ദാനധർമം ഒരു നന്മമരം
Sunday, February 20, 2022 2:00 AM IST
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എല്ലാ മാസവും രണ്ടാം ശനിയാഴ്ച അവർ വരുന്പോൾ കുറെ പണം കൈയിലുണ്ടാകും. ജാതിക്കായ വിറ്റുകിട്ടുന്നതും മക്കൾ സമ്മാനിക്കുന്നതുമാണ് ഈ തുക. രോഗികളുടെ അരികിലെത്തി ഒരു നിമിഷം അവർ മൗനമായി പ്രാർഥിക്കും. നിർധന രോഗികൾക്ക് സാന്പത്തിക സഹായം നൽകും. ഒരു വരവിൽ ഒട്ടേറെ രോഗികൾക്ക് സഹായവും ആശ്വാസവും നൽകിയാണ് മടക്കം. സ്വന്തം മക്കൾക്കും കൊച്ചുമക്കൾക്കും ദൈവാനുഗ്രഹമുണ്ടാകണമെന്ന നിയോഗത്തിലാണ് അമ്മയുടെ ദാനധർമം.
ബിസിനസിലും കൃഷിയിലും വലിയ അഭിവൃദ്ധി അവരുടെ എല്ലാ മക്കൾക്കുമുണ്ടാകുന്നതായി എനിക്ക് അടുത്തറിയാം. ദാനധർമം നന്മമരം പോലെയാണ്. ഒരാളുടെ സഹായം മറ്റുള്ളവർക്കു പ്രചോദകമായ ചില്ലകളായി തണൽ വിരിക്കും. ഇതേ അമ്മയിൽ നിന്ന് സഹായം വാങ്ങിയവർ മറ്റു പലരോടും ഈ നന്മയെക്കുറിച്ച് പറയും. കേൾക്കുന്നവരിലും നൻമ ചെയ്യാൻ അത് പ്രചോദനമായിത്തീരും. അമ്മയുടെ ദാനധർമത്തെക്കുറിച്ചറിഞ്ഞ് പാലായിലുള്ള മറ്റൊരു അമ്മ സമാനമായ സഹായവുമായി മുന്നോട്ടുവന്നത് ഞാനോർമിക്കുന്നു. ഈ മുതിർന്ന മാതാക്കളുടെ സദ്പ്രവ ൃ ത്തി പലരെയും ദാനധർമത്തിലേക്ക് വഴിനയിക്കാൻ ദൈവം പ്രചോദിപ്പിക്കുന്നു. ഒരു വ്യക്തിയിലെ സുകൃതം അനേകരെ നന്മയുടെയും സഹായത്തിന്റെയും പാതയിലേക്ക് നയിക്കുന്നതായി എനിക്ക് ഏറെ അനുഭവങ്ങളുണ്ട്.
വേദനയിലും ദുഖത്തിലും നിസഹായരായവർക്ക് പണംപോലെ വലുതാണ് കാരുണ്യ വചനങ്ങൾ. ആശ്വാസത്തിന്റെ ചെറിയ വാക്കും തലോടലും സൗഖ്യദായകമാണ്. പണം മാത്രമല്ല, മറ്റു സേവനങ്ങളും ശുശ്രൂഷകളും പ്രാർഥനകളുമെല്ലാം ദാനധർമാണ്. ജാതിയോ മതമോ മുൻവിധികളോ അടിസ്ഥാനമാക്കിയാവരുത് പുണ്യപ്രവൃത്തികൾ.
പി.യു. തോമസ്, നവജീവൻ