വരന്റെ യോഗ്യത അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട, വൈറലായൊരു ക്ഷണക്കത്ത്
Wednesday, April 30, 2025 10:24 AM IST
വെറൈറ്റി വിവാഹ ക്ഷണക്കത്തുകൾ പലപ്പോഴും വൈറലാകാറുണ്ട്. അതിന്റെ രൂപമോ, ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങളോ ഒക്കെയാകും. ഇപ്പോൾ ഇതാ വീണ്ടുമൊരു ക്ഷണക്കത്ത് വൈറലായിരിക്കുന്നു.
ബിഹാറിൽ നിന്നുള്ള യുവാവിന്റേയും യുവതിയുടേതുമാണ് വൈറലായിരിക്കുന്ന ക്ഷണക്കത്ത്. വൈറലാകാനുള്ള കാരണം ക്ഷണക്കത്തിൽ യുവാവ് ബിഹാർ പൊലീസിന്റെ ഫിസിക്കൽ ടെസ്റ്റ് റൗണ്ട് വിജയിച്ചിട്ടുണ്ട് എന്ന് എഴുതിയിരിക്കുന്നതാണ്.
സാധാരണ ക്ഷണക്കത്തുകളിൽ വധുവിന്റെയും വരന്റേയും പേര്. വിവാഹ തീയതി, വിവാഹ സമയം, വിവാഹവും വിരുന്നും നടക്കുന്ന സ്ഥലം എന്നീ വിവരങ്ങളൊക്കെയാണ് ഉണ്ടാകാറ്. ഒറ്റ നോട്ടത്തിൽ ഈ വിവരങ്ങളൊക്കെയുള്ള സാധാരണ കാർഡാണിത്. പക്ഷേ, വരന്റെ യോഗ്യത നൽകിയിരിക്കുന്നതാണ് ഈ കാർഡിനെ വ്യത്യസ്തമാക്കുന്നത്.
വരന്റെ പേര് മഹാവീർ കുമാർ എന്നാണ്. ഈ പേരിന് അടുത്തായിട്ടാണ് 'ബിഹാർ പൊലീസ് ഫിസിക്കൽ ക്വാളിഫൈഡ്' എന്ന് എഴുതിയിരിക്കുന്നത്. വധുവിന്റെ പേര് ആയുഷ്മതി കുമാരി എന്നാണ് വധുവിന്റെ യോഗ്യതകളോ ജോലിയോ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നു വ്യക്തമല്ല.
ചിലപ്പോൾ കൂട്ടുകാർ ആരെങ്കിലും തമാശയ്ക്ക് തയാറാക്കിയ കാർഡ് ആയിരിക്കാം. എന്തായാലും സംഭവം വൈറലാണ്. നിരവധിപ്പേരാണ് കമന്റുമായി എത്തിയിട്ടുള്ളത്. 'ജെഇഇ മെയിൻ യോഗ്യത നേടി, അഡ്വാൻസിന് വേണ്ടിയുള്ള തയാറെടുപ്പിലാണ്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'ജാർഖണ്ഡ് എക്സൈസ് പൊലീസ് ഫിസിക്കൽ ക്വാളിഫൈഡ്' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.