കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇതു കേട്ടാൽ അദ്ഭുതം തോന്നും. മാസങ്ങള്‍ക്കു ശേഷമാണ് പാപ്പച്ചനും ക്ലാരയും തമ്മില്‍ മുഖാമുഖം അടുത്തൊന്നു കാണുന്നതും മിണ്ടുന്നതും. വിവാഹജീവിതത്തിൽ എട്ടു പതിറ്റാണ്ട് പിന്നിട്ട പാപ്പച്ചനും ക്ലാരയും സൺഡേ ദീപികയോടു വിശേഷങ്ങൾ പറയുന്നു.
പാപ്പച്ചൻ വയസ് 100, ക്ലാര വയസ് 96, ഒന്നിച്ചു ജീവിതം തുടങ്ങിയിട്ട് വർഷം 81... വിവാഹം കഴിഞ്ഞിട്ട് എട്ടു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇരുവരുടെയും അടുത്തിരുന്ന് അല്പനേരം വിശേഷങ്ങളൊക്കെ ചോദിച്ചാൽ ആർക്കും മനസിൽ തോന്നും, ഇവർ നവദന്പതികളല്ലേ... അത്രയ്ക്കുണ്ട്, ആ സ്നേഹവും കരുതലും. ഇനി ഇത്തിരി പിറകോട്ടു പോകാം.
അന്നു തിങ്കളാഴ്ച, പൊന്‍കുന്നം ഇടവകയിലെ തൊമ്മിത്താഴെ വര്‍ഗീസിന്റെ വീട്ടില്‍ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നു. ബന്ധുക്കളെല്ലാം തലേന്നുതന്നെ വീട്ടിലെത്തിയിരുന്നു. ഇന്നത്തെപ്പോലെ ഇവന്റ് മാനേജ്മെന്റുകാരൊന്നും ഇല്ലാത്തതിനാൽ വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമൊക്ക ചേർന്നാണ് എല്ലാം മാനേജ് ചെയ്യുന്നത്. കല്യാണത്തിന്റെ ഒരുക്കത്തിലും പെണ്ണിനെ ഒരുക്കുന്ന തിരക്കിലുമൊക്കെയായിരുന്നു ബന്ധുക്കള്‍. വിവാഹമെന്നാല്‍ അത്ര വലിയ ഐഡിയ ഒന്നുമില്ലാത്ത പതിനാറുകാരി ക്ലാരയ്ക്ക് തന്നെ കെട്ടിക്കുകയാണെന്നും അതുകഴിഞ്ഞാൽ കെട്ടിയവന്റെ വീട്ടിലാണ് പൊറുതിയെന്നും അറിയാം.
ആ പെണ്ണുകാണൽ
ഒരു മാസം മുമ്പ് ചേച്ചിയുടെ ഭര്‍ത്താവും എലിക്കുളത്തുള്ള ചേച്ചിയുടെ ഭര്‍ത്താവിന്റെ അപ്പനുംകൂടി വീട്ടില്‍ വന്നിരുന്നു. പെണ്ണു കാണാന്‍ വന്നതായിരുന്നെന്നു പിന്നീട് അമ്മ ക്ലാരയോടു പറഞ്ഞു. വീട്ടില്‍ രണ്ടുപേര്‍ എന്തോ ആവശ്യത്തിനു വന്നതാണെന്നായിരുന്നു ക്ലാര കരുതിയിരുന്നത്. അമ്മ ക്ലാരയെ വെള്ളം കോരാനായി പറഞ്ഞുവിട്ടു. വീടിന്റെ ഉമ്മറത്തു പടിഞ്ഞാറെ മൂലയിലുള്ള കിണറ്റില്‍നിന്നു പാളത്തൊട്ടി ഉപയോഗിച്ചു കുടത്തില്‍ വെള്ളം നിറച്ച് അടുക്കളയില്‍ കൊണ്ടുചെന്നു.
