റെബേക്ക നോവൽ അധ്യായം- 5
Saturday, October 18, 2025 9:49 PM IST
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
എല്ലാം ഓർത്തപ്പോൾ എനിക്കു സങ്കടംവന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. മുഖം തുടുത്തു ചുവന്നു. കാറിലെ കണ്ണാടിയിൽ അതു പ്രതിഫലിച്ചു. അദ്ദേഹം അതു ശ്രദ്ധിച്ചോ എന്നറിഞ്ഞുകൂടാ.
പല ദിവസങ്ങളിലും രാവിലെ മാക്സിം എന്നെയുംകൂട്ടി കാറുമെടുത്തു കറങ്ങി. അത് എന്നോടുള്ള താത്പര്യംകൊണ്ടോ അതോ തെല്ലും പരിഷ്കാരിയല്ലാത്ത ഈ പെണ്ണിനെ കുറേ കാഴ്ചകൾ കാണിക്കാൻവേണ്ടിയോ? അറിയില്ല. ഞാൻ മുറി പൂട്ടി ഓടിപ്പിടഞ്ഞു വരുന്പോൾ എന്നെയുംകാത്ത് കാറിലിരുന്ന് പത്രം വായിക്കുന്ന അദ്ദേഹത്തെ കാണാം.
എന്നെ കണ്ടയുടനെ പുഞ്ചിരിച്ച് പത്രം പിൻസീറ്റിലേക്കു വലിച്ചെറിഞ്ഞ് ഡോർ തുറന്നുതരും. എന്നെ മുൻസീറ്റിൽ ഇരുത്തിക്കൊണ്ടാണ് യാത്ര. ""ഇന്നു നല്ല ശീതക്കാറ്റുണ്ട്. എന്റെ ഈ കോട്ട് ധരിച്ചോളൂ.'' സ്വെറ്ററും മഫ്ളറും ധരിച്ചിട്ടുള്ള അദ്ദേഹം സന്മനസോടെ അതു പറഞ്ഞെങ്കിലും ഓഫർ ഞാൻ സ്വീകരിച്ചില്ല. ""സാരമില്ല വിൻഡ് ഗ്ലാസ് കയറ്റിയിട്ടാൽ മതി.''
കാർ കിഴക്കോട്ടും പിന്നെ പടിഞ്ഞാട്ടും വളഞ്ഞും തിരിഞ്ഞും ഓടിക്കൊണ്ടിരുന്നു. ടൗണുകളിലൂടെ, ഗ്രാമപ്രദേശങ്ങളിലൂടെ, കാട്ടുവഴികളിലൂടെ പലവിധ കാഴ്ചകൾ കണ്ടുകൊണ്ടുള്ള രസകരമായ ഒരു മോട്ടോർ സവാരി. ഞാൻ പറഞ്ഞു: ""സുഖസുന്ദരമായ ഈ യാത്ര ഞാൻ ഒരിക്കലും മറക്കില്ല.'' ""ഈ പറഞ്ഞത് ഇന്നത്തെ ദിവസത്തെ ഓർത്തുള്ള സന്തോഷമോ, അതോ എന്റെ ഡ്രൈവിംഗിനുള്ള പ്രശംസയോ?'' എന്നിട്ടൊരു പൊട്ടിച്ചിരി.
ഇതു സന്തോഷച്ചിരിയോ പരിഹാസച്ചിരിയോ? വ്യക്തമായില്ല. ഞാൻ മൗനംപൂണ്ടു. അബദ്ധമെന്തെങ്കിലും ഞാൻ പറഞ്ഞോ? മിസിസ് വാൻഹോപ്പർ മുന്പൊരിക്കൽ പറഞ്ഞത് ഓർമവച്ച് മാക്സിമിന് സന്തോഷമായിക്കൊള്ളട്ടെ എന്നുകരുതി ഞാൻ പറഞ്ഞു: ""ചരടിൽ കോർത്ത മുത്തുമണികളോടുകൂടി കറുത്ത സാറ്റിൻ ധരിച്ച ഒരു മുപ്പത്താറുകാരിപ്പെണ്ണായിരുന്നു ഞാനെങ്കിൽ...''
""അങ്ങനെയായിരുന്നെങ്കിൽ നീ എന്നോടൊപ്പം ഈ കാറിൽ ഉണ്ടാവില്ല.'' ദേഷ്യം പുരണ്ട സ്വരം. പെട്ടെന്നുള്ള ഭാവമാറ്റം. ""നീയെന്താ ഇടയ്ക്കിടെ നഖം കടിക്കുന്നത്? മഹാ വൃത്തികേട്...'' പരുഷമായ പറച്ചിൽ. അസ്വാഭാവികമായ നോട്ടം.
വല്ലാതെ വീർപ്പുമുട്ടുന്നപോലെയായി ഞാൻ. ഇത്ര രൂക്ഷമായി നോക്കാൻമാത്രം ഇവിടെ എന്തുണ്ടായി? ധൈര്യം സംഭരിച്ച്, ചെറുപ്പത്തിന്റെ തന്റേടത്തോടെ ഞാൻ പറഞ്ഞു: ""എന്നെ ഒരു ധിക്കാരിയും അധികപ്രസംഗിയുമായിട്ടു തോന്നിയോ? ഞാനൊന്നു ചോദിക്കട്ടെ; ദിവസവും കാറിൽ കൂടെവരാൻ എന്നോടു പറഞ്ഞത് ഞാൻ ആവശ്യപ്പെട്ടിട്ടാണോ? ഒരു നല്ല മനസ് എന്നു ഞാൻ ധരിച്ചു.
അതല്ലെന്ന് ഇപ്പോൾ ബോധ്യമായി. ഒരു സഹതാപവും ഒൗദാര്യവും എനിക്കു വേണ്ട. എന്നെ ഇങ്ങനെ ചീപ്പായി കാണരുത്.'' മാക്സിം മയത്തിൽ പറഞ്ഞു: ""ചരടിൽ മുത്തുമണികൾ കോർത്ത കറുത്ത സാറ്റിൻ നീ ധരിക്കുന്നില്ല. നിന്റെ പ്രായം മുപ്പത്താറുമല്ല. പിന്നെ...''
""അതെന്തുമാവട്ടെ. എന്നെക്കുറിച്ച് താങ്കൾക്ക് എല്ലാമറിയാം. എത്രകാലം ഞാൻ ജീവിച്ചിരിക്കുമെന്ന് എനിക്കറിയില്ല. മരണം ആരെയും പിടികൂടാം. നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ അറിഞ്ഞതിൽവിട്ടു താങ്കളെക്കുറിച്ച് എനിക്കൊന്നുമറിയില്ല..''
""നീ പിന്നെ എന്താണറിഞ്ഞത്?''
""താങ്കൾ പ്രസിദ്ധമായ മാൻഡെർലിയിൽ താമസിക്കുന്നു എന്നറിയാം. താങ്കളുടെ ഭാര്യ കടലിൽ കുളിക്കാനിറങ്ങി മരിച്ചുപോയി എന്നുമറിയാം.'' കൂടുതൽ സംസാരിക്കാതെ മനോനൊന്പരത്തോടെ ഞാൻ നേരേ മുന്നിലേക്കുനോക്കി ഇരുന്നു. തികച്ചും മൗനിയായി അദ്ദേഹം വണ്ടി ഓടിച്ചുകൊണ്ടിരുന്നു.
ഞങ്ങളുടെ കടുത്ത മൗനം മിനിറ്റുകളായി മാറി. മിനിറ്റുകൾ മൈലുകളിലേക്കു കുതിച്ചു. എല്ലാം ഇതോടെ തീരുകയാണ്. മതിയായി. ഇദ്ദേഹത്തോടൊപ്പം ഇനി ഞാൻ യാത്രചെയ്യില്ല. നാളെ ഇദ്ദേഹം സ്ഥലംവിടുകയാണ്.
എല്ലാം ഓർത്തപ്പോൾ എനിക്കു സങ്കടംവന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. മുഖം തുടുത്തു ചുവന്നു. കാറിലെ കണ്ണാടിയിൽ അതു പ്രതിഫലിച്ചു. അദ്ദേഹം അതു ശ്രദ്ധിച്ചോ എന്നറിഞ്ഞുകൂടാ. നിമിഷങ്ങൾ കഴിഞ്ഞില്ല. വണ്ടി ഓടിച്ചുകൊണ്ടിരിക്കെതന്നെ അപ്രതീക്ഷിതമായി അദ്ദേഹം ഒന്നും മിണ്ടാതെ തന്റെ ഒരു കൈകൊണ്ട് എന്റെ കൈയെടുത്ത് അതിന്മേൽ അമർത്തി ചുംബിച്ചു. ഞാൻ കോരിത്തരിച്ചുപോയി.
തുടർന്ന് അദ്ദേഹം തന്റെ പോക്കറ്റിൽനിന്ന് തൂവാലയെടുത്ത് എന്റെ മടിയിലേക്കിട്ടു. എനിക്കു നാണമായി. ഒരു നല്ല മനസിന്റെ, വീണ്ടുവിചാരത്തിന്റെ ലക്ഷണം! വണ്ടി നീങ്ങിക്കൊണ്ടിരിക്കെ എന്നെ അദ്ദേഹം തന്റെ അരികിലേക്കു ചേർത്തിരുത്തി ഒരു കൈകൊണ്ട് വാത്സല്യപൂർവം എന്റെ തോളിൽ ചുറ്റിപ്പിടിച്ചു. സത്യത്തിൽ എനിക്കു രോമാഞ്ചമുണ്ടായി.
അദ്ദേഹം അപരാധബോധത്തോടെ മൊഴിഞ്ഞു: ""ഞാൻ എന്തൊക്കെയോ പറഞ്ഞുപോയി. ക്ഷമിക്കുക. എല്ലാം മറന്നേക്കൂ. ചിലനേരത്ത് എന്റെ പ്രകൃതം അങ്ങനെയാണ്. ഒന്നും ഉള്ളിൽ വയ്ക്കേണ്ട.'' എന്നിട്ട് കാർ ഒരു വശത്ത് ഒതുക്കിനിർത്തി. എന്നിട്ടു ചോദിച്ചു:
""എന്നോടു പരിഭവമുണ്ടോ?''
""ഇല്ല.''
""സത്യം പറയണം.''
""സത്യമാണ് പറഞ്ഞത്. പിണക്കവും പരിഭവവുമൊന്നുമില്ല.''
മാക്സിം തന്റെ തലയിലിരിക്കുന്ന തൊപ്പിയെടുത്തു പിൻസീറ്റിലേക്കിട്ടു. എന്നിട്ട് ആവേശപൂർവം എന്റെ നെറുകയിൽ ചുംബിച്ചു. തുടർന്നു പറഞ്ഞു: ""ഒരിക്കലും നീ കറുത്ത സാറ്റിൻ വസ്ത്രം ധരിക്കരുത്. എനിക്ക് അതിഷ്ടമല്ല.'' വിചിത്രമായ ഒരാവശ്യം. ഞാൻ മന്ദഹസിച്ചു. മടങ്ങാൻ തിടുക്കംകൂട്ടി.
ഞങ്ങൾ വേഗം യാത്ര തുടർന്നു. ഞാൻ പറഞ്ഞു: ""മാഡം എന്നെ കാത്തിരിക്കും. ലഞ്ചിന്റെ സമയത്തിനുമുന്പ് എത്തണം. നഴ്സ് ഉച്ചയോടെ പോകും. രോഗം ഭേദപ്പെട്ട നിലയ്ക്ക് ബ്രിഡ്ജ് കളിക്കാൻ മാഡം ഒരുങ്ങിയിരിക്കയാണ്. രാവിലെയുള്ള നമ്മുടെ ഈ സവാരി മാഡം അറിഞ്ഞിട്ടില്ല. ഇന്നലെ എന്നോടു ചോദിച്ചു, മാക്സിം ഇപ്പോഴും ഹോട്ടലിൽ ഉണ്ടോയെന്ന്.
ഞാനൊന്നു പകച്ചു. എന്നിട്ടു പറഞ്ഞു, ഉണ്ടെന്നു തോന്നുന്നു. ഭക്ഷണത്തിന്റെ സമയത്ത് അദ്ദേഹം വരുന്നുണ്ടായിരിക്കുമെന്ന്.'' മാഡത്തിന്റെ ചോദ്യത്തിൽനിന്ന് സമർഥമായി രക്ഷപ്പെട്ടതോർത്തു ചിരിച്ചപ്പോൾ മാക്സിമും ഒപ്പം ചിരിച്ചു. (തുടരും)