"പണം തന്നിട്ട് പോയാൽ മതി'; ഡിജിറ്റൽ പേയ്മെന്റ് നടക്കാത്തതിന് യാത്രക്കാരനെ തടഞ്ഞ കച്ചവടക്കാരൻ അറസ്റ്റിൽ
Sunday, October 19, 2025 4:15 PM IST
മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ പേയ്മെന്റ് പരാജയപ്പെട്ടതിനെ തുടർന്ന് യാത്രക്കാരന് സമൂസ വിൽക്കുന്നയാളിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം രാജ്യത്ത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജബൽപൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പർ അഞ്ചിലായിരുന്നു നാണക്കേടുണ്ടാക്കിയ ഈ സംഭവം അരങ്ങേറിയത്.
ട്രെയിൻ യാത്രക്കിടെ സമൂസ വാങ്ങാനായി ട്രെയിനിൽ നിന്നിറങ്ങിയ യാത്രക്കാരൻ മൊബൈൽ ആപ്ലിക്കേഷനായ "ഫോൺപേ' വഴി പണം നൽകാൻ ശ്രമിച്ചു. എന്നാൽ സാങ്കേതിക തകരാർ കാരണം പണമിടപാട് പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതിനിടെ, യാത്രക്കാരന്റെ ട്രെയിൻ പ്ലാറ്റ്ഫോം വിട്ട് മെല്ലെ നീങ്ങിത്തുടങ്ങി.
പരിഭ്രാന്തനായ യാത്രക്കാരൻ സമൂസ തിരികെ നൽകി എത്രയും പെട്ടെന്ന് ട്രെയിനിൽ കയറാൻ ശ്രമിച്ചു. എന്നാൽ കടക്കാരൻ യാത്രക്കാരനെ പോകാൻ അനുവദിച്ചില്ല. സമൂസ വിൽക്കുന്നയാൾ യാത്രക്കാരന്റെ കോളറിൽ പിടിച്ച് തടയുകയും, തന്റെ സമയം കളഞ്ഞുവെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും, പണം നൽകിയ ശേഷം മാത്രമേ പോകാൻ അനുവദിക്കൂ എന്ന് നിർബന്ധം പിടിക്കുകയും ചെയ്തു.
യാത്രക്കാരൻ പേയ്മെന്റ് പരാജയപ്പെട്ടതിന്റെ കാരണം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കച്ചവടക്കാരൻ വഴങ്ങിയില്ല. ഈ രംഗങ്ങളെല്ലാം വീഡിയോയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ട്രെയിനിന്റെ വേഗത കൂടിയതോടെ, അത് നഷ്ടപ്പെടുമെന്ന് ഉറപ്പായ യാത്രക്കാരൻ, മറ്റൊന്നും ആലോചിക്കാതെ തന്റെ കയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച് ഊരി കച്ചവടക്കാരന് കൈമാറി.
ഈ വാച്ച് സ്വീകരിച്ച ശേഷം കച്ചവടക്കാരൻ രണ്ട് പ്ലേറ്റ് സമൂസ യാത്രക്കാരന് നൽകുകയും അയാളെ വിടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണുണ്ടായത്. റെയിൽവേ അധികൃതർ ഉടൻ തന്നെ സംഭവത്തിൽ ഇടപെട്ടു.
ജബൽപൂർ റെയിൽവേയുടെ ഡിവിഷണൽ റെയിൽവേ മാനേജർ സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രതികരിച്ചു. സമൂസ വിറ്റയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അറിയിച്ചു.
കൂടാതെ, ഇയാളുടെ കച്ചവട ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ ഉറപ്പുനൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.