അമ്മ അതു വാങ്ങി വലിയ മറ്റൊരു പാത്രത്തിലേക്കു പകര്‍ന്ന ശേഷം വീണ്ടും വെള്ളം കോരാനായി പറഞ്ഞയച്ചു. വീട്ടിലെത്തിയവര്‍ ആരാണെന്ന് അന്വേഷിച്ചതുമില്ല. അവര്‍ പോയ ശേഷം അമ്മ പറഞ്ഞു നിന്നെ പെണ്ണുകാണാന്‍ വന്നവരായിരുന്നെന്ന്. അപ്പോഴും പ്രത്യേകിച്ച് ഒന്നുംതിരിച്ചു ചോദിച്ചില്ല. അല്ലെങ്കിലും അന്ന് അങ്ങനെയാണ്, അപ്പനും അമ്മയും പറയുന്നു മക്കള്‍ അനുസരിക്കുന്നു, അതാണ് പതിവ്. പിന്നെ അതിനെക്കുറിച്ചു കൂടുതല്‍ സംസാരമൊന്നും ഉണ്ടായില്ല. വീട്ടുകാര്‍ കല്യാണം നിശ്ചയിച്ചു.
ഏഴു മൈൽ നടന്നു കല്യാണം
എലിക്കുളം ഇടവകയിലെ പൗവത്തിൽ പാപ്പച്ചനുമായാണ് വിവാഹമെന്ന് അറിഞ്ഞു. പാപ്പച്ചന് ക്ലാരയുടെ ജേഷ്ഠത്തിയുടെ ഭര്‍ത്താവ് മത്തായിയുടെ സുഹൃത്താണ്. 1943 ഫെബ്രുവരി രണ്ടിന് തിങ്കളാഴ്ച പൊന്‍കുന്നം തൊമ്മിത്താഴെ വീട്ടില്‍നിന്നു ചേച്ചിമാരും അമ്മായിമാരും ചേര്‍ന്ന് അടുക്കിട്ടുടുപ്പിച്ച മുണ്ടും ചട്ടയും കസവു ചുട്ടിയുള്ള നേര്യതും പുതച്ചു കഴുത്തില്‍ ഒരു വെന്തിങ്ങയും ധരിച്ച് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിലേക്കു നടക്കുകയാണ്. അപ്പനും അമ്മയും ഒഴിച്ചുള്ള ബന്ധുക്കളെല്ലാം ഒപ്പമുണ്ട്. പൊന്കുന്നത്തുനിന്ന് ഏഴു മൈല്‍ നടന്നാണ് പള്ളിയിലെത്തിയത്.
പള്ളിയിലെത്തിയപ്പോള്‍ വികാരിയച്ചനും മറ്റും കാത്തുനില്‍പ്പുണ്ടായിരുന്നു. പിന്നീടാണ് ചെറുക്കനും ബന്ധുക്കളും എത്തിയത്. വികാരിയച്ചന് വിവാഹം ആശീര്‍വദിച്ചു. പി.വി. ആന്റണിയെന്ന പാപ്പച്ചന് തൊമ്മിത്താഴെ വര്‍ഗീസ് - ഏലി ദമ്പതികളുടെ മകള്‍ ക്ലാരയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. അപ്പോഴും അവര്‍ തമ്മില്‍ മുഖാമുഖം കണ്ടിരുന്നില്ല. വിവാഹത്തിനു ശേഷം വീണ്ടും രണ്ടു മൈല്‍ നടന്നു പൗവത്തു വീട്ടിലെത്തി.
പാപ്പച്ചന് മുമ്പേയും ക്ലാര പിമ്പേയുമായുള്ള കാല്‍നട യാത്ര. പൗവത്തുവീട്ടില് പാപ്പച്ചന്റെ അമ്മ നിലവിളക്കുമായെത്തി. കൊന്തകൊണ്ട് നെറ്റിയില്‍ കുരിശു വരപ്പിച്ചു. കൊന്ത കഴുത്തില്‍ അണിയിച്ചു വീട്ടിലേക്കു കൈപിടിച്ചു കയറ്റി. ബന്ധുക്കളും മറ്റുമായി ധാരാളം പേര് ഒത്തുകൂടിയിരുന്നു. സദ്യയും ചുറ്റുവട്ടങ്ങളും കെങ്കേമമായി നടക്കുന്നു.
