെ കണ്ടിരുന്ന ഒരേയൊരു നായകൻ എംജിആർ ആയിരുന്നു. ഇന്നത്തെ നായകന്മാരേക്കാൾ ആരാധന. പണിയെടുക്കുന്പോൾ എംജിആർ സിനിമകളിലെ പാട്ടുകൾ പാടിക്കൊണ്ടിരിക്കും., നാടൻ പാട്ടുകളും. കവി കണ്ണദാസൻ എഴുതിയ പാട്ടുകൾ എല്ലാം കാണാപ്പാഠം. തെളിമയോടെ, സഹർഷം അവർ പാട്ടുകൾ പാടി. ഇടയ്ക്ക് ചില സിനിമകളിൽ പാടാനും അവസരം കിട്ടി.
വിവാഹ കച്ചേരികളിലും പാടി. കാതൽ, കാത്തവരായൻ, തെനാവട്ട്, ഹരിദാസ് എന്നീ സിനിമകളിലാണ് രമണി അമ്മാളിന്റെ പാട്ടുകളുള്ളത്. എന്നാൽ വീട്ടുവേലയ്ക്കു പോകുന്നത് മുടക്കാൻ മാത്രമുള്ള അവസരങ്ങളോ വരുമാനമോ അവർക്കു ലഭിച്ചില്ല. സദാ ആക്ടീവ് ആയിരിക്കാൻ ആഗ്രഹിച്ച രമണി അമ്മാൾ വീട്ടു ജോലിയും പാട്ടുകളും തുടർന്നു.
അതുകേട്ടാണ് വീട്ടുടമസ്ഥരിൽ ഒരാൾ സീ തമിഴിന്റെ സരിഗമപ സീനിയർ എന്ന സംഗീത ഷോയിൽ പങ്കെടുക്കാൻ രമണി അമ്മാളിനെ നിർബന്ധിക്കുന്നത്. 2017ലായിരുന്നു അത്. അന്നവർക്ക് 63 വയസുണ്ട്. വിഖ്യാതരായ ഗായികമാരും മറ്റു വിധികർത്താക്കളുമുള്ള വേദിയിൽ രമണി അമ്മാൾ പാടിയ പാട്ടുകേട്ട് എല്ലാവരും ഹരംകൊണ്ടു.
അങ്ങനെ അവർ റോക്ക്സ്റ്റാർ രമണി അമ്മാൾ ആയി. അവരുടെ കഴിവ് ലോകമെന്പാടുമെത്തി. അന്നു ഗായിക വാണി ജയറാം പറഞ്ഞതിങ്ങനെ- നിങ്ങളുടെ സ്വരത്തിലെ ഉൗർജവും ശക്തിയും കണ്ടാൽ ആരും മുത്തശി എന്നു വിളിക്കില്ല. വരും വർഷങ്ങളിൽ നിങ്ങൾക്ക് ഉറക്കെ പാടാം...
ലക്ഷങ്ങളല്ല വലുത്!
റിയാലിറ്റി ഷോയിലെ ടോപ് ടെൻ ഫൈനലിസ്റ്റുകളിൽ ഇടംപിടിച്ച രമണി അമ്മാൾ ഗ്രാൻഡ് ഫിനാലേയിൽ ഫസ്റ്റ്-റണ്ണർ അപ് ആയി. നാലു ലക്ഷം രൂപയും, അഞ്ചു ലക്ഷം രൂപ വിലവരുന്ന കൃഷിയിടവുമായിരുന്നു സമ്മാനം. ആവശ്യമായ രേഖകൾ ഒരുക്കുന്നതിൽ പ്രയാസം നേരിട്ടതിനാൽ ഭൂമി ലഭിക്കുന്നതിനു കാലതാമസമുണ്ടായെങ്കിലും അവർക്കതു കിട്ടി.
പണം ഏഴു മക്കൾക്കു തുല്യമായി വീതിച്ചു. എനിക്കു പണമൊന്നും ആവശ്യമില്ല. കുട്ടികൾ സുഖമായിരിക്കട്ടെ. ആരോഗ്യമുള്ളിടത്തോളം ഞാൻ വീട്ടുജോലി ചെയ്യും- ഇതായിരുന്നു രമണി അമ്മാളിന്റെ അന്നത്തെ നിലപാട്.
നാല് എംജിആർ പാട്ടുകൾ പാടിയാൽ എനിക്ക് ആവശ്യത്തിനുള്ള കാശുകിട്ടും. ഒരു മനുഷ്യന് അതു പോരേ. ജോലി ചെയ്യാൻ പറ്റാത്തപക്ഷം ഏഴു കുട്ടികളിൽ ഒന്നോ രണ്ടോ പേരെങ്കിലും എന്നെ പരിപാലിക്കാൻ ഉണ്ടാകും- അവർ പറഞ്ഞുവച്ചു.
പാടിനിർത്തി മടക്കം
റിയാലിറ്റി ഷോയ്ക്കു ശേഷം ജൂംഗ, സണ്ടക്കോഴി 2, കാപ്പാൻ, നെഞ്ചമുണ്ടു നേർമയുണ്ടു ഓടു രാജ, ബൊമ്മൈ നായകി തുടങ്ങിയ സിനിമകളിൽ രമണി അമ്മാൾ പാടി. വിദേശങ്ങളിൽ അടക്കം സ്റ്റേജ് ഷോകളിലും പങ്കെടുത്തു. ഫേസ്ബുക്ക് ലൈവുകളിലൂടെ പുതുതലമുറയ്ക്കും പ്രിയങ്കരിയായി. തന്റെ പ്രിയപ്പെട്ട പഴന്പാട്ടുകളുടെ വരികൾ സാഹചര്യത്തിനു അനുയോജ്യമായ വിധത്തിൽ മാറ്റിപ്പാടുന്നത് അവരുടെ പതിവായിരുന്നു. സ്റ്റേജുകളിൽ കയറുന്പോൾ അല്പം നാണമുണ്ടെങ്കിലും പാടിത്തുടങ്ങിയാൽ സദസിനെ കൈയിലെടുക്കാൻ അവർക്ക് അധികനേരം വേണ്ട. സരസമായി സംസാരിക്കുകയും ചെയ്യും.
ഏതാനും മാസങ്ങളായി അവരെ വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നു. പ്രതീക്ഷിച്ചതുപോലെത്തന്നെ മക്കൾ അമ്മയെ സ്നേഹപൂർവം പരിചരിച്ചു. കഴിഞ്ഞദിവസം അസുഖം കൂടുതലാണെന്നു തോന്നിയ മകൻ അവരെ ആശുപത്രിയിൽ കൊണ്ടുപോയി. പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു, ഡോക്ടർമാർ. വീട്ടിലേക്കു തിരികെ വരികയും ചെയ്തു.
അവർ ഇന്നലെ രാത്രിവരെ ഞങ്ങളോടു സംസാരിക്കുകയായിരുന്നു. ഇന്നു രാവിലെ ഉണർന്നില്ല- മകൻ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഉറക്കത്തിനിടെ സ്വച്ഛശാന്തമായി അവർ മടങ്ങി- അറുപത്തൊന്പതാം വയസിൽ.
ആഘോഷങ്ങളുടെ പേരായിരുന്നു റോക്ക്സ്റ്റാർ രമണി അമ്മാൾ എന്നത്. പ്രതിഭയ്ക്കു പ്രായം പ്രശ്നമല്ലെന്നു വിളിച്ചുപറഞ്ഞ ആ പേര് ഇന്ന് ഒരു പ്രതീക്ഷകൂടിയാണ്.
ഹരിപ്രസാദ്