രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥകളെ നോക്കിക്കാണുന്ന ഒരുപാടു പ്രതിഭകള്‍ ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഇതാ ദേശി ഹിപ് ഹോപ് കമ്യൂണിറ്റിയില്നിന്നു പാട്ടിന്റെ വരികളിലൂടെ വ്യത്യസ്തനായി മാറിയ ഒരു റാപ്പര്‍- കൃഷ്ണ. വ്യത്യസ്തമായ സംഗീതധാരകള്‍ക്ക് ആവശ്യത്തിന് ഇടമുണ്ടെന്നു വിശ്വസിക്കുന്നയാള്‍.. വിജയങ്ങളുടെ തലപ്പത്തു നില്‍ക്കുമ്പോഴും താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നു പറയുന്നയാള്‍...
ഇരുട്ടിവെളുക്കുന്ന നേരംകൊണ്ട് വൈറലായ റാപ്പറാണ് ഈ മുപ്പത്തിയേഴുകാരന്. യംഗ് പ്രോസ്പെക്ട് എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ഡല്ഹിക്കാരന് കൃഷ്ണ എന്ന കൃഷ്ണ കൗള്‍. ഇംഗ്ലീഷില്‍ പേരെഴുതുമ്പോള്‍ എസ് എന്ന അക്ഷരത്തിനു പകരം ഉപയോഗിക്കുന്നത് ഡോളര്‍ സൈന്‍. പതിന്നാലു കൊല്ലംമുമ്പ് കേസാ മേരാ ദേശ് എന്നു പേരിട്ട ആദ്യ മ്യൂസിക് വീഡിയോ പുറത്തിറക്കുമ്പോള്‍ ഒരുപക്ഷേ അയാള്‍പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇത്രയും ഹിറ്റാകുമെന്ന്!
രാജ്യത്തെ അഴിമതിയായിരുന്നു ആ പാട്ടിന്റെ വിഷയം. ദശലക്ഷക്കണക്കിനു പേര് പാട്ടുകേട്ടു. അന്നുവരെ റാപ് മ്യൂസിക്കിനെ ഹോബിയായി കണ്ടിരുന്ന കൃഷ്ണ പിന്നീടതിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിച്ചുതുടങ്ങി. ഇപ്പോഴും അയാളുടെ പാട്ടുകളില്‍ കൂടുതല്‍ തെളിയുന്നത് സൂക്ഷ്മമായ സാമൂഹ്യ-രാഷ്ട്രീയ കാഴ്ചപ്പാടുകളാണ്.
ട്രാക്കില്‍
ഡല്‍ഹിയില്‍ കാഷ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ ജനിച്ച കൃഷ്ണ കൗളിന്റെ ബാല്യവും ആദ്യകാല വിദ്യാഭ്യാസവും ലണ്ടനിലായിരുന്നു. പതിന്നാലാം വയസില്‍ കൂട്ടുകാര്‍ക്കിടയില്‍ ആളാവാനാണ് റാപ്പിംഗ് തുടങ്ങിയത്. കേസാ മേരാ ദേശ് 2010ല്‍ തരംഗമായപ്പോള്‍ കൃഷ്ണയ്ക്ക് ഇരുപത്തിമൂന്നു വയസ്. തുടര്‍ന്ന് വിജയങ്ങളുടെ ട്രാക്കിലെത്തി. യൂണിവേഴ്സല്‍ മ്യൂസിക്കിനൊപ്പം ചേര്‍ന്ന ശേഷം സെല്‍ഔട്ട് എന്ന ആദ്യ ആല്‍ബം പുറത്തിറക്കി. വ്യഞ്ജന്‍ എന്ന ഹിന്ദി ഗാനവുമായി 2016ല്‍ വീണ്ടും വൈറല്‍.
2020ല്‍ ഐപിഎല്‍ ആന്തത്തിന്റെ പേരില്‍ വിവാദവുമുയര്‍ത്തി. ആയേംഗെ ഹം വാപസ് എന്ന ഐപിഎല്‍ മുദ്രാഗാനം തന്റെ 2017ലെ ദേഖ് കോന്‍ ആയാ വാപസ് എന്ന പാട്ടിന്റെ ഈണം പകര്‍ത്തിയതാണെന്നായിരുന്നു കൃഷ്ണയുടെ വാദം.
വരികളും സംഗീതവും
സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ വ്യക്തമായി കാണുന്ന കണ്ണുകളുമായാണ് കൃഷ്ണ റാപ്പ് സംഗീതരംഗത്തു തുടരുന്നത്. കൊളാബുകള്‍ ചെയ്യുമ്പോഴും തന്റേതായ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. വരികളിലെ വൈവിധ്യവും റാപ്പിന്റെ സാങ്കേതിക വഴികളും കൃത്യമായി ബാലന്‍സ് ചെയ്ത് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒട്ടേറെ ശ്രോതാക്കളെ നേടിത്തരുന്നെന്ന് അയാള്‍ പറയുന്നു. ഓരോ പാട്ടിന്റെയും സൃഷ്ടിയിലെ കൗതുകം കൃഷ്ണ കാത്തുസൂക്ഷിക്കുന്നു.
ചിലപ്പോള്‍ ഒരു താളത്തില്‍നിന്നു തുടങ്ങുന്ന പാട്ടിലേക്ക് അനുയോജ്യമായ വരികള്‍ കണ്ടെത്തും. അല്ലാത്തപ്പോള്‍ തന്റെ കുറിപ്പു പുസ്തകത്തില്‍നിന്നുള്ള പഞ്ച് ലൈനിനൊപ്പിച്ച് ഈണമുണ്ടാക്കും. തന്റെ അനുഭവങ്ങളും ചുറ്റുപാടുകളില്‍ നടക്കുന്ന കാര്യങ്ങളും പാട്ടില്‍ പ്രതിഫലിക്കുമെന്നു കൃഷ്ണ പറയുന്നു.
എന്നാല്‍, തുടക്കകാലത്തു സമൂഹത്തിലെ അനീതികളോടു പ്രതികരിച്ചിരുന്നയത്ര ശക്തി ഇപ്പോള്‍ പുറത്തെടുക്കുന്നില്ല. സന്ദേശങ്ങള്‍ മാത്രം പാട്ടിലൂടെ നല്കിയാല് പരിമിതികളുണ്ടാകുമെന്ന തിരിച്ചറിവുമൂലമാണ് അത്. അല്പം വിനോദവും ഉല്ലാസവും കേള്‍വിക്കാര്‍ ആഗ്രഹിക്കുന്നുണ്ടാകുമെന്ന് കൃഷ്ണ പറയുന്നു. പക്ഷേ, പ്രശ്നങ്ങളോടു പാട്ടിലൂടെ പ്രതികരിക്കുമെന്ന് അദ്ദേഹത്തിന്റെ ഉറപ്പ്.
വിമര്‍ശനങ്ങളോട്...
സമൂഹത്തെക്കുറിച്ചു പാടുമ്പോള്‍ സ്വാഭാവികമായും കടുത്ത വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും വരാം. രാഷ്ട്രീയ നിലപാടുകളിലെ വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ഇത്രയും വര്‍ഷങ്ങള്‍കൊണ്ടു വിമര്‍ശനങ്ങളെ നേരിടുകയെന്നത് ശീലമായെന്നാണ് കൃഷ്ണയുടെ പക്ഷം. ചിലപ്പോഴൊക്കെ നെഗറ്റീവ് കമന്റുകള്‍ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ അതിനെ ഒരുനുള്ള് ഉപ്പുകൂട്ടി ആസ്വദിക്കാന്‍ പഠിച്ചു. വെറുപ്പ് പടര്‍ത്താന്‍ മാത്രമുള്ള വിമര്‍ശനങ്ങളോടാണ് എതിര്‍പ്പ്.
പുതിയ കാലത്തു വ്യത്യസ്തവും സ്വതന്ത്രവുമായ സംഗീതത്തിന് ഒരുപാട് ഇടമുണ്ടെന്നു കൃഷ്ണ കരുതുന്നു. റാപ്പ് സംഗീതംകൊണ്ട് ജീവിക്കാമെന്ന അവസ്ഥയായി.
ബോളിവുഡ് സംഗീതത്തില്‍മാത്രം ഒന്നും ഒതുങ്ങുന്നില്ല. പുതിയ തലമുറ ഹിന്ദി സിനിമാപ്പാട്ടുകള്ക്കു ബദലുകള്‍ തെരയുന്നുണ്ട്. ഇന്ത്യന്‍ ഹിപ് ഹോപ് രംഗവും അതിലൂടെ റാപ്പ് മ്യൂസിക്കും ധാരാളം അവസരങ്ങള്‍ കൊണ്ടുവരും.
തന്റെ പുതിയ പാട്ടുകളിലൊന്നില്‍ അനശ്വര ഗായകന് മുകേഷിനു ശ്രദ്ധാഞ്ജലിയര്പ്പിക്കാനും കൃഷ്ണ മറന്നില്ല. ആവാരാ എന്ന രാജ്കപൂര്‍ ചിത്രത്തിലെ പ്രശസ്തമായ മേരാ ജൂത്താ ഹേ ജാപാനി എന്ന പാട്ട് വീണ്ടും ഒരുക്കിയാണ് കൃഷ്ണ രംഗത്തുവന്നത്. ടോക്കിയോയില്‍ ചിത്രീകരിച്ച ഗാനം ഏറെ ശ്രദ്ധനേടി. പാട്ടിനുവന്ന മോഡേണ്‍ റാപ്പ് ട്വിസ്റ്റ് കൗതുകത്തോടെയാണ് സംഗീതപ്രേമികള്‍ സ്വീകരിച്ചത്. പുതുമയുണ്ടാക്കുമ്പോള് ഒറിജിലിനോടുള്ള ബഹുമാനം നഷ്ടപ്പെടുത്തുന്നില്ല എന്നതാണ് ഏറ്റവും നല്ല കാര്യം.
ഹരിപ്രസാദ്