പാപ്പച്ചന് അവരോടൊപ്പം കുശലം പറഞ്ഞും മറ്റും ഉണ്ടായിരുന്നു. പെണ്ണുങ്ങള്‍ക്കെല്ലാം രണ്ടാമതായിരുന്നു സദ്യ വിളമ്പിയത്. അക്കൂട്ടത്തില്‍ ക്ലാരയും ഭക്ഷണം കഴിച്ചു. ചിലരൊക്കെ അന്നുതന്നെയും കുറച്ചുപേര്‍ പിറ്റേന്നുമായി മടങ്ങി. കല്യാണം കഴിഞ്ഞെങ്കിലും ഇന്നത്തെപ്പോലെ അന്നു തന്നെ പെണ്ണും ചെറുക്കനും ഒന്നിച്ചുകഴിയുന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല.
അന്ന് ഏതോ മുറിയിൽ കിടന്നുറങ്ങി. പിറ്റേന്നു അതിരാവിലെ എണീറ്റ് അടുക്കളയില്‍ അമ്മായിയമ്മയ്ക്കൊപ്പം കാപ്പിയും പ്രഭാത ഭക്ഷണവും ഉണ്ടാക്കുന്ന തിരക്ക്. തുടർന്നുള്ള ദിവസങ്ങളിലും പറമ്പില്‍ പണിക്കു വരുന്നവര്‍ക്കുള്ള ഭക്ഷണവും മറ്റും തയാറാക്കുന്ന തിരക്കിലായിരുന്നു ക്ലാരയും.
തമ്മിൽ കാണാതെ
പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. മാസങ്ങള്‍ക്കു ശേഷമാണ് പാപ്പച്ചനും ക്ലാരയും തമ്മില്‍ മുഖാമുഖം അടുത്തൊന്നു കാണുന്നതും മിണ്ടുന്നതും. ഇന്നത്തെ തലമുറയ്ക്ക് ഇതു കേട്ടാൽ അദ്ഭുതം തോന്നും. കല്യാണംകൊണ്ട് ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും രണ്ടുപേര്‍ക്കും ഉണ്ടായില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. നാലാം വര്‍ഷം ക്ലാര ഒരു കുഞ്ഞിനെ പ്രസവിച്ചു.
ഇത്ര ചെറുപ്പത്തിൽത്തന്നെ മകളെ കെട്ടിക്കേണ്ടെന്ന് വികാരിയച്ചന് ഉപദേശിച്ചിരുന്നെങ്കിലും അപ്പന് വര്‍ഗീസ് സമ്മതിച്ചിരുന്നില്ല. തന്റെ ഉത്തരവാദിത്വം എത്രയും വേഗം തീര്‍ക്കണമെന്നായിരുന്നു അപ്പന്റെ വാശി. ക്ലാരയുടെ വിവാഹം കഴിഞ്ഞു നാലു മാസം കഴിഞ്ഞപ്പോള്‍ അപ്പന് മരിച്ചു. അപ്പൻ അതു മുൻകൂട്ടി കണ്ടിരുന്നതു പോലെ.
പതിറ്റാണ്ടുകൾ പലതു കടന്നുപോയിരിക്കുന്നു.
കഴിഞ്ഞ ദിവസം പാപ്പച്ചനും ക്ലാരയും 81-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചതു വലിയ വാർത്തയായി. ആഘോഷത്തില്‍ ഇവരുടെ 10 മക്കളും മരുമക്കളും കൊച്ചുമക്കളുമായി 84 പേര്. ബന്ധുക്കളും നാട്ടുകാരുമായി ഏതാനും പേരും. ക്ലാരയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുമ്പോള്‍ പാപ്പച്ചന് 19 വയസാകുന്നതേ ഉള്ളു. അപ്പനോടൊപ്പം കൃഷിയും ചെറിയ തോതില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. കൃഷിയിലും പൊതുപ്രവര്ത്തനത്തിലുമുണ്ടായിരുന്ന അടുപ്പമാണ് തൊമ്മിത്താഴെ മത്തായിയുമായുള്ള സൗഹൃദമുണ്ടാക്കിയത്.
