താമസം ഒറ്റയ്ക്കാണ്
Sunday, March 8, 2020 2:19 AM IST
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ്നങ്ങൾ നിരവധി ഉണ്ട്. ഇപ്പോൾ ഒറ്റയ്ക്കാണ് താമസം. ഭർത്താവ് അപ്പച്ചൻ മരിച്ചിട്ട് പത്തു വർഷം ആയി. മൂത്തത് രണ്ടും പെൺമക്കളാണ്. ഏറ്റവും മൂത്തവളായ ലീലാമ്മ കുടുംബസമേതം ഡൽഹിയിലാണ്. നേഴ്സ് ആയിരുന്നു. റിട്ടയർ ചെയ്തിട്ട് മൂന്നു വർഷമായി. ഭർത്താവ് ജോജോപ്പൻ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു.
റിട്ടയർമെൻിനുശേഷം പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നു. ഇപ്പോൾ പറയത്തക്ക ജോലി ഒന്നും ഇല്ല. രണ്ടാമത്തെ മകൾ സുജമ്മയും ഭർത്താവും മക്കൾ ഇരുവർക്കും ഒപ്പം കാനഡയിലാണ്. സുജമ്മ നേഴ്സും ഭർത്താവായ സേവിച്ചൻ എൻജിനീയറും ആണ്. ആൺമക്കളിൽ മൂത്തവനായ ബാബുവും കുടുംബവും ചെന്നൈയിൽ ആണ്. ഇരുവരും അധ്യാപകരാണ്. മക്കൾ രണ്ടുപേരാണ് അവർക്ക്. ഇളയവൻ അജോപ്പൻ ഭാര്യക്കും ഏക മകനുമൊപ്പം കോഴിക്കോടാണ് താമസം. അജോപ്പന്റെ ഭാര്യ സീന റെയിൽവേ ജോലിക്കാരിയാണ്. അയാൾ അഡ്വക്കേറ്റ് ആണ്.
കാര്യത്തിലേക്ക് വരാം. ആൺമക്കൾ രണ്ടുപേരും പെൺമക്കളും വാർധക്യത്തിലെത്തിയ തങ്ങളുടെ അമ്മയെ തങ്ങളുടെ കൂടെ വന്നു താമസിക്കാൻ പലതവണ നിർബന്ധിച്ചെങ്കിലും മരിക്കുവോളം തന്നെ അതിന് നോക്കണ്ട എന്ന പിടിവാശിയിലാണ് ആ സ്ത്രീ. തന്നെക്കുറിച്ച് മക്കൾക്ക് ആർക്കും ആശങ്ക തെല്ലും വേണ്ടെന്നും താൻ മരിക്കുവോളം എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചോളാം എന്നുമാണ് മേരിക്കുട്ടി എന്ന ആ വൃദ്ധമാതാവ് പറയുന്നത്. അങ്ങനെയെങ്കിൽ ബന്ധു കുടുംബങ്ങളിലെ മുതിർന്നവരായ മക്കളെ ആരെയെങ്കിലുമോ അയൽപക്കങ്ങളിലെ വിശ്വസ്തരും സൽസ്വാഭാവികളുമായ പെൺകുട്ടികളിൽ ആരെയെങ്കിലുമോ ഒക്കെ കൂടെ താമസിപ്പിച്ചുകൂടെ എന്നവർ ചോദിച്ചപ്പോൾ തന്റെ കാര്യം നോക്കാൻ തനിക്കറിയാമെന്നും അങ്ങനെ വല്ലവരെയും ഒക്കെ തന്റെകൂടെ താമസിപ്പിച്ചാൽ അത് പിന്നീട് തനിക്കുതന്നെ ഊരാക്കുടുക്ക് ആകുമെന്നുമാണ് ആ പഴയ വില്ലേജ് ഓഫീസറുടെ അഭിപ്രായം.
