മുംബൈ ഫീനിക്സ് മാളിലെ പുലിയുടെ വീഡിയോ; പൊതുജനങ്ങളിൽ ആശങ്ക പരത്തി എഐ ഡീപ്ഫേക്കുകൾ
Saturday, October 18, 2025 11:25 AM IST
മുംബൈയിലെ പ്രമുഖ ഷോപിംഗ് കേന്ദ്രമായ ഫീനിക്സ് മാർക്കറ്റ് സിറ്റി മാളിനുള്ളിൽ പുലി ഒടി നടക്കുന്നുവെന്ന തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. പുലി യാതൊരു കൂസലുമില്ലാതെ മാളിലൂടെ ഓടിനടക്കുന്നതും, അമ്പരന്നു നിൽക്കുന്ന ഉപഭോക്താക്കളുമാണ് വീഡിയോയിലുള്ളത്.
കൃത്രിമ ബുദ്ധിയുടെ (എഐ) വളർന്നുവരുന്ന സാധ്യതകൾ ദുരുപയോഗപ്പെടുത്തി, മാളിനുള്ളിലെ വെളിച്ചവും നിഴലുകളും ഉൾപ്പെടെ ദൃശ്യങ്ങൾ യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന മികച്ച നിലവാരത്തിലാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ, പലരും ആശങ്കയോടെയാണ് പ്രതികരിച്ചത്. എന്നാൽ, ഭൂരിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും, ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങളാണെന്ന് വേഗത്തിൽ തിരിച്ചറിഞ്ഞിരുന്നു.
"പുലി ദീപാവലി ആഘോഷത്തിനായുള്ള ഷോപ്പിംഗിന് എത്തിയതാവാം" എന്ന തരത്തിൽ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇത്തരം ഉള്ളടക്കങ്ങൾ "ഡീപ്ഫേക്ക്' പ്രവണതയുടെ ഭാഗമാണെന്ന് വന്യജീവി-ഡിജിറ്റൽ മീഡിയാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആളുകളെ ഞെട്ടിക്കുകയും പെട്ടെന്ന് വൈറലാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നത്. ഫീനിക്സ് മാളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായതായി മാൾ അധികൃതരോ, വിശ്വസനീയമായ ഏതെങ്കിലും വാർത്താ ഉറവിടങ്ങളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.