ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ്ങളിൽ വള്ളങ്ങളിൽ കച്ചവടം പതിവായിരുന്നു. ഒന്നോ രണ്ടോ ഇനം സാധനങ്ങളല്ല, വീടുകൾക്ക് ആവശ്യമുള്ളതെല്ലാം വള്ളങ്ങളിലെത്തിച്ച് വിൽപന നടത്തുന്നവരുണ്ടായിരുന്നു. പലചരക്ക്, കുട്ട, കയർ, പാത്രങ്ങൾ തുടങ്ങി ഒൗഷധങ്ങൾവരെ ലഭ്യമായിരുന്നു ഈ ഒഴുകുന്ന സൂപ്പർ മാർക്കറ്റുകളിൽ.
റോഡുകളും പാലങ്ങളും വരു ന്നതിനു മുൻപ് കുട്ടനാട്ടിലെ ജീവിതം അങ്ങനെയായിരുന്നു. പട്ടണങ്ങളും കവലകളുമൊന്നും കുട്ടനാട്ടിൽ അന്നില്ല. വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങൾ മാത്രം. അക്കാലത്തെ വള്ളക്കച്ചവടം നാടിന്റെ സംസ്കാരത്തിന്റെ പ്രതീകം കൂടിയായിരുന്നു.
“ചേട്ടത്തിയേ വള്ളക്കാരൻ (ചില ദേശത്ത് മുട്ടക്കാരൻ) വന്നിട്ട് പോയോ?’’
പുഴയുടെയും കായലിന്റെയും തീരത്ത് താമസിക്കുന്ന മുതിർന്ന സ്ത്രീകളോട് അയൽക്കാരികൾ ഇങ്ങനെ ചോദിക്കുന്ന ഒരു കാലമുണ്ടായിരുന്നു. വന്നില്ല എന്നൊരു മറുപടി കേൾക്കാനാണ് ചോദ്യകർത്താവിന് ആഗ്രഹം. കാരണം വീട്ടിലേക്കു വേണ്ട അവശ്യ സാധനങ്ങൾ വാങ്ങേണ്ടത് വള്ളക്കാരനിൽ നിന്നാണ്. വള്ളക്കാരൻ വന്നുപോയെങ്കിൽ വീട്ടിൽ ആകെ ബുദ്ധിമുട്ടാകും.
എന്തെങ്കിലും കാരണത്താൽ വള്ളക്കാരൻ എത്തുന്ന സമയം സ്ഥലത്തില്ലാതെ വന്നാൽ കുട്ടികളേയോ അയൽവീട്ടുകാരെയോ ഏർപ്പെടുത്തും എന്തൊക്കെ വാങ്ങിവയ്ക്കണമെന്ന്.
ചക്രം, അണ നാണയങ്ങളിലായിരുന്നു ആദ്യകാലത്ത് വള്ളത്തിലെ കച്ചവടം തുടങ്ങിയതെങ്കിൽ കച്ചവടക്കാരുടെ അവസാനത്തെ തലമുറക്കണ്ണികൾ രൂപയുടെ പുതിയ പതിപ്പുകൾ കൈകാര്യം ചെയ്താണ് കച്ചവടം അവസാനിപ്പിച്ചത്. ഈ വ്യാപാരത്തിൽ പലപ്പോഴും ബാർട്ടർ സന്പ്രദായവും നിലനിന്നിരുന്നു. വീട്ടമ്മമാർ കൈവശമുള്ള മുട്ടയും നെല്ലും തേങ്ങയും കുടംപുളിയും കൊടുത്ത് അതിന്റെ മൂല്യത്തിന് തുല്യമായ സാധനങ്ങൾ വാങ്ങുക പതിവായിരുന്നു.
ഇരുപത്തഞ്ച് വർഷം മുൻപുവരെ ആഴ്ചയിൽ രണ്ട് പ്രാവശ്യം പലചരക്ക്, സ്റ്റേഷനറി വള്ളക്കട കടവുകളിൽ തുഴഞ്ഞെത്തിയിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം, കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പുഞ്ചപ്പാടങ്ങൾ. പുരയിടവും ചിറയുമായി ചുരുക്കം ചില തുരുത്തുകൾ മാത്രം.ചിലയിടങ്ങളിൽ അങ്ങിങ്ങ് ചെറിയ ചായക്കടകളും മാടപ്പീടികകളും.
