അറിവാകാശം
സിബി മാത്യു, കൊട്ടാരക്കര
Saturday, August 30, 2025 9:05 PM IST
ബഹിരാകാശ വ്യോമയാന പദ്ധതികള്‍ക്കായും പഠനപര്യവേക്ഷണങ്ങൾക്കായും അമേരിക്ക സ്ഥാപിച്ച നാസ ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഏജൻസിയാണ്. നാസയുടെ ദൗത്യനിയന്ത്രണകേന്ദ്രമായ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലേക്ക് ഒരു യാത്ര...
പാഠപുസ്തകങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും വായിച്ചും കണ്ടും കേട്ടും മാത്രം അറിവുള്ള, വിസ്മയങ്ങളുടെ കലവറ- നാസ! അറിവുതേടിയുള്ള മനുഷ്യന്റെ യാത്രയുടെ മഹത്തായ ഉദാഹരണമായി നിലനിൽക്കുന്ന നാസയുടെ ദൗത്യനിയന്ത്രണത്തിന്റെയും ബഹിരാകാശ യാത്രികരുടെ പരിശീലനത്തിന്റെയും കേന്ദ്രമായ ഹൂസ്റ്റണിലുള്ള ജോൺസൺ സ്പേസ് സെന്ററിലേക്കായിരുന്നു ഇത്തവണത്തെ യാത്ര.
അവിടെയെത്തി സംവിധാനങ്ങൾ നേരിൽ കണ്ടപ്പോൾ മനുഷ്യബുദ്ധി വികസിപ്പിച്ചെടുത്ത കാര്യങ്ങളെക്കുറിച്ചോർത്ത് ശരിക്കും അദ്ഭുതപ്പെട്ടുപോയി. അമേരിക്കന്‍യാത്ര തീരുമാനിച്ചപ്പോള്‍തന്നെ നാസ സന്ദർശിക്കണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു.
ടെക്സാസിലെ ഹൂസ്റ്റണില്‍ താമസിക്കുന്ന ബന്ധുക്കൾക്കൊപ്പം ഷുഗർലാൻഡിലുള്ള വീട്ടില്‍നിന്ന് ഒരുച്ചയോടെയായിരുന്നു യാത്രയുടെ തുടക്കം. 1,700 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ജോൺസൺ സ്പേസ് സെന്ററിന്റെ കവാടം കടന്നപ്പോൾത്തന്നെ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെ കാണാമായിരുന്നു.
വാഹനം പാർക്ക് ചെയ്ത് ഞങ്ങൾ പ്രവേശന കവാടത്തിലേക്ക് നടന്നു. കുട്ടികളടക്കമുള്ളവരുടെ വലിയ തിരക്കുണ്ട്. ടിക്കറ്റുകൾ ഓൺലൈനിൽ മുൻകൂട്ടി എടുത്തതിനാൽ പ്രവേശന നടപടികൾ സുഗമമായിരുന്നു. പല കാലങ്ങളിലായി പര്യവേക്ഷണങ്ങൾക്കിടയിൽ ജീവൻനഷ്ടപ്പെട്ട ബഹിരാകാശയാത്രികരെ സ്മരിക്കാൻ പ്രധാന കവാടത്തിനടുത്ത് ഓക്ക് വൃക്ഷങ്ങളുടെ തോട്ടം ഒരുക്കിയിട്ടുണ്ട്.
അമേരിക്കയെ ഞെട്ടിച്ച സ്പുട്നിക്
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ 195 ലാണ് സ്ഥാപിതമായത്. വാഷിംഗ്ടൺ ഡി.സിയിലാണ് നാസയുടെ ആസ്ഥാനം.
അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിലായി 10 ഫീൽഡ് സെന്ററുകൾ നാസയ്ക്കുണ്ട്. 1915ൽ രൂപംകൊണ്ട എൻഎസിഎ എന്ന സ്ഥാപനമാണ് പിന്നീട് നാസയായി മാറിയത്. വ്യോമയാനരംഗത്തെ പുരോഗതിക്കായുള്ള സൈനികേതര ഏജൻസി എന്ന ആശയമായിരുന്നു എൻഎസിഎയുടെ രൂപീകരണത്തിന് വഴിതെളിച്ചത്.
സോവിയറ്റ് യൂണിയൻ ലോകത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് വിജയകരമായി വിക്ഷേപിച്ചതിന്റെ ഞെട്ടലിൽനിന്നാണ് അമേരിക്ക നാസ എന്ന ബഹിരാകാശ ഗവേഷണകേന്ദ്രത്തിന് തുടക്കമിട്ടത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻകൂടി യൂറി ഗഗാറിനിലൂടെ സോവിയറ്റ് യൂണിയന് സാധിച്ചതോടെ നാസയുടെ തുടർന്നുള്ള ഗവേഷണങ്ങൾക്ക് വൻ ശ്രദ്ധയാണ് അമേരിക്കൻ അധികൃതരിൽനിന്ന് ലഭിച്ചത്.
1958 ജനുവരി 31ന് എക്സ്പ്ലോറർ 1 നാസ ഭ്രമണപഥത്തിൽ എത്തിച്ചു. മനുഷ്യനെ എങ്ങനെ വിജയകരമായി ബഹിരാകാശത്ത് എത്തിക്കാമെന്നതായിരുന്നു നാസ തുടക്കംമുതൽക്കേ ലക്ഷ്യമിട്ടത്. നാസയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്റർ.
1961ൽ Manned Spacecraft Center എന്ന പേരിൽ ആരഭിച്ച സ്ഥാപനം 1973ൽ ജോൺസൺ സ്പേസ് സെന്റർ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. മനുഷ്യൻ ബഹിരാകാശത്തു നടത്തുന്ന പ്രയാണങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പരിശീലനങ്ങളും നടത്തുന്നത് ജോൺസൺ സ്പേസ് സെന്ററിന്റെ പ്രധാന ചുമതലകളാണ്.
കല്പന, സുനിത
ടിക്കറ്റ് സ്കാൻ ചെയ്ത് പ്രവേശിക്കുന്നത് വിശാലമായ ലോബിയിലേക്കാണ്. പ്രധാന ഹാളിൽ ഒട്ടേറെ പ്രദര്‍ശനങ്ങളും ആക്ടിവിറ്റികളും കാണാം. എവിടെ കണ്ടുതുടങ്ങണമെന്ന ആശങ്കയായിരുന്നു ഞങ്ങൾക്ക്.
ചന്ദ്രനിലേക്ക് നടത്തിയ ദൗത്യങ്ങളുടെ രേഖകളും മോഡലുകളും ചിത്രങ്ങളും അവിടെനിന്നു കൊണ്ടുവന്ന മണ്ണും കല്ലുമെല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു. കുട്ടികൾ പലരും അതിൽ തൊട്ടുനോക്കുന്നുണ്ടായിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ വസ്ത്രങ്ങളും വാഹനങ്ങളുമെല്ലാം കൗതുകത്തോടെ ഞങ്ങള്‍ കണ്ടു.
അപ്പോളോ, ലൂണാര്‍ മൊഡ്യൂള്‍ എന്നിവയൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ അഭിമാനമായ കല്പന ചൗളയുടെയും സുനിത വില്യംസിന്റെയുമെല്ലാം ചിത്രങ്ങളും വിവരണങ്ങളും യുഎസ് ആസ്ട്രോനോട്ട് ഹാള്‍ ഓഫ് ഫെയിം എന്നയിടത്ത് അഭിമാനത്തോടെ ഞങ്ങൾ കണ്ടു. നാസയുടെ എസ്ടിഎസ്-87 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായായിരുന്നു കല്പനയുടെ ആദ്യ ശൂന്യാകാശയാത്ര.
കൊളംബിയ എന്ന ബഹിരാകാശ വാഹനത്തില്‍ 1997 നവംബര്‍ 19ന് സഹഗവേഷകര്‍ക്കൊപ്പം അവർ ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു. 2003 ജനുവരി 16ന് കല്പന രണ്ടാംതവണയും ബഹിരാകാശത്തേക്കു പറന്നുയര്‍ന്നു. പതിനേഴുദിവസത്തെ ഗവേഷണങ്ങള്‍ക്കുശേഷം ഫെബ്രുവരി ഒന്നിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കൊളംബിയ തകരുകയും കല്പനയടക്കമുള്ള ബഹിരാകാശ സഞ്ചാരികൾ മരിക്കുകയുമായിരുന്നു.
സുനിത വില്യംസിന്റെ ബഹിരാകാശയാത്രകളെപ്പറ്റിയും അവിടെ കണ്ടു. നാസയുടെ ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ നടക്കുന്ന തിയറ്ററിൽ ഞങ്ങൾ പ്രവേശിച്ചു. മുൻകാലങ്ങളിൽ നടന്ന എല്ലാ പര്യവേക്ഷണങ്ങളുടെയും വീഡിയോ പ്രദർശനങ്ങൾ അവിടെ കാണാം. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കുമുള്ള നാസയുടെ ഇപ്പോഴത്തെ ഒരു സുപ്രധാന ദൗത്യമായ ആര്‍ടെമിസ് പ്രോഗ്രാമിനെപറ്റിയുള്ള വിവരങ്ങളും അറിയാനായി.
ഹൂസ്റ്റൺ, വീ ഹാവ് എ പ്രോബ്ലം
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. അപ്പോളോ പ്രോഗ്രാമിന്റെ പ്രധാന കേന്ദ്രമായി ജോൺസൺ സ്പേസ് സെന്റർ പ്രവർത്തിച്ചിരുന്നു.
1969 ജൂലൈ 16ന് അപ്പോളോ 11 ഫ്ലോറിഡയിൽനിന്നാണ് വിക്ഷേപിക്കപ്പെട്ടത്. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. 1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തി. ചന്ദ്രനിൽനിന്നുള്ള നീൽ ആംസ്ട്രോങ്ങിന്റെ ആദ്യ സന്ദേശം "Houston, Tranquility base here; The Eagle has landed" എന്ന് ഹൂസ്റ്റണിലെ നാസാ കൺട്രോൾ റൂമിലേക്ക് ആയിരുന്നു.
"ഹൂസ്റ്റൺ’ എന്ന പേര് അതിലൂടെ ലോകമെമ്പാടും പ്രശസ്തമായി. പിന്നീട് 1970ലെ അപ്പോളോ 13 മിഷനിൽനിന്നുള്ള സംഭാഷണം "ഹൂസ്റ്റൺ, വീ ഹാവ് എ പ്രോബ്ലം' എന്നത് വളരെ പ്രസിദ്ധമാണ്. ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ സെന്ററിന്റെ പ്രാധാന്യം വലുതാണ്. ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യത്തെ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75 ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.
അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതു മുതൽ 1972ലെ അപ്പോളോ 17 വരെയുള്ള എല്ലാ ചാന്ദ്രപ്രയാണങ്ങളും ജോൺസൺ സ്പേസ് സെന്റർ മിഷൻ കൺട്രോൾ സെന്ററിൽനിന്നാണ് നിയന്ത്രിച്ചത്. 1981ൽ ആരംഭിച്ച സ്പേസ് ഷട്ടിൽ പ്രോഗ്രാമിന്റെ എല്ലാ പ്രയാണങ്ങളും 2011ലെ അവസാന ഷട്ടിൽ മിഷൻ വരെ ഹൂസ്റ്റണിൽനിന്നാണ് നിയന്ത്രിച്ചത്. അതിലൊന്ന് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഹിസ്റ്റോറിക് മിഷൻ കൺട്രോൾ ടൂർ, അസ്ട്രോനട്ട് ട്രെയിനിംഗ് ഫെസിലിറ്റി ടൂർ, ജോർജ് ഡബ്ല്യു.എസ്. ആബി റോക്കറ്റ് പാർക്ക് ടൂർ എന്നിവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിന് ഉപയോഗിച്ച റോക്കറ്റുകളിൽ ഒന്നായ സാറ്റേൺ വി, മറ്റു വിവിധ റോക്കറ്റുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നത് വിസ്മയത്തോടെ ഞങ്ങൾ നടന്നുകണ്ടു.
ബഹിരാകാശ ജീവിതം
ബഹിരാകാശ സഞ്ചാരികളുടെ ട്രെയിനിംഗ്, ബഹിരാകാശകേന്ദ്രത്തിലെ പരീക്ഷണങ്ങൾ എന്നിവ ജോൺസൺ സ്പേസ് സെന്ററിന്റെ പ്രധാന ദൗത്യങ്ങളാണ്. മനുഷ്യന്റെ ബഹിരാകാശജീവിതവുമായി ബന്ധപ്പെട്ട നൂതന പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. ബഹിരാകാശജീവിതത്തിന്റെ ദൈർഘ്യം, മൈക്രോഗ്രാവിറ്റിയുടെ സ്വാധീനം, ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യ പരിരക്ഷണം തുടങ്ങിയവ സംബന്ധിച്ച പഠനങ്ങൾ ഇവിടെ സജീവമാണ്.
അമേരിക്കയുടെ ബഹിരാകാശയാത്രിക സംഘങ്ങൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ഓറിയോണ്‍ പ്രോഗ്രാം, ആര്‍ടെമിസ് പ്രോഗ്രാം, ഭാവിയിലെ ബഹിരാകാശവികസനം എന്നിവയുടെ പഠനകേന്ദ്രമാണിവിടം. പൊതുജനങ്ങളിൽ ബഹിരാകാശജ്ഞാനം പ്രചരിപ്പിക്കുന്നതിനു പ്രാധാന്യം നൽകുന്നതിലൂടെ ജോൺസൻ സ്പേസ് സെന്റർ സാംസ്കാരിക പ്രതിച്ഛായകൂടി നേടി.സന്ദർശകർക്ക് അനുവദിച്ച സ്ഥലത്തെല്ലാം ചുറ്റിക്കറങ്ങി വൈകുന്നേരത്തോടെ ഞങ്ങൾ ജോൺസൺ സ്പേസ് സെന്ററിനോട് വിടപറഞ്ഞു.
പ്രതിവര്‍ഷം ലക്ഷക്കണക്കിന് ശാസ്ത്രവിദ്യാര്‍ഥികളും മറ്റു സന്ദര്‍ശകരും കാഴ്ചക്കാരായി ഇവിടെ എത്തുന്നതിൽ അദ്ഭുതമില്ല. ബഹിരാകാശ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളും നിയന്ത്രിക്കപ്പെട്ട ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്റർ ശാസ്ത്രകാഴ്ചകളുടെ സാഗരമാണ്- കാണാനും പഠിക്കാനും അറിയാനും...