ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം കഴുമരത്തിനടുത്തു പ്രദർശിപ്പിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിലെ കുപ്രസിദ്ധ തടവറയായിരുന്നു തെക്കൻ കോൽക്കത്തയിലെ ആലിപ്പുർ സെൻട്രൽ ജയിൽ. 2022 സെപ്റ്റംബർ 23 മുതൽ ഇതൊരു ജയിൽ മ്യൂസിയമാണ്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആയിരങ്ങളെ സാക്ഷിനിർത്തി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു: “നമ്മുടെ ഈ കാലഘട്ടം, ചരിത്രത്തെ വളച്ചൊടിക്കുന്നവരുടെ കാലമാണ്. സത്യത്തെ തമസ്കരിക്കുന്നവരുടെ കാലം. ചരിത്രസത്യങ്ങളും യാഥാർഥ്യങ്ങളും പുതുതലമുറ കലർപ്പില്ലാതെ പഠിക്കണം. അതിനുവേണ്ടിയാണ് ചരിത്രമുറങ്ങുന്ന ഈ സെൻട്രൽ ജയിൽ ഇന്നു മുതൽ പൊതുജനങ്ങൾക്കുവേണ്ടി തുറന്നിടുന്ന മ്യൂസിയമാക്കി മാറ്റുന്നത്.''
രാഷ്ട്രീയതടവുകാർ
ബ്രിട്ടീഷ് രാജിൽ, തങ്ങൾക്കു പ്രതികൂലമായിനിന്നവരെ നിർദയം ഇവിടെ ജയിലിലടച്ചു. ജവഹർലാൽ നെഹ്റു, അരവിന്ദ ഘോഷ്, നേതാജി സുഭാഷ് ചന്ദ്രബോസ്, ബീരേന്ദ്രകുമാർ ഘോഷ്, കാസി നസ്റുൾ ഇസ്ലാം, ശരത് ചന്ദ്ര ബോസ്, ബിന ദാസ്, സുഹാസിനി ഗാംഗുലി, കമല ദാസ് ഗുപ്ത, ലൈല റോയി, ഉജ്വല മജുംദാർ, പ്രഫുല്ല ചന്ദ്ര സെൻ, കനൈലാൽ ദത്ത, സത്യേന്ദ്രനാഥ് ഗുപ്ത, ഗോപി മോഹൻ സഹ, കെ. കാമരാജ്, പരുൾ മുഖർജി, ബി.സി. റോയി തുടങ്ങിയ പ്രമുഖർ ആലിപ്പുർ ജയിലിൽ വിവിധ കാലഘട്ടങ്ങളിൽ രാഷ്ട്രീയ തടവുകാരായിരുന്നു.
ചരിത്രമ്യൂസിയത്തിലേക്ക്
ബംഗാളിലെ ആദ്യത്തെ സെൻട്രൽ ജയിലായിരുന്നു ആലിപ്പുർ. 1,00,397 രൂപയായിരുന്നു 1860ൽ പൂർത്തിയാക്കിയ ജയിലിനു ചെലവായതത്രേ. വിവിധ ഘട്ടങ്ങളിൽ നവീകരണങ്ങൾ വരുത്തി ജയിൽ പരിഷ്കരിച്ചുകൊണ്ടിരുന്നു. 2019വരെ ഇതൊരു ജയിലായി ഉപയോഗിച്ചുവന്നു. ബംഗാൾ ഗവൺമെന്റ് നിലവിലുണ്ടായിരുന്ന തടവുകാരെ ഇവിടെനിന്നു മാറ്റി ഇതൊരു മ്യൂസിയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പാർഥരഞ്ജൻദാസ് എന്ന ശില്പിയുടെ നേതൃത്വത്തിലായിരുന്നു ഇത്.