കുട്ടനാട്ടുകാർക്ക് ചങ്ങനാശേരിയും ആലപ്പുഴയും കോട്ടയവുമായിരുന്നു പട്ടണങ്ങൾ. സ്വർണം, വസ്ത്രം പോലുള്ളവ വാങ്ങാൻ പട്ടണങ്ങളെ ആശ്രയിക്കാതെ തരമില്ല. മറ്റ് സാധനങ്ങളൊക്കെ വാങ്ങാൻ ആശ്രയം വള്ളക്കച്ചവടക്കാരൻ മാത്രം. ഒരു പാടത്തിന്റെ ബണ്ടിൽനിന്ന് അടുത്ത വരന്പിലെത്താൻ വള്ളത്തെ മാത്രം ആശ്രയിക്കേണ്ടിയിരുന്ന കാലം. മഴക്കാലത്ത് വീടിനുള്ളിലേക്ക് കടക്കാനും വേണം വള്ളം. ഒരു പലചരക്ക് കട ആരെങ്കിലും തുടങ്ങിയാൽപോലും വാങ്ങാൻ ആളുകൾ എത്തുമായിരുന്നില്ല. വീടിനുമുന്നിൽ ന്യായവിലയ്ക്ക് വള്ളങ്ങളിൽ കിട്ടുന്ന സാധനങ്ങളോടായിരുന്നു വീട്ടമ്മമാർക്ക് പ്രിയം.
നല്ല പിടിപ്പുള്ള ഒരു വളവരവള്ളം. വള്ളത്തിന്റെ മുക്കാൽ ഭാഗം വരെ വളവരകെട്ടി ഉറപ്പാക്കിയിരിക്കും. വശങ്ങളും മധ്യവും തുറന്നുവയ്ക്കും. മഴ പെയ്താൽ അടച്ച് സൂക്ഷിക്കാവുന്ന രീതിയിൽ രൂപകല്പന ചെയ്തിരുന്ന വള്ളത്തിൽ പലപ്പോഴും ഓരോ ഉൗന്നൽക്കാരുമായിട്ടാണ് കച്ചവടക്കാർ എത്തുക. തൂക്കി നല്കാനുള്ള ത്രാസും, കോഴിമുട്ടയും, താറാവുമുട്ടയും പ്രത്യേകം സൂക്ഷിക്കാനുള്ള ഇടവും വള്ളത്തിലുണ്ടാവും. ഓരോ കടവിലും നിശ്ചിത സമയത്ത് വള്ളക്കാരൻ എത്തും. അത്ര കൃത്യതയോടെ ദേശക്കാരുടെ നിത്യജീവിതത്തിന്റെതന്നെ ഭാഗമായിരുന്നു ഈ കച്ചവടക്കാർ. കുട്ടനാട്ടിൽ സുലഭമായ മുട്ട വീട്ടമ്മമാർ വില്ക്കുന്നത് വള്ളത്തിൽ വരുന്ന കച്ചവടക്കാർക്കാണ്. അതിനാലാണ് ഇവരെ മുട്ടക്കാരൻ എന്നും വിളിച്ചിരുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ആ പേര് ചേർത്ത് അറിയപ്പെടുന്ന പഴയ കച്ചവടക്കാരും അവരുടെ പിൻമുറക്കാരും പലയിടങ്ങളിൽ ജീവിച്ചിരിക്കുന്നു.
ചക്കര, ശർക്കര, കാപ്പിക്കുരു, തേയില, സോപ്പ് , ചീപ്പ്, കണ്ണാടി, കണ്മഷി തുടങ്ങി എല്ലാ സാധനങ്ങളും വളവരവള്ളങ്ങളിൽ ഉണ്ടാവും. മണ്കലവും ചട്ടിയും പ്ലാസ്റ്റിക് പാത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ അതിൽ ഇടംപിടിച്ചിരുന്നു. മേയ്, ജൂണ് മാസങ്ങളിൽ കുട്ടികൾക്ക് സ്ലേറ്റും പെൻസിലും നോട്ടുബുക്കുകളും കുടയും ഉണ്ടാവും. വറുതിയുടെ കാലത്ത് പട്ടിണി കൂടാതെ കഴിയുന്നതിന് വള്ളക്കാരൻ കടമായി നല്കുന്ന സാധനങ്ങൾ ഉപകാരപ്പെട്ടിരുന്നു. രൊക്കമായാലും കടമയാലും നാട്ടുകാരുടെ ജീവിതത്തെ ചലിപ്പിക്കാൻ മുടക്കം വരുത്താതെയുള്ള വരവായിരുന്നു വള്ളക്കാരുടേത്.
ആന്റണി ആറിൽചിറ ചന്പക്കുളം