ബസിൽ യാത്ര ചെയ്യുമ്പോൾ മഴ ആസ്വദിച്ചിട്ടുണ്ടോ? ദേഹത്ത് അൽപം വെള്ളം വീഴുമെങ്കിലും ജനലിന്‍റെ ഷട്ടറടയ്ക്കാതെ മഴ മതിമറന്ന് ആസ്