കേരളത്തെ സ്നേഹിച്ച എത്യോപ്യൻ ചക്രവർത്തി
റ്റോം മാത്യു കായിത്ര
Saturday, August 30, 2025 9:00 PM IST
കേരളത്തെയും മലയാളികളെയും ഏറെയിഷ്ടപ്പെട്ട എത്യോപ്യൻ ചക്രവർത്തിയുടെ ഓർമകൾക്ക് അന്പതു വയസ്
1940കളിലെ എത്യോപ്യ.
തലസ്ഥാനമായ ആഡിസ് അബാബയിൽനിന്ന് അല്പം മാറിയുള്ള ആംബോ എന്ന സ്കൂളിൽ അന്നൊരു നാടകം അരങ്ങേറുന്നു- ജൂലിയസ് സീസർ. സ്കൂളിൽ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചിരുന്ന മലയാളി അധ്യാപകൻ പോൾ വർഗീസാണ് മാർക് ആന്റണിയുടെ വേഷം ചെയ്യുന്നത്.
നാടകം കാണാൻ വളരെ പ്രധാനപ്പെട്ടൊരാളെത്തി- വേറാരുമല്ല, എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സിലാസി! മറ്റൊന്നുകൂടിയുണ്ടായി. മാർക് ആന്റണിയുടെ പ്രകടനം അദ്ദേഹത്തെ വിസ്മയിപ്പിച്ചു. നാടകത്തിനുശേഷം പോൾ സാർ എത്യോപ്യൻ ഭാഷയായ അമാറികിൽ നടത്തിയ പ്രസംഗം ചക്രവർത്തിയെ അക്ഷരാർഥത്തിൽ അതിശയിപ്പിക്കുകയും ചെയ്തു.
അവിടെ തുടങ്ങുന്നു, ഹെയ്ലി സിലാസി ചക്രവർത്തിക്ക് പോൾ സാറും കേരളവുമായുള്ള ബന്ധം. അക്കാലത്ത് ഒട്ടേറെ മലയാളികൾ എത്യോപ്യയിൽ അധ്യാപകരായി ജോലിചെയ്തിരുന്നു. പോൾ സാറിനോടുള്ള സ്നേഹബഹുമാനങ്ങളാൽ ചക്രവർത്തി അദ്ദേഹത്തെ തലസ്ഥാനത്തുള്ള ഹെയ്ലി സിലാസി ഹയർ സെക്കൻഡറി സ്കൂളിലേക്കു കൊണ്ടുവന്നു.
അവർ തമ്മിലുള്ള ബന്ധം ഉൗഷ്മളമായി ദീർഘകാലം തുടർന്നു. പിന്നീട് നാട്ടിലേക്കു തിരിച്ചുപോരാൻ പോൾ വർഗീസ് തീരുമാനമെടുത്തപ്പോൾ എത്യോപ്യയിൽ തുടരാൻ ചക്രവർത്തി ഏറെ സ്നേഹപൂർവം നിർബന്ധിച്ചിരുന്നു. എങ്കിലും മടങ്ങാതെ നിവൃത്തിയില്ലെന്ന നിലപാടിലായിരുന്നു പോൾ സാർ.
ചക്രവർത്തി കേരളത്തിൽ
1956ൽ ഇന്ത്യ സന്ദർശിച്ചവേളയിൽ ഹെയ്ലി സിലാസി കേരളത്തിലുമെത്തി. പോൾ വർഗീസിനെ വിളിച്ചുവരുത്തി സൗഹൃദം പങ്കിടാനും അദ്ദേഹം മറന്നില്ല. കേരളത്തിലെ വിദ്യാഭ്യാസ രീതികളും അധ്യാപകരെയും ചക്രവർത്തിക്ക് വലിയ മതിപ്പായിരുന്നു. ഈ ഇഷ്ടംമൂലം ഒട്ടേറെ മലയാളികൾക്ക് ആഡിസ് അബാബയിൽ അധ്യാപകരായി ജോലിചെയ്യാൻ കഴിഞ്ഞു.
നിയമപാലകരായും ഏറെപ്പേർ അവിടെ ജോലിചെയ്തിരുന്നു. ഇവരെയെല്ലാം അന്നാട്ടുകാർ ഏറെ ബഹുമാനിക്കുകയും ചെയ്തു. മറ്റൊരു ചരിത്രപരമായ കൗതുകംകൂടി പോൾ വർഗീസിന്റെ കാര്യത്തിലുണ്ട്. വൈദികനാവുക എന്ന തീരുമാനത്തിലാണ് അദ്ദേഹം എത്യോപ്യയിലെ അധ്യാപക ജോലി വേണ്ടെന്നുവച്ച് നാട്ടിലേക്കു മടങ്ങിയത്.
അദ്ദേഹം തന്റെ ആഗ്രഹം പൂർത്തീകരിക്കുകയും പിന്നീട് പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയായി സഭയെ നയിക്കുകയും ചെയ്തു. ചക്രവർത്തി കേരളത്തിലെ ഓർത്തഡോക്സ് സഭയുമായി വലിയ സൗഹൃദവും സാഹോദര്യവും പങ്കിടുകയും പള്ളികൾ സന്ദർശിക്കുകയും ചെയ്തിരുന്നു.
അവസാനത്തെ ചക്രവർത്തി
എത്യോപ്യയുടെ അവസാനത്തെ ചക്രവർത്തിയാണ് ഹെയ്ലി സിലാസി. 1892 ജൂലൈ 23ന് മക്കോണൻ മൈക്കിൾ- യെഷീമെ ഉബറ്റ് അലി എന്നിവരുടെ മക്കളായി ജനിച്ചു.
റാസ്തഫാരി മക്കോണൻ എന്നായിരുന്നു ആദ്യത്തെ പേര്. 1930 ഏപ്രിൽ രണ്ടു മുതൽ 1974 സെപ്റ്റംബർ 12 വരെ എത്യോപ്യയുടെ ചക്രവർത്തിയായിരുന്നു. ചക്രവർത്തിനി സെവ്ഡിറ്റുവിന്റെ കാലത്ത് പൂർണ അധികാരമുള്ള റീജന്റ് ആയി പ്രവർത്തിച്ചിരുന്നതിനാൽ രാജ്യഭരണത്തിൽ ശക്തമായ അടിത്തറയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി 1931ൽ അദ്ദേഹം പുതിയ ഭരണഘടനയുണ്ടാക്കി. 1942ൽ അടിമത്തം നിരോധിക്കുകയും ചെയ്തു. എത്യോപ്യയെ ഇറ്റലിയുടെ അധിനിവേശത്തിൽനിന്നു മോചിപ്പിക്കാൻ ഇറ്റാലിയൻ ഭരണകൂടത്തിനെതിരേ യുദ്ധം ചെയ്ത് പരാജയപ്പെടുകയും ഇംഗ്ലണ്ടിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു.
വിദേശരാജ്യങ്ങളിലിരുന്നും അദ്ദേഹം സ്വാതന്ത്ര്യത്തിനായി പല പരിപാടികളും ആസൂത്രണംചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുഎൻ എത്യോപ്യക്കും എറിത്രിയക്കും തുല്യ അവകാശങ്ങളോടുകൂടി അദ്ദേഹത്തിനു കൈമാറി. എന്നാൽ എറിത്രിയയെ അദ്ദേഹം എത്യോപ്യയുടെ പ്രവിശ്യ മാത്രമാക്കി.
ഇതിനെതിരേ വ്യാപകമായ എതിർപ്പാണുയർന്നത്. പിൽക്കാലത്ത് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ബഹുമാനിക്കപ്പെട്ടിരുന്നെങ്കിലും നാട്ടിൽ സിലാസിക്കെതിരേ അടിയൊഴുക്കുകളുണ്ടായി. ഏകാധിപത്യശൈലിയിൽ എതിരാളികളോടു ക്രൂരമായി പെരുമാറുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു.
പട്ടാള അട്ടിമറി
രാജ്യത്തെ അസ്വസ്ഥതകൾ മുതലെടുത്ത് ഡെർഗ് എന്ന പട്ടാള മധ്യനിരയുടെയും പോലീസിന്റെയും അതിർത്തിസേനയുടെയും കൂട്ടായ്മ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഹെയ്ലി സിലാസിയുടെ ഭരണത്തെ അട്ടിമറിച്ചു. ഡെർഗ് നേതാവായ മങ്കിസ്തു ഹെയ്ലി മറിയം എന്ന പട്ടാള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 1974 സെപ്റ്റംബർ 12ന് പുതിയ പട്ടാളഭരണം നിലവിൽവന്നു.
പട്ടാളത്തിന്റെ കീഴിൽ സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു. മങ്കിസ്തുവിന്റെ ഭരണവും 80കളിൽ പല എതിർപ്പുകൾക്കും സാന്പത്തിക അസ്ഥിരതയ്ക്കും ആഭ്യന്തര കലാപങ്ങൾക്കും കാരണമായി. 1991ൽ മേയിൽ എത്യോപ്യൻ പീപ്പിൾസ് റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് ഭരണം കൈയടക്കി. മങ്കിസ്തു സിംബാബ്വേയിലേക്കു പലായനംചെയ്തു.
ചക്രവർത്തിയുടെ മരണം
1974ൽ അധികാരം നഷ്ടപ്പെട്ട ഹെയ്ലി സിലാസിയെ പട്ടാളം വീട്ടുതടങ്കലിലാക്കിയിരുന്നു. ഒരുകൊല്ലം കഠിനമായ തടവിലിട്ട് 1975 ഓഗസ്റ്റ് 27നു മങ്കിസ്തുവിന്റെ മേൽനോട്ടത്തിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.
മൃതദേഹം ചക്രവർത്തിയുടെ കാര്യാലയത്തിനടിയിൽ മറവുചെയ്തു. മങ്കിസ്തു 1991ൽ പലായനംചെയ്തശേഷം പിറ്റേക്കൊല്ലമാണ് ജനം സിലാസിയുടെ ഭൗതിക ശരീരം കണ്ടെത്തി വീണ്ടും സംസ്കരിച്ചത്. മലയാളികളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്ത ചക്രവർത്തി ഓർമയായിട്ട് അന്പതു വർഷം.