പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
Sunday, June 4, 2023 1:13 AM IST
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവായിരം മരങ്ങൾ പൂവും കായും അണിഞ്ഞു നിൽക്കുന്പോൾ ഇതെല്ലാം തന്റെ അധ്വാനഫലമാണെന്ന് അദ്ദേഹം വിളിച്ചുപറയാറില്ല, ആരുടെയും ആദരം ചോദിച്ചുവാങ്ങുന്നുമില്ല.
നെടുങ്കണ്ടം എംഇഎസ് കോളജിലെ റിട്ടയേഡ് പ്രൊഫസർ ഡോ.സി.പി.റോയിയുടെ ജീവിതം മരങ്ങൾക്കൊപ്പമാണ്. വൈകുന്നേരം കൈക്കോട്ടും വാക്കത്തിയും ഒരു കെട്ടു തൈകളുമായി നഗരത്തിലെത്തും. വഴിയോരങ്ങളിൽ കുഴിയെടുത്ത് തൈകൾ നടും. മാവ്, പ്ലാവ്, പുളി, കണിക്കൊന്ന, ഉങ്ങ് തുടങ്ങിയ തൈകൾ നട്ടുമുന്നേറുകയാണ് ഈ അധ്യാപകൻ.
രാത്രി എട്ടുവരെ വരെ നീളും തൈനടീൽ. മഴക്കാലത്ത് നടാൻ കാണിക്കുന്ന അതേ ആവേശം വേനലിൽ നന കൊടുക്കുന്നതിലും പുലർത്തുന്നു.തൈകൾ നട്ട് സംരക്ഷണത്തിനൊരു വേലിയും കെട്ടും. പത്തു തൈകൾ വച്ചാൽ നാലോ അഞ്ചോ എണ്ണമേ ചുവടു പിടിക്കൂ. നാൽക്കാലികൾ തിന്നും വഴിപ്പോക്കർ ചവിട്ടിയും വണ്ടി കയറിയും ഏറെയും നഷ്ടപ്പെടും. പത്തെണ്ണം നട്ടാൽ ഒരു തൈ പിടിച്ചുകിട്ടിയാൽ മതി സന്തോഷത്തിന് വക നൽകാൻ. ഇത്തരത്തിൻ ഇദ്ദേഹം ഒരേയിടത്ത് നാലും അഞ്ചും തവണ നട്ടുനനച്ചതിന്റെ ഫലമാണ് അക്ഷരനഗരിയിലെ ഹരിതപ്പുതപ്പ്.
കോട്ടയം നഗരത്തിലും പ്രാന്തങ്ങളിലുമായി പത്തു കിലോമീറ്റർ ചുറ്റുവട്ടത്തിലെ മരങ്ങളേറെയും ഡോ.റോയിയുടെ സമ്മാനമാണ്. 2010ൽ കോട്ടയത്ത് എത്തിയ റോയി അക്ഷരനഗരിയുടെ പരിസ്ഥിതി പോഷണം നിയോഗമെന്നോണം ഏറ്റെടുക്കുകയായിരുന്നു.
തിരുനക്കര മൈതാനം, പടിഞ്ഞാറൻ ബൈപാസ്, ടിബി റോഡ്, ടിബി, പഴയ മാർക്കറ്റ്, പുതിയ പച്ചക്കറി മാർക്കറ്റ്, കോടിമത നാലുവരിപാത, പോലീസ് പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ മരങ്ങളെല്ലാം ഇദ്ദേഹം നട്ടു വളർത്തിയവയാണ്. ഈ മരങ്ങൾ തണലും പൂവും ഫലവും കിളിക്കൂടുമൊക്കെയായി മാറുന്പോൾ റോയിസാറിന് ആത്മനിർവൃതിയുടെ നിമിഷങ്ങളാണ് .
കോടിമത ഞാവൽവഴിയും മണിപ്പുഴ ബൈപാസ് മാംഗോ റോഡും തിരുനക്കര മൈതാനത്തെ ഉങ്ങുവേലിയും ഗിരിദീപം കോളജിലെ പൊക്കുടൻ ലെയ്നും ഇദ്ദേഹത്തിന്റെ പ്രകൃതിസ്നേഹത്തിന്റെ അടയാളങ്ങളാണ്. കോവിഡ് മഹാമാരിയിൽ ഓക്സിജൻ കിട്ടാതെ മനുഷ്യൻ പിടഞ്ഞുമരിച്ച കാലത്താണ് പ്രാണവായു തരുന്ന മുളകൾ വയ്ക്കാൻ തീരുമാനിച്ചത്. ഇതിനായി ഈരയിൽകടവ് ബൈപാസിൽ ബാംബു സ്ട്രീറ്റ് വളർത്തിയിട്ടുണ്ട്.
ഓരോ മരവും പ്രകൃതിയുടെ കുടയാണ്. ഇതിനായി വിത്തുകൾ തനിയെ പാകി കിളിർപ്പിക്കുകയാണ് പതിവ്. ആവശ്യക്കാർക്കൊക്കെ വിത്തുകൾ നൽകും. നടാനുള്ള തൈകൾ സർക്കാരിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ വാങ്ങാറില്ല. പഴയ മാർക്കറ്റിലും മണിപ്പുഴയിലുമെല്ലാം റോയിസാർ നട്ട മാവിൻ തൈകൾ പന്തലിച്ച് നിറയെ കായ്കളാണ്. വഴിയാത്രക്കാരും ഓട്ടോറിക്ഷക്കാരും ഇതര സംസ്ഥാനക്കാരും കണ്ണിമാങ്ങയും ഉണ്ണിമാങ്ങയും മാന്പഴവും പറിച്ചെടുക്കുന്നു. ഞാവൽച്ചുവട്ടിൽ കടലാസ് നിരത്തി അതിൽ ഞാവൽപ്പഴം ശേഖരിക്കുന്നവരെയും കാണാം.
ബൈപാസ് റോഡിലെ മരത്തണലിൽ നിരവധി പെട്ടിക്കടകളും ലോട്ടറി തട്ടുകളുമുണ്ട്. തിരുനക്കര മൈതാനത്ത് ഉങ്ങുമരചുവട്ടിലാണ് നഗരത്തിലെ ഹോം ഡെലിവറി ഭക്ഷണ വിതരണക്കാരുടെ വിശ്രമം. കാലികളുടെയും നായ്ക്കളുടെയും പകൽ വിശ്രമം ഈ മരങ്ങളുടെ തണൽപറ്റിയാണ്.
ഇപ്പോൾ അധ്യാപനം നടത്തുന്ന ഗിരീദീപം കോളജിനെയും പരിസ്ഥിതി സൗഹൃദ കാന്പസാക്കി മാറ്റിക്കഴിഞ്ഞു. രണ്ടായിരത്തോളം പ്ലാവുകളാണ് കാന്പസിൽ കായിട്ടു നിൽക്കുന്നത്. ഒട്ടേറെയിനം മരങ്ങൾ കാന്പസിലുണ്ട്.
നെടുങ്കണ്ടം, കട്ടപ്പന കേന്ദ്രീകരിച്ചും വിദ്യാർഥികളുമായി ചേർന്ന് നെൽകൃഷി ഉൾപ്പെടെ നടത്തിവരുന്നു. വനമിത്ര അവാർഡും പ്രകൃതി സംരക്ഷണ അവാർഡും ലഭിച്ച സി.പി. റോയി കോട്ടയം കേന്ദ്രമായി ഗ്രീൻ ലീഫ് എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. വരിസംഖ്യയോ മെംബർഷിപ്പോ സംഘടനയ്ക്കില്ല. ഒരു തൈ നട്ട് ആർക്കും അംഗമാകാം.
ഭാര്യ റിട്ടയേർഡ് പ്രഫസർ മേഴ്സിയമ്മ ഫ്രാൻസീസും മക്കൾ ക്ലിന്റും സാന്ദ്രയും പരിസ്ഥിതി പ്രവർത്തനത്തിൽ ഡോ. റോയിക്കു പിന്തുണ നൽകുന്നു.
ഒരു മരം ഒരായിരം വരം തിങ്ങിയ ജീവ സാന്നിധ്യമാണ്. ഇക്കാലത്ത് പ്രകൃതിയും പരിസ്ഥിതിയും മനുഷ്യനു നേരേ തിരിഞ്ഞിരിക്കുന്നു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസമൊരുക്കണം. മരച്ചില്ലകളിൽ ഇനിയും കിളികൾ കൂടു കൂട്ടണം. തേനീച്ചകൾ പൂന്പൊടി ശേഖരിക്കണം. തൈമാവിൻ കൊന്പുകളിൽ കുരുവികൾ ഊയലാടണം. വയലുകൾക്ക് വർണക്കാഴ്ചയേകി കതിരണിയണം. കദളിവാഴയുടെ പൂന്തേൻ നുകരാൻ കുഞ്ഞിക്കുരുവികൾ പറന്നെത്തണം. വഴിയോരങ്ങൾ ഹരിതാഭമാകണം. തൈകൾ നട്ടാൽ മാത്രം പോരാ, അവയെ പരിപാലിക്കുകയും വേണം. ഇതാണ് ഡോ. സി.പി. റോയി എന്ന പച്ച മനുഷ്യന്റെ പരിസ്ഥിതി ദിന സന്ദേശം.
ജിബിൻ കുര്യൻ