ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ മൂന്നു കൗണ്ടികളിൽ നിന്നും കല്യാണം പക്ഷേ, പണി പാളി
Tuesday, May 6, 2025 3:50 PM IST
വിവാഹ തട്ടിപ്പു നടത്തുന്നവർ പലപ്പോഴും പിടിക്കപ്പെടുന്നത് അടുത്തടുത്ത സ്ഥലങ്ങളിൽ നിന്നും വിവാഹം കഴിക്കുന്നതു വഴിയോ അല്ലെങ്കിൽ ഈ സ്ത്രീകൾ എപ്പോഴെങ്കിലും പരസ്പരം കാണുന്നതുവഴിയോ ഒക്കെയായിരിക്കും. പക്ഷേ, ഇങ്ങനെ പോലും പിടിക്കപ്പെടാതിരിക്കാൻ ഒരു യുവാവ് മൂന്നു സംസ്ഥാനങ്ങളില്‍ (കൗണ്ടി) നിന്നും വിവാഹം കഴിച്ചു. പക്ഷേ, പണി പാളി. വിവാഹ മോചിതരായ സ്ത്രീകളെ ടിൻഡർ. ബംബിൾ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകളിലൂട കണ്ടെത്തിയായിരുന്നു ഹെന്റി ബെറ്റ്സി എന്ന 38 കാരൻ വിവാഹ തട്ടിപ്പ് നടത്തിയത്.
ആകർഷണീയനും ശ്രദ്ധാലുവുമായ ഒരാളാണെന്ന് സ്വയം വിശേഷിപ്പിച്ച് ഒപ്പം സ്ഥിരമായ താമസിക്കാന്‍ ഒരാളെ അന്വേഷിക്കുകയാണെന്നും ഡേറ്റിംഗ് ആപ്പുകളില്‍ ഹെന്റി കുറിപ്പിടും. അതോടൊപ്പം ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ തിരിച്ചറിയാന്‍ കഴിയുന്ന സുന്ദരിയായ സ്ത്രീയെയാണ് താന്‍ തിരയുന്നത് എന്നു കൂടി ചേർത്താണ് കുറിപ്പ്.
ആദ്യം ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതോടെ മറ്റു രണ്ടു പേരെയും വേഗം കണ്ടെത്തി. പിന്നെ മൂന്നു പേരെയും വിവാഹവും കഴിച്ചു. കല്യാണമൊക്കെ കഴിഞ്ഞതോടെ ജോയിന്റ് ബാങ്ക് അക്കൌണ്ട് വേണമെന്നായി ഹെന്റിക്ക്. അതിനായി ഭാര്യമാരെ നിര്‍ബന്ധിച്ചു. ഇതും കഴിഞ്ഞതോടെ ഗാർഹിക പീഡനവും തുടങ്ങി.
2020 ല്ലാണ് ട്വിന്ഡറിലൂടെ പരിചയപ്പെട്ട ടോന്യ ബെറ്റ്സിയെ ഹെന്റി വിവാഹം കഴിച്ചത്. ആ വർഷം നവംബറിൽ ദുവൽ കൗണ്ടി കോർട്ട്ഹൗസിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ടോന്യയുമായി കുടുംബ ജീവിതം നയിക്കുമ്പോൾ തന്നെ ഹെന്റി ഡേറ്റിംഗ് ആപ്ലിക്കേഷനായ സ്റ്റിർ വഴി, ബ്രാണ്ടി ബെറ്റ്സിയെ കണ്ടുമുട്ടി. 2022 ഫെബ്രുവരി 22 ന് മനാറ്റി കൗണ്ടിയിൽ വച്ച് അവളെ വിവാഹം കഴിച്ചു. 2022 നവംബറിൽ, ഹെന്റി മാച്ച് ഡോട്ട് കോം വഴി മിഷേൽ ബെറ്റ്സിയെ പരിചയപ്പെട്ടു. ഹെർനാൻഡോ കൗണ്ടിയിൽ വച്ച് അവളെയും വിവാഹം കഴിച്ചു.
ടോന്യയ്ക്ക് ഭർത്താവിന്റെ ചില നീക്കങ്ങളില്‍ സംശയം തോന്നിയതാണ് കള്ളമെല്ലാം പൊളിയാൻ കാരണം. അവൾ ഓരോ കൗണ്ടിയിലും ഹെന്റിയെക്കുറിച്ച് അന്വേഷിക്കാൻ ആരംഭിച്ചു. അങ്ങനെയാണ് മിഷേലുമായുള്ള ഹെന്റിയുടെ വിവാഹത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. സംഗതി സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ടോന്യ, മിഷേലുമായി ബന്ധപ്പെടുകയും ഹെന്റിയുടെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുകയും ചെയ്തു.
ഇരുവരും പോലീസിനെ സമീപിച്ചു. അങ്ങനെ നടന്ന അന്വേഷണത്തിലാണ് മൂന്നാമത്തെ വിവാഹം കണ്ടെത്തിയത്. എന്തായാലും ഹെന്റി ഇപ്പോൾ മൂന്നു വിവാഹങ്ങളും റദ്ദാക്കാനുള്ള ഓട്ടത്തിലാണ്.