പനീർ കിട്ടാത്തതിനെച്ചൊല്ലി തർക്കം വിവാഹവേദിയിലേക്കു വാഹനം ഇടിച്ചുകയറ്റി യുവാവ്
Wednesday, April 30, 2025 11:27 AM IST
വിവാഹസത്കാരത്തിൽ ആവശ്യത്തിനു പനീർ ലഭിക്കാത്തതിനെത്തുടർന്നു രോഷാകുലനായ യുവാവ് വിവാഹമണ്ഡപത്തിലേക്കു വാഹനം ഇടിച്ചുകയറ്റി. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പുർ ഗ്രാമത്തിലാണു സംഭവം.
ഭക്ഷണത്തിൽ ആവശ്യത്തിന് പനീർ വിളമ്പാത്തതിൽ ദേഷ്യപ്പെട്ട് മിനിബസ് ഡ്രൈവർ വിവാഹ മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ വരന്റെ പിതാവിനും മറ്റ് അഞ്ചുപേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വരന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറിൽനിന്ന് കൂടുതൽ പനീർ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതിൽ പ്രകോപിതനായ യുവാവ് വിവാഹത്തിൽ പങ്കെടുക്കുകയായിരുന്ന അതിഥികൾക്കിടയിലേക്കു വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.