പുനഃസൃഷ്ടി
ആലിപ്പുർ സെൻട്രൽ ജയിലിന്റെ തനിമയും പൗരാണികതയും ഒട്ടും നഷ്ടപ്പെടുത്താതെയാണ് മ്യൂസിയമാക്കി മാറ്റിയത്. പ്രധാനമായും പത്തു ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. കഴുമരം സൂക്ഷിച്ചിരിക്കുന്ന സ്റ്റേജ്, നിരീക്ഷണ ടവർ, പൊതു സെല്ലുകൾ, പ്രത്യേക സെല്ലുകൾ, ഏകാന്ത തടവുമുറികൾ, ജയിൽ കാന്റീൻ, ജയിൽ ആശുപത്രി, വേർതിരിച്ച വാർഡുകൾ, ആർട്ട് സ്റ്റുഡിയോ, ലൈബ്രറി, സുവനീർ ഷോപ്പ്, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, എക്സിബിഷൻ ഹാളുകൾ, സെമിനാർ ഹാൾ, ഫുഡ്കോർട്ട് തുടങ്ങിയവയെല്ലാം പഴയ ജയിലിന്റെ ചരിത്രാംശം നിലനിർത്തിയാണ് നവീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് അധികാരികളും ജോലിക്കാരും (ക്രിസ്ത്യാനികളായവർ) ഉപയോഗിച്ചിരുന്ന ഒരു ചാപ്പലും നിരീക്ഷണ മന്ദിരത്തിലുണ്ട്.
തൂക്കിലേറ്റപ്പെട്ടവർ
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം കഴുമരത്തിനടുത്തു പ്രദർശിപ്പിച്ചിട്ടുണ്ട്. ആനന്ദഹരി മിത്ര (1926), പ്രമോദ് രഞ്ജൻ ചൗധരി (1926), ദിനേശ് ഗുപ്ത (1931), രാമകൃഷ്ണ ബിശ്വാസ് (1932), ദിനേശ് മജുംദാർ (1934), കനൈലാൽ ദത്ത (1908), ചാരു ചന്ദ്ര ബോസ് (1909), ബീരേൻ ദത്ത് ഗുപ്ത (1910), ഗോപിനാഥ് സഹ (1924) എന്നീ രാജ്യസ്നേഹികളെയാണ് ഇവിടെ തൂക്കിലേറ്റിയത്. എല്ലാ വർഷവും ജനുവരി 30ന് രക്തസാക്ഷിദിനത്തിൽ ആയിരങ്ങൾ ഇവിടെയെത്തി രാജ്യത്തിനുവേണ്ടി ജീവൻ ഹോമിച്ച ഈ ധീര രക്തസാക്ഷികളെ സ്മരിക്കാറുണ്ട്.
അരവിന്ദ ഘോഷിന് മാനസാന്തരം
ആലിപ്പുർ ഡൈനാമിറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട അരവിന്ദ ഘോഷിനെ ഇവിടെ ജയിലിലടച്ചു. 1908 മേയ് മുതൽ 1909 മേയ് വരെ ഒരു വർഷത്തോളം ഘോഷ് ഇവിടെ ജയിലിൽ കിടന്നു. ഈ തടവുകാലത്ത് സുപ്രഭാത് എന്ന പ്രസിദ്ധീകരണത്തിൽ ഘോഷ് തുടർച്ചയായി എഴുതിയിരുന്നു. പിന്നീടിത് ടെയിൽസ് ഓഫ് പ്രിസൺ ലൈഫ് (തടവുജീവിത കഥകൾ) എന്ന പേരിൽ പ്രകാശനം ചെയ്തു.
തന്റെ ഒരു വർഷത്തെ തടവുജീവിതത്തെക്കുറിച്ച് ഘോഷ് പറയുന്നത് - എനിക്ക് ഒരു ആശ്രമജീവിതംപോലെയായിരുന്നു. ഞാൻ ഇവിടെവച്ച് ദൈവത്തെ കണ്ടുമുട്ടി. ബ്രിട്ടീഷുകാരുടെ കോപഫലമുണ്ടായ ഗുണം തനിക്കുണ്ടായ ആത്മീയ ചിന്തയായിരുന്നുവെന്ന് ഘോഷ് എഴുതിയിട്ടുണ്ട്. അതെ, അരവിന്ദ ഘോഷിൽ അതിശക്തമായ ആത്മീയാവബോധം ഉണർത്തിയതും വളർത്തിയതും ആലിപ്പുർ ജയിൽജീവിതമായിരുന്നു. ഘോഷിന്റെ ജയിൽവാസത്തെ പുരസ്കരിച്ച് ഇവിടെ എക്സിബിഷൻ നടത്തുന്നുണ്ട്. അദ്ദേഹം താമസിച്ച തടവുമുറി ആദരവോടെ സൂക്ഷിച്ചുവരുന്നു.
നെഹ്റുവും ഇന്ദിരയും
1934ലാണ് നെഹ്റു ആലിപ്പുരിൽ തടവിൽ കഴിഞ്ഞത്. സിവിൽ നിയമലംഘനമായിരുന്നു കുറ്റം. കേവലം മൂന്നു മാസം മാത്രമായിരുന്നു ഇവിടെ ജയിൽവാസം. നെഹ്റുവിനെ പാർപ്പിച്ച പ്രത്യേക സെൽ മ്യൂസിയം അധികാരികൾ ജാഗ്രതയോടെ സംരക്ഷിച്ചുവരുന്നു. ഈ സെല്ലിനു മുന്നിലുള്ള വലിയ മരത്തിന്റെ തണലിൽ ഇരുന്നത്രേ പിതാവിനെ സന്ദർശിക്കാനെത്തിയിരുന്ന ഇന്ദിരാ പ്രിയദർശിനി എന്ന ഇന്ദിരാ ഗാന്ധിയെ നെഹ്റു കണ്ടത്. അന്ന് ഇന്ദിരയ്ക്കു പ്രായം 17.
രണ്ടാഴ്ചകളിൽ ഒരു തവണയായിരുന്നു സന്ദർശനം. 20 മിനിറ്റ് സമയമായിരുന്നു കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചിരുന്നത്. ഇന്ദിരാഗാന്ധിയിൽ രാജ്യസ്നേഹവും ധീരതയും പ്രതിസന്ധികളിൽ പതറാതെ മുന്നേറാനുള്ള ചങ്കൂറ്റവും നിറയ്ക്കുന്ന തരത്തിലുള്ള വാക്കുകളായിരുന്നത്രേ നെഹ്റു മകൾക്കു നൽകിയത്.
നെഹ്റുസെല്ലിന്റെ പുറത്ത് ഒരു വലിയ മരവും അതിനു കീഴെ ഒരു സിമന്റ് തറയും അവിടെ ഇന്ദിരയുടെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
നേതാജി സെൽ
നേതാജി സുഭാഷ് ചന്ദ്ര ബോസ് 1930 ജനുവരി 23 മുതൽ സെപ്റ്റംബർ 23 വരെയാണ് ആലിപ്പുർ ജയിലിൽ കഴിഞ്ഞത്. നിയമലംഘനമായിരുന്നു കുറ്റം. വായനയും ധ്യാനവുമായി നേതാജി ഇവിടെ ചെലവിട്ടുവെന്നു നേതാജിസെല്ലിന്റെ പുറത്തുള്ള ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ്, ക്രൂരമർദനം നടത്തി, നേതാജിയുടെ തല പൊട്ടിച്ചതിന്റെ വിശദമായ വിവരണവും ഇതിൽ കാണാം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രനിമിഷങ്ങളെ സാക്ഷിയാക്കി പിണിതീർത്ത മ്യൂസിയത്തിൽ ബി.സി. റോയി, ചിത്തരഞ്ജൻ ദാസ്, ജതീന്ദ്രമോഹൻ സെൻ ഗുപ്ത എന്നിവരുടെ സെല്ലുകളും ശ്രദ്ധേയമാണ്. ഇവരുടെ ജയിൽജീവിതരേഖ പുറത്തു സ്ഥാപിച്ചിട്ടുള്ള ഫലകങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
മംഗൾപാണ്ഡെ, ശിപായിലഹള
ഇന്ത്യൻ ദേശീയബോധത്തിനും സ്വാതന്ത്ര്യവാഞ്ഛക്കും ആക്കംകൂട്ടിയ സംഭവമായിരുന്നല്ലോ 1857ലെ ശിപായിലഹള എന്നിറിയപ്പെടുന്ന ഒന്നാം സ്വാതന്ത്യ സമരം. ബംഗാളിയായിരുന്ന മംഗൾപാണ്ഡെയായിരുന്നു ഈ ശിപായി. തന്റെ മേലധികാരിയായിരുന്ന ബ്രിട്ടീഷുകാരനെതിരേ നിറയൊഴിച്ചു ലഹളയ്ക്കു തുടക്കമിട്ടത് അദ്ദേഹമായിരുന്നു. 1857 മാർച്ച് 29ന് നടന്ന ഈ സംഭവം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമായി ചരിത്രത്തിൽ അറിയപ്പെടുന്നുണ്ട്. മംഗൾ പാണ്ഡെയെ ബ്രിട്ടീഷുകാർ 1857 ഏപ്രിൽ എട്ടിന് തൂക്കിക്കൊന്നു. ഇദ്ദേഹം ഒരു ബംഗാളിയായതുകൊണ്ട് ഇദ്ദേഹത്തിന്റെ ചരിത്രം ആലിപ്പുർ മ്യൂസിയത്തിൽ വലിയ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബംഗാളിലെ സ്വാതന്ത്ര്യസമര പോരാളികളായിരുന്ന വനിതകൾക്ക് ഈ മ്യൂസിയത്തിൽ വലിയ ആദരവ് നൽകിയിട്ടുണ്ട്. മന്ദാകിനി ഹസ്ര, കല്പന ദത്ത, പ്രീതിലത വാഡേഡർ, ബിനാ ദാസ്, ബസന്തിദേവി, നെല്ലീസെൻ ഗുപ്ത തുടങ്ങിയ വനിതാ പോരാളികളുടെ ചിത്രവും അവരുടെ പ്രവർത്തനങ്ങളും ആലേഖനം ചെയ്ത ഫലകങ്ങൾ ചരിത്രപഠിതാക്കൾക്ക് ഏറെ ഉപകരിക്കും. ആർഘ മന്ന എന്ന കലാകാരൻ രൂപപ്പെടുത്തിയ കോമിക് റൂം സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. ഇവിടെ ദിനേശ് ഗുപ്തയുടെയും കനൈലാൽ ദത്തയുടെയും സത്യേന്ദ്രനാഥ് ബോസിന്റെയും പോരാട്ടങ്ങളുടെ ഗാഥയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചരിത്രത്തെ തമസ്കരിക്കരുത്
ചരിത്രസത്യങ്ങളെ തമസ്കരിക്കാൻ വെപ്രാളം കൂട്ടുന്ന ഈ കാലഘട്ടത്തിൽ ചരിത്രം ചരിത്രമായിത്തന്നെ തുടരണമെന്ന ബോധ്യമാണ് ബംഗാൾ ഗവൺമെന്റിനെ ഇത്തരമൊരു ശ്രമത്തിലേക്കു നയിച്ചത്. ഭരണഘടന പോലും പൊളിച്ചെഴുതാൻ വെന്പൽകൊള്ളുന്ന ഭരണാധികാരികൾക്ക് ഇതൊരു സൂചനയാകണം. നൂറ്റാണ്ടിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ബംഗാളിലെ ദേശസ്നേഹികളും ആലിപ്പുർ ജയിലും വഹിച്ച പങ്കാളിത്തത്തിന്റെ നേർക്കാഴ്ചയാണ് ആലിപ്പുർ ജയിൽ മ്യൂസിയം.
ഫാ. ജോർജ് ചേന്നപ്പള്ളി