സ്വാതന്ത്ര്യ സമരത്തിൽ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടക്കുന്ന കാലമായിരുന്നു അത്. അപ്പന് പറഞ്ഞയച്ചതനുസരിച്ചു പാപ്പച്ചന് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അന്നു പ്രായം 13. രാഷ്ട്രീയ പ്രവര്‍ത്തനം, കോണ്‍ഗ്രസ് നേതാവും നാട്ടുകാരനായ പി.ടി. ചാക്കോയുമായും കെ.എം. ജോര്‍ജുമായും മറ്റും പാപ്പച്ചനെ അടുപ്പിച്ചു. പി.ടി. ചാക്കോയുടെ ആരാധകനും കെ.എം. ജോര്‍ജിന്റെ അനുയായിയുമായിരുന്ന പാപ്പച്ചൻ, പി.ടി. ചാക്കോയുടെ മരണശേഷം കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ കെ. എം. ജോര്‍ജിന്റെ നിര്‍ദേശാനുസരണം കേരള കോണ്‍ഗ്രസുകാരനായി. ഇന്നും കെ.എം. മാണിയാണ് രാഷ്ട്രീയ ഗുരു. സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തു.
മഹാത്മാഗാന്ധി വെടിയേറ്റു മരിച്ചതറിഞ്ഞ് നാട്ടില്‍ മൗനവ്രതവും മൗനജാഥയും നടത്തി. ഇന്ന് ഇരട്ടയാര്‍ നാങ്കുതൊട്ടിയിലെ സ്വന്തം വീട്ടില്‍ മകന് സിബിയോടും കുടുംബത്തോടുമൊപ്പം താമസിച്ചുവരുന്ന പാപ്പച്ചനും ക്ലാരമ്മയും വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ക്കു ശേഷം സംസാരിക്കുമ്പോള്‍ പഴയ പൊതുപ്രവര്‍ത്തകന്റെ വീര്യവും ആവേശവും മിന്നിമറയുന്നു. പി.ടി. ചാക്കോ എന്നു പറയുന്പോൾതന്നെ ചുളിവുകള്‍ വീണ മുഖത്ത് ആവേശം ഇരന്പിക്കയറുന്നു.
വാര്‍ധക്യം നടുവിനെ അല്പം വളച്ചിട്ടുണ്ടെങ്കിലും കേൾവിയെ അല്പം പിന്നോട്ടാക്കിയെങ്കിലും ഊന്നുവടിയുടെ സഹായം പോലുമില്ലാതെ പാപ്പച്ചനും ക്ലാരയും വീട്ടുപരിസരത്തു നടക്കും. മുറിക്കുള്ളില്‍നിന്നു വരാന്തയിലേക്കും ഇളം തിണ്ണയിലേക്കും കയറിയിറങ്ങും. ചെറിയ നടയിറങ്ങി മുറ്റത്ത് ഇറങ്ങി ഫോട്ടോയ്ക്കു പോസ് ചെയ്ത ശേഷം പരസഹായം കൂടാതെ അകത്തേക്കു കയറിപ്പോകുന്നതും കണ്ടു.
മലകയറ്റം
കൃഷിചെയ്യാന്‍ മണ്ണുതേടിയുള്ള മലകയറ്റം 1950കളുടെ തുടക്കത്തിലായിരുന്നു. പാപ്പച്ചന്റെ ഒരു സുഹൃത്താണ് ഉടുമ്പന്‍ചോലയില്‍ കൃഷിക്കു ഭൂമി ലഭിക്കുമെന്നു പറഞ്ഞത്. അന്നു സര്‍ക്കാര്‍ ഭൂമി കൈവശമുള്ള ചിലര്‍ അഞ്ചേക്കറും പത്തേക്കറും ഒക്കെയുള്ള പ്ലോട്ടുകളായി തിരിച്ചു മരങ്ങളില്‍ അടയാളം കൊത്തി അവകാശം ഉറപ്പിച്ചിട്ടിട്ടുണ്ടായിരുന്നു.
ഇവരുടെ പക്കല്‍നിന്നു പണം കൊടുത്തു ഭൂമി വാങ്ങി. അവിടെ ഏറുമാടം കെട്ടി താമസിച്ചാണ് കൃഷി തുടങ്ങിയത്. ഒരു ബ്ലോക്കിന് 50 രൂപയൊക്കെ കൈവശം വച്ചിരിക്കുന്നവർക്കു കൊടുക്കണം. അങ്ങനെ വാങ്ങുന്ന സ്ഥലത്തിനു പിന്നെയും തര്‍ക്കങ്ങള്‍ ഉണ്ടാകുമായിരുന്നു. അവരുമായും മല്ലടിച്ചാണ് ഭൂമി സംരക്ഷിക്കുന്നത്.
ഭൂമി വാങ്ങാൻ വന്ന കഥയും പാപ്പച്ചൻ പറയും. പാപ്പച്ചനും മൂന്നു സുഹൃത്തുക്കളുമായി അയ്യപ്പന്കോവിലിലേക്കു വണ്ടികയറി. കൂപ്പിലെ പണിക്കാരായ രണ്ടുമൂന്നു പേരും ഒപ്പമുണ്ടായിരുന്നു. സ്ഥലം വാങ്ങാന്‍ അന്നു പാപ്പച്ചന്റെ പക്കല്‍ പണം ഉണ്ടായിരുന്നില്ല. നാട്ടില്‍ അറിയാവുന്ന ഒരാളുടെ പക്കല്‍നിന്നു കടം വാങ്ങിയതും ക്ലാരയുടെ സഹോദരന് നല്കിയ ചെറിയൊരു തുകയുമായിട്ടായിരുന്നു മലകയറ്റം.
ഏറുമാടത്തിലെ ജീവിതം
അയ്യപ്പന്‍കോവിലില്‍ ഒരു ചായക്കടയില്‍ അന്നു രാത്രി കഴിച്ചുകൂട്ടി. പിറ്റേന്നു തോവാള പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു പോയി. അവിടെ നാട്ടുകാരായ ചിലരെ കണ്ടുമുട്ടി. എലിക്കുളംകാരനായിരുന്ന ഒരാള്‍ക്കു പാപ്പച്ചനെ മനസിലായി. അയാള്‍ പറഞ്ഞതനുസരിച്ചു തോവാളയില്‍ ആറേക്കര്‍ സ്ഥലം പാപ്പച്ചനും ഒപ്പമുണ്ടായിരുന്ന പനച്ചിക്കല്‍ കൊച്ചും പുളിമൂട്ടില്‍ കുട്ടിയും ചേര്‍ന്നു പങ്കിട്ടു വാങ്ങി.
ഏറുമാടത്തില്‍ താമസിച്ചു മരങ്ങളും ഇല്ലിക്കൂട്ടങ്ങളും വെട്ടിയൊതുക്കി ഭൂമി കൃഷി യുക്തമാക്കുകയെന്നതു ഭീകരമായ പ്രവൃത്തിയായിരുന്നു. വന്യമൃഗങ്ങള്‍ വരുമെന്നും അവയെ ഉപദ്രവിക്കരുതെന്നും മുമ്പേ വന്നവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ആയിടയ്ക്ക് പൊന്‍കുന്നംകാരനായ ഒരാള്‍ ഇവരുടെ ഏറുമാടത്തിനോടു ചേര്‍ന്നു മറ്റൊരു ഏറുമാടത്തില്‍ താമസമുണ്ടായിരുന്നു.
ഏറുമാടത്തില്‍ ഭക്ഷണം പാകം ചെയ്തതിന്റെയും മറ്റും ചാരം നിലത്തേക്കു തള്ളുന്നത് തിന്നാൻ കാട്ടാന എത്തുമായിരുന്നു. ഒരിക്കല്‍ പൊന്കുന്നംകാരന് ചാരം തിന്നുകൊണ്ടിരുന്ന ആനയുടെ തലയിലേയ്ക്കു ചൂടുള്ള അടുപ്പുകല്ല് എടുത്തിട്ടു. ആന വിരണ്ട് ഓടിപ്പോയി.
പിന്നീട് ആ ആന സ്ഥിരമായി ഇവിടെ എത്തിയിരുന്നു. സംഭവത്തിന് ഏതാനും ദിവസം കഴിഞ്ഞു പൊന്കുന്നംകാരന് ആലയില്‍നിന്നു വരുന്ന വഴി ആന അയാളെ ചവിട്ടിക്കൊന്നു. പിന്നീട് ആ ആന പ്രദേശത്തേക്കു വന്നിട്ടേയില്ല. അതുപോലെ മറ്റു രണ്ടുപേരെക്കൂടി ആന കൊന്നതിന് പാപ്പച്ചന് സാക്ഷിയാണ്.
രാഷ്ട്രീയത്തിലും
ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്ലാരയെയും ഏഴു മക്കളെയും പാപ്പച്ചന് ആനക്കാട്ടിലേക്കു കൊണ്ടുവന്നത്. അപ്പോള്‍ ഇരട്ടയാർ നാങ്കുതൊട്ടിയില് ചെറിയൊരു വീട് ഉണ്ടാക്കിയിരുന്നു. പിന്നെ മൂന്നു മക്കൾകൂടി ഹൈറേഞ്ചിലെത്തിക്കഴിഞ്ഞ് ഉണ്ടായി. നാട്ടിലെ പൊതുപ്രവര്ത്തനാനുഭവം ഇവിടെയും പാപച്ചനെ ഒരു രാഷ്ട്രീയക്കാരനാക്കി. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായ അന്നു മുതല്‍ ഇന്നുവരെ പാപ്പച്ചന് കേരള കോണ്‍ഗ്രസുകാരനാണ്.
ഇരട്ടയാര്‍ പഞ്ചായത്തു രൂപീകൃതമായപ്പോള്‍ പാപ്പച്ചന് ആദ്യ പഞ്ചയത്തു മെംബറായി. ഇന്ന് ഇരട്ടയാറില്‍ കാണുന്ന പള്ളി, പള്ളിക്കൂടങ്ങള്‍, സഹകരണ ബാങ്ക് ഉള്‍പ്പെടയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പാപ്പച്ചന്റെ കൈയൊപ്പു വീണിട്ടുണ്ട്. രാഷ്ട്രീയ- പൊതുപ്രവര്‍ത്തനങ്ങളുടെ തിരക്ക് ക്ലാരയ്ക്കും വീതിച്ചു നല്‍കിയിരുന്നു. ആദ്യ കാലത്തു രാഷ്ട്രീയക്കാരും നേതാക്കളുമൊക്കെ പാപ്പച്ചന്റെ വീട്ടിലെത്തിയായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.
അവര്‍ക്കെല്ലാം ഭക്ഷണമുണ്ടാക്കി വിളമ്പുന്ന ഭാരിച്ച ജോലി മക്കള്‍ അമ്മായി എന്നു വിളിക്കുന്ന ക്ലാര അമ്മച്ചിക്കായിരുന്നു. ചിലപ്പോഴെല്ലാം ഇതിന്റെ പേരില്‍ പരിഭവമൊക്കെയുണ്ടായിട്ടുണ്ടെന്നു ക്ലാര അമ്മച്ചി പറഞ്ഞു.
വീട്ടിലെത്തുന്ന എല്ലാവര്ക്കും ഭക്ഷണം കൊടുക്കണമെന്ന് പാപ്പച്ചനു നിര്‍ബന്ധം. മക്കളുടെ ഭാവി സംബന്ധിച്ചായിരുന്നു ക്ലാര അമ്മച്ചിയുടെ ആവലാതി. മക്കള്‍ക്കു വേണ്ടി വല്ലതും സമ്പാദിച്ചു വയ്ക്കണമെന്ന പക്ഷക്കാരിയായിരുന്നു ക്ലാരമ്മച്ചി. എന്നാൽ, ഞാന്‍ ഭൂമി ഉണ്ടാക്കിയിട്ടിട്ടുണ്ട്. അതില്‍ പണിയെടുത്ത് അവര്‍ ജീവിച്ചു കൊള്ളുമെന്നായിരുന്നു പാപ്പച്ചന്റെ മറുപടി.
ആഗ്രഹം പോലെ മക്കള്‍ എല്ലാവരും കൃഷിയും സ്റ്റുഡിയോയും ഒക്കെ നടത്തി തരക്കേടില്ലാത്ത നിലയില്‍ കഴിയുന്നു. അപ്പന്റെയും അമ്മയുടെയും 81-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് മക്കളായ ജോര്‍ജ്കുട്ടി, മേരി, എൽസി, ബേബി, അപ്പച്ചന്, ജോയി, മാത്തുകുട്ടി, ഷാജു, സിബി, ജിജിമോള്‍ എന്നിവരും കൊച്ചുമക്കളും.
കെ.എസ്. ഫ്രാൻസിസ്