ഉപേക്ഷിക്കേണ്ട പാത്രങ്ങൾ കഴുകി വീണ്ടും ഉപയോഗിക്കുന്നു?: റെയിൽവേ ഭക്ഷണം സോഷ്യൽ മീഡിയയിൽ വൈറലായി
Sunday, October 19, 2025 1:40 PM IST
ട്രെയിൻ യാത്രക്കാരെ ഞെട്ടിച്ച് ഈറോഡ് -ജോഗ്ബാനി അമൃത് ഭാരത് എക്സ്പ്രസിൽ ശുചിത്വമില്ലായ്മയുടെ ദൃശ്യങ്ങൾ. റെയിൽവേ കാന്റീൻ ജീവനക്കാരൻ ഉപയോഗിച്ച ഡിസ്പോസിബിൾ ഭക്ഷണപാത്രങ്ങൾ ട്രെയിനിലെ വാഷ്ബേസിനിൽ കഴുകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ട്രെയിനിലെ ഭക്ഷ്യസുരക്ഷയെയും ശുചിത്വനിലവാരത്തെയും കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഒരു യാത്രക്കാരനാണ് മൊബൈലിൽ പകർത്തിയത്.
റെയിൽവേ കാന്റീൻ ജീവനക്കാരനായ ഒരാൾ, ഉപയോഗിച്ച് പ്ലാസ്റ്റിക് മീൽ ട്രേകൾ വാഷ്ബേസിലെ വെള്ളത്തിൽ കഴുകി, അടുക്കിവെച്ച് വീണ്ടും ഉപയോഗിക്കാൻ തയ്യാറാക്കുന്നതായി വീഡിയോയിൽ വ്യക്തമായി കാണാം.
വീഡിയോ റെക്കോർഡ് ചെയ്ത യാത്രക്കാരൻ ഇയാളെ ചോദ്യം ചെയ്തപ്പോൾ ജീവനക്കാരൻ പരിഭ്രമിച്ചുപോയതായും കൃത്യമായ മറുപടി നൽകാൻ കഴിയാതെ കുഴങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. പാത്രങ്ങൾ "തിരിച്ചയക്കാൻ' വേണ്ടിയാണ് കഴുകുന്നതെന്നായിരുന്നു ഇയാളുടെ ആദ്യത്തെ മറുപടി.
എങ്കിലും, എന്തിനാണ് പാചകശാലയുടെ ഭാഗത്തുനിന്ന് മാറി, യാത്രക്കാരുടെ ഉപയോഗത്തിനുള്ള സ്ഥലത്ത് വെച്ച് കഴുകുന്നതെന്ന് വിശദീകരിക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും വൻ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, നിരവധി ഉപയോക്താക്കളാണ് ഇന്ത്യൻ റെയിൽവേ, ഐആർസിടിസി എന്നിവയുടെ ഔദ്യോഗിക അക്കൗണ്ടുകളെ ടാഗ് ചെയ്തുകൊണ്ട് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടത്.
"കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടക്കുന്നത്, റെയിൽവേ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൃത്തിഹീനമായ, അണുബാധയുള്ള ഭക്ഷണം ആളുകൾക്ക് നൽകുകയാണ്. നോമ്പുള്ളവരും രോഗികളായവരുമടക്കം എല്ലാവർക്കും ഇതേ വെള്ളത്തിൽ കഴുകിയ പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പുന്നത്. ട്രെയിൻ നമ്പർ 16601-ൽ ഇതാണ് സ്ഥിതി,' എന്ന് രോഷാകുലനായ ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു.
ഈറോഡ് ജംഗ്ഷനിൽ നിന്ന് ബീഹാറിലെ ജോഗ്ബാനിയിലേക്ക് ഏകദേശം 3,100 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന, ആഴ്ചയിലൊരിക്കൽ മാത്രം സർവീസ് നടത്തുന്ന മെയിൽ എക്സ്പ്രസ് ട്രെയിനാണ് ഈറോഡ് -ജോഗ്ബാനി അമൃത് ഭാരത് എക്സ്പ്രസ്.
ഒറ്റത്തവണ ഉപയോഗിക്കാനുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചൂടുള്ള ഭക്ഷണം ഇത്തരം പ്ലാസ്റ്റിക് പാത്രങ്ങളിൽ വിളമ്പുമ്പോൾ, അതിൽ നിന്ന് വിഷാംശമുള്ള രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത ഏറെയാണ്.
സംഭവത്തെക്കുറിച്ച് റെയിൽവേ അധികൃതരോ ഐആർസിടിസിയോ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തിറക്കിയിട്ടില്ല. എങ്കിലും, ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിലും ശുചിത്വത്തിലും കൂടുതൽ കർശനമായ മേൽനോട്ടം അനിവാര്യമാണെന്ന് ഈ സംഭവം അടിവരയിടുന്നു.