ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു പണം കൈപ്പറ്റാനുള്ള രേഖകള്‍ ശരിയാക്കിക്കൊണ്ടിരിക്കുകയാണിവര്. പാന്‍ കാര്‍ഡ് അടക്കമുള്ളവ ഹാജരാക്കണം. അതേസമയം, ഇവരെ തേടി സഹായാഭ്യർഥനകളുടെ പ്രളയമാണ് മറ്റൊരു കൗതുകം. നിരവധി കത്തുകളാണ് ഇവരെ തേടിയെത്തുന്നത്.
അവർക്കു കിട്ടട്ടെ, അർഹിച്ചവർ തന്നെ... ചിലർക്കു ലോട്ടറിയടിച്ചെന്നു കേൾക്കുന്പോൾ നമുക്ക് ഇങ്ങനെ തോന്നാറില്ലേ... സംസ്ഥാന ലോട്ടറിയുടെ 2023ലെ മൺസൂൺ ബംപർ ഹരിതകർമസേനയിലെ പതിനൊന്നു പേർ ചേർന്നെടുത്ത ടിക്കറ്റിനു കിട്ടിയെന്നു കേട്ടപ്പോൾ മലയാളിയുടെ മനസ് മന്ത്രിച്ചതും ഇതു തന്നെയായിരുന്നു.
മാലിന്യം വാരി മുഷിഞ്ഞിരുന്ന പച്ചക്കുപ്പായത്തിലെ ജീവിതങ്ങൾക്ക് ഒറ്റ നിമിഷംകൊണ്ടാണ് "പച്ചക്കുതിര' യുടെ നിറം ലഭിച്ചത്. ഒരു രാത്രി ഉണർന്നെഴുന്നേറ്റപ്പോൾ ലക്ഷാധിപതികളായെന്നു കേട്ടപ്പോൾ അറബിക്കഥപോലെയാണ് പതിനൊന്നു പേർക്കും തോന്നിയത്. മലപ്പുറം ജില്ലയിലെ കടലോര മേഖലയായ പരപ്പനങ്ങാടിയിലെ ഹരിതകര്‍മസേന അംഗങ്ങളായ ഈ കൂട്ടുകാരികള്‍ക്ക് ഇപ്പോഴും ആ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ആയിട്ടില്ല.
ചേർന്നുനിന്നപ്പോൾ
മൺസൂൺ ബംപറിന്റെ പത്തു കോടി രൂപ പങ്കിട്ടെടുക്കാനൊരുങ്ങുന്പോൾ ഒരായിരം സ്വപ്നങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. കൈയിലുള്ള കുഞ്ഞുകുഞ്ഞു തുകകൾ ചേർത്തുവച്ചാണ് ഇവർ ബംപർ വാങ്ങിയത്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകര്‍മസേനാംഗങ്ങളായ മുങ്ങത്തുതറ കൊഴുകുമ്മല്‍ ബിന്ദു (42), ചെട്ടിപ്പടി കാരംകുളങ്ങര മാഞ്ചേരി ഷീജ (48), സദ്ദാം ബീച്ച് കുരിളില്‍ ലീല (50), തുടിശേരി ചന്ദ്രിക (63), പട്ടണത്ത് കാര്‍ത്ത്യായനി (74), പുത്തരിക്കല്‍ മുണ്ടുപാലത്തില്‍ രാധ (49), ചെറുമണ്ണില്‍ ബേബി (65), ചെറുകുറ്റിയില്‍ കുട്ടിമാളു (65), ചിറമംഗലം പുല്ലാഞ്ചേരി ലക്ഷ്മി (43), പരപ്പനങ്ങാടി കുറുപ്പംകണ്ടി പാര്‍വതി(56), കെട്ടുങ്ങല്‍ ശോഭ കൂരിയില്‍ (54) എന്നിവര്‍ പങ്കിട്ടെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം തേടിയെത്തിയത്. ഒമ്പതു പേര് 25 രൂപ വീതവും ഇതും കൈയിലില്ലാതിരുന്ന ബേബിയും കുട്ടിമാളുവും പന്ത്രണ്ടര രൂപ വീതവും പങ്കിട്ടാണ് ലോട്ടറിയെടുത്തത്. പരസ്പര വിശ്വാസത്തിന്റെ ടീം വർക്ക്.
6.3 കോടി വീതിക്കും
ഏജന്‍സി കമ്മീഷനും നികുതിയും കിഴിച്ചു ലഭിക്കുന്ന 6.3 കോടി രൂപ ഇവര്‍ വീതിച്ചെടുക്കും. പരപ്പനങ്ങാടി നഗരസഭാ ഓഫീസിനു പിറകിലുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ മാലിന്യം വേര്തിരിക്കുന്നതിനിടയിലാണ് ഇവരെ തേടി ബംപർ എത്തിയത്. വീടുകളിലെത്തി അജൈവ മാലിന്യം ശേഖരിക്കുകയും വേര്‍തിരിക്കുകയും ചെയ്യുന്ന ഹരിതകര്‍മസേനയില്‍ മൂന്നു വര്‍ഷമായി ജോലി ചെയ്യുന്ന ഇവര്‍ പരപ്പനങ്ങാടി നഗരസഭാപരിധിയിലാണ് താമസം. മാസം 6,000 മുതല്‍ 7,000 രൂപ വരെ മാത്രം വരുമാനമുള്ളവര്‍.
നാലാമത്തെ പരീക്ഷണം
ഇവർ ആദ്യമായല്ല, ബംപറിൽ ഭാഗ്യം പരീക്ഷിക്കുന്നത്. നേരത്തെ മൂന്നു തവണ ബംപർ പരീക്ഷിച്ചെങ്കിലും ആകെ കിട്ടിയ ആയിരം രൂപയ്ക്ക് അപ്പുറം ഭാഗ്യം മടിച്ചുനിന്നു. പാലക്കാട്ടെ ഏജന്‍സിയില്‍നിന്നു ടിക്കറ്റെടുത്തു പരപ്പനങ്ങാടിയില്‍ നടന്നു വില്‍ക്കുന്നയാളില്‍നിന്നാണ് മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റെടുത്തത്. സംഘാംഗമായ പരപ്പനങ്ങാടി ജയകേരള തിയറ്ററിനു സമീപം മുണ്ടുപാലത്തില്‍ രാധയാണ് ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്.
ലക്ഷ്മിയുടെ ഭര്‍ത്താവ് വിജയനാണ് ഫലം പരിശോധിച്ച് ഒന്നാം സമ്മാനമടിച്ച വിവരം അറിയിച്ചത്. പലര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല. നമ്പര്‍ ഒത്തുനോക്കാന്‍ പറഞ്ഞു. വീണ്ടും സമ്മാനമടിച്ച നമ്പർ പരിശോധിച്ചു. എംബി 200261 നമ്പര്‍ ആണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കെറ്റന്നു സ്ഥിരീകരിച്ചതോടെ ആഹ്ലാദം അണപൊട്ടി. ഉടന്‍ പതിനൊന്നുപേര്‍ നഗരസഭയിലെ ജീവനക്കാര്‍ക്കൊപ്പം പരപ്പനങ്ങാടിയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് കൈമാറി.
ടീം വർക്ക് എന്നു മന്ത്രി
ഏതാനും ദിവസം മുമ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്ന ചടങ്ങില്‍ സമ്മാനത്തുക കൈമാറി. ഹരിതകര്‍മ സേനാംഗങ്ങളായ പാര്‍വതി, രാധ, ബിന്ദു, ഷീജ, ലീല, ലക്ഷ്മി വിജയന്, ചന്ദ്രിക, ശോഭ, കാര്‍ത്ത്യായനി, കുട്ടിമാളു, ബേബി എന്നിവര്‍ മന്ത്രിയില്നിന്നു തുക ഏറ്റുവാങ്ങി. ഇതോടൊപ്പം ഓണക്കോടിയും ഇവര്‍ക്കു സമ്മാനിച്ചു. പതിനൊന്നു പേര് ചേര്‍ന്നെടുത്ത ടിക്കറ്റ് എന്ന നിലയില്‍ ഇതു പരസ്പര വിശ്വാസത്തിന്റെയും ടീം വര്‍ക്കിന്റെയും വിജയമാണെന്നു മന്ത്രി പറഞ്ഞു.
ജോലി വിടില്ല
ബംപര്‍ അടിച്ചെങ്കിലും ഈ ജോലി വിട്ടുകളയാൻ ഉദ്ദേശ്യമില്ലെന്ന് പതിനൊന്നു പേരും ഒറ്റക്കെട്ടായി പറയുന്നു. ഇത്രയും കാലം ജീവിതം തന്ന ജോലി തുടരാൻ തന്നെയാണ് തീരുമാനം. ബാങ്കില്‍നിന്നു പണം കൈപ്പറ്റാനുള്ള രേഖകള്‍ ശരിയാക്കിക്കൊണ്ടിരിക്കുകയാണിവര്. പാന്‍ കാര്‍ഡ് അടക്കമുള്ളവ ഹാജരാക്കണം. അതിനുള്ള ശ്രമത്തിലാണ് ഇവര്‍.
രണ്ടാം തവണയാണ് പരപ്പനങ്ങാടിയില്‍ ബംപര്‍ അടിക്കുന്നത്. 2017ല്‍ ഓണം ബംപര്‍ പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി മുസ്തഫയ്ക്കായിരുന്നു. കഴിഞ്ഞ വിഷു ബംപറും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത ചെമ്മാട്ടെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.
എന്താണ് പ്ലാൻ?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. സ്ഥലം വാങ്ങണം, വീടു നന്നാക്കണം, മക്കളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകണം, കടങ്ങള്‍ വീട്ടണം, ഭര്‍ത്താവിന്റെയും മക്കളുടെയും ജീവിത പ്രയാസങ്ങള്‍ പരിഹരിക്കണം ഇങ്ങനെ പോകുന്നു മറുപടികൾ. അതേസമയം, ഇവരെ തേടിയെത്തുന്ന സഹായാഭ്യർഥനകളുടെ പ്രളയമാണ് മറ്റൊരു കൗതുകം. 11 പേരോടും ഇഷ്ടം, 15 ലക്ഷം തരണം, വീട്-ഭൂമി വാങ്ങണം, സഹായിക്കണം, രണ്ടു മക്കള്‍ പഠിക്കുന്നു, അഞ്ചു ലക്ഷം തരണം.. എന്നിങ്ങനെ പോസ്റ്റ് കാര്‍ഡില്‍ എഴുതിയിട്ട നിരവധി കത്തുകളാണ് ഇവരെ തേടിയെത്തുന്നത്. എന്നാല്‍, പലതിനും കൃത്യമായ മേല്‍വിലാസമൊന്നുമില്ല.
സദ്യ നൽകി ആഘോഷം
പരപ്പനങ്ങാടി നഗരസഭ ഇത്തവണ ഓണം ആഘോഷിച്ചപ്പോള്‍ മണ്‍സൂണ്‍ ബംപര്‍ അടിച്ചവരുടെ വകയായിരുന്നു സദ്യ. തികച്ചും ആഹ്ലാദകരമായ നിമിഷമായിരുന്നു അതെന്നു ഇവര്‍ പറയുന്നു. ഏതാനും നാള് മുമ്പ് പരപ്പനങ്ങാടിയിലെ ഹരിതസേനാംഗങ്ങള് നാലമ്പല ദര്‍ശനം നടത്തിയിരുന്നു. ഇതിലുള്‍പ്പെട്ട 23 പേര് ചേര്‍ന്നു ഓണം ബംപര്‍ ടിക്കറ്റെത്തിട്ടുണ്ട്. വീണ്ടുമൊരു ഭാഗ്യപരീക്ഷണം. എന്നാല്‍, അങ്ങനെ കാണരുതെന്നും അര്‍ഹതപ്പെട്ടവര്‍ക്കു കിട്ടട്ടെയെന്നാണ് കരുതുന്നതെന്നും ഹരിതകര്‍മ സേനാംഗമായ ലക്ഷ്മി പറയുന്നു.
പ്രാരാബ്ധങ്ങളോടു പടവെട്ടിയവർ
പച്ചക്കുപ്പായത്തിനുള്ളിൽ ചിരിക്കുന്ന മുഖവുമായി ഇവരെ കാണാറുണ്ടെങ്കിലും വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്തിട്ടും ദുരിതങ്ങള്‍ മാത്രം ബാക്കിയിരിപ്പായുള്ളവരാണു വിജയികളെല്ലാം. ആറു പേർ വിധവകളാണ്.
പരപ്പനങ്ങാടി സദ്ദാം ബീച്ചില്‍ താമസിക്കുന്ന പട്ടണത്ത് കാര്‍ത്ത്യായനിയുടെ ഭര്‍ത്താവ് മരിച്ചു. രണ്ടു പെണ്മക്കള് വിവാഹിതരാണ്. ഒറ്റയ്ക്കാണ് താമസം. മക്കള്‍: ജയശ്രീ, സുജാത.
പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചില്‍ താമസിക്കുന്ന കൂരിയില്‍ ശോഭയുടെ ഭര്‍ത്താവ് രവി ഹൃദയാഘാതത്തെത്തുടര്‍ന്നു മൂന്നു വര്‍ഷം മുമ്പു മരിച്ചു, മകള്‍ രവീണ എട്ടു മാസം മുമ്പും. മകന് വിപിനോടൊപ്പമാണ് കഴിയുന്നത്.
ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ച മുണ്ടുപാലത്തില്‍ രാധ പരപ്പനങ്ങാടി ജയകേരള തിയറ്ററിനു സമീപം താമസിക്കുന്നു. പരേതരായ രാമന്റെയും കിളിയണിയുടെ മകള്‍. അവിവാഹിതയാണ്. ഏഴു സഹോദരങ്ങളുണ്ട്.
പരപ്പനങ്ങാടി സദ്ദാം ബീച്ചില്‍ താമസിക്കുന്ന കൂരുളില് ലീലയുടെ ഭര്‍ത്താവ് ഭരതന് കൂലിപ്പണി ചെയ്യുന്നു. നാലു മക്കളില്‍ മൂന്നു പേരെയും വിവാഹം കഴിപ്പിച്ചു.
പരപ്പനങ്ങാടി ഹെല്‍ത്ത് സെന്ററിനു സമീപമാണ് മാഞ്ചേരി ഷീജ താമസിക്കുന്നത്. ഭര്‍ത്താവ് ജയരാജന്. മക്കള്‍: അജയ്, അക്ഷയ്, അപര്‍ണ.
പരപ്പനങ്ങാടി പുത്തരിക്കല്‍ വിവാനഗറില് താമസിക്കുന്ന ചെറുകുറ്റിയില്‍ കുട്ടിമാളുവിന്റെ ഭര്‍ത്താവ് മരിച്ചു. മക്കള്‍: ഗീത, ഗിരീശന്, അനിത.
ചെറുമണ്ണില്‍ ബേബി പരപ്പനങ്ങാടി സ്റ്റേഡിയം റോഡില്‍ മകന് ശശിയോടൊപ്പമാണ് താമസിക്കുന്നത്. ഭര്‍ത്താവ് മരിച്ചു.
പരപ്പനങ്ങാടി പുത്തരിക്കല്‍ മുങ്ങാത്തുംതറയില് കൊഴുകുമ്മല്‍ ബിന്ദുവിന്റെ ഭര്‍ത്താവ് മരിച്ചു. പത്താംക്ലാസില്‍ പഠിക്കുന്ന ഏക മകള്‍ ഐശ്വര്യയോടൊപ്പം താമസിക്കുന്നു.
പരപ്പനങ്ങാടി സദ്ദാം ബീച്ചില്‍ താമസിക്കുന്ന തുടിശേരി ചന്ദ്രികയുടെ ഭര്‍ത്താവ് മരിച്ചു. മകള്‍ വിജിയെ വിവാഹം കഴിച്ചയച്ചു. മക്കളായ വിജേഷ്, ഷിജേഷ് എന്നിവര്‍ക്കൊപ്പം കഴിയുന്നു.
പരപ്പനങ്ങാടി എന്‍സിസി റോഡിലാണ് കുറുപ്പന്‍കണ്ടി പാര്‍വതി താമസിക്കുന്നത്. ഭര്‍ത്താവ് ചോയി. മക്കള്‍: പ്രജേഷ്, പ്രമോദ്.
പരപ്പനങ്ങാടി ചിറമംഗലത്ത് പുല്ലാച്ചേരി ലക്ഷ്മിയുടെ ഭര്‍ത്താവ് വിജയന് കൂലിപ്പണി ചെയ്യുന്നു. മക്കള്‍: അലിഷ, അജിത്ത്, അരുണ്‍.
വി. മനോജ്