ഏതായാലും ഇക്കാര്യത്തെ സംബന്ധിച്ച് മക്കൾ എല്ലാവരും വലിയ ആശങ്കയിലാണ് ഇപ്പോൾ. നാട്ടിൻപുറത്തെ പല കുടുംബങ്ങളിലും ഇന്ന് ഇത്തരമൊരവസ്ഥ നിലനിൽക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഒന്നുകിൽ വൃദ്ധമാതാപിതാക്കൾ രണ്ടുപേരുമോ, അല്ലെങ്കിൽ വൃദ്ധ മാതാവോ, പിതാവോ മാത്രം ഏകാന്തമായി കഴിയേണ്ടിവരുന്ന ദയനീയമായ അവസ്ഥ. കുടുംബവീട്ടിൽ നിന്ന് വിട്ടുമാറി താമസിക്കുന്ന മക്കളെയും മരുമക്കളെയും ഒക്കെ വിഷമവൃത്തത്തിലാക്കുന്ന ദുരവസ്ഥയാണിത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വന്നുഭവിക്കുന്ന ഒഴിവാക്കാനാവാത്ത കാര്യമാണ് ഇതെന്ന സത്യം മക്കളും അവരുടെ വൃദ്ധമാതാപിതാക്കളും മനസിലാക്കിയേ മതിയാകൂ.
ഇക്കാര്യത്തോടു ബന്ധപ്പെട്ട് ഇരുകൂട്ടരും നിർബന്ധവും പിടിവാശിയും ഒഴിവാക്കുന്നതാണ് ഉചിതം. സർക്കാർ സർക്കാരേതര മേഖലകളിൽ ജോലി ചെയ്തവരും ചെയ്യുന്നവരുമായ ആളുകൾക്ക് അറിയാവുന്നതും ആർക്കും ഒഴിവാക്കാനാവാത്തതുമായ ഒന്നാണല്ലോ ട്രാൻസ്ഫർ. ട്രാൻസ്ഫർ കിട്ടിയപ്പോഴൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിൽ പോലും അതിനെ ഉൾക്കൊള്ളുകയും അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന ആളുകൾക്ക് എന്തേ ജീവിതത്തോട് ബന്ധപ്പെട്ട ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നത്. വൃദ്ധരായ മാതാപിതാക്കൾ ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിക്കുന്നത് ഇന്നത്തെ മാറിയ സാമൂഹിക സാഹചര്യത്തിൽ ബുദ്ധിയല്ല എന്ന വസ്തുത അറിയാൻ പാടില്ലാത്തതായി ആരാണുള്ളത്.
വേദനിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ട് അതിനെ ഓർത്തു പിന്നീട് ദുഃഖിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? വർഷങ്ങളായി ജീവിച്ചുവന്ന വീടും സാഹചര്യവും വിട്ടു പോവുക ആർക്കും, പ്രത്യേകിച്ച് വൃദ്ധമാതാപിതാക്കൾക്ക് എളുപ്പമല്ല എന്നതു വസ്തുതയാണ്. അത്തരക്കാർക്ക് ആരോഗ്യം ക്ഷയിക്കുന്നു, ആരെങ്കിലുമൊക്കെ സഹായത്തിന് വേണം എന്നൊക്കെ തോന്നുന്ന കാലത്തെങ്കിലും സ്വന്തം മക്കളെ കേൾക്കാനും അവർക്കൊപ്പം കഴിയാനും സന്നദ്ധരാകാൻ സാധിക്കുക എന്നതാണ് ഇക്കാലത്ത് എന്തുകൊണ്ടും ഉചിതം. മാറിവരുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് മനസിനെ രൂപപ്പെടുത്താൻ വളർന്നുവരുന്ന കുട്ടികൾക്കൊപ്പം വാർധക്യത്തിലേക്ക് പ്രവേശിക്കുന്ന മാതാപിതാക്കളെയും പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് തോന്നുന്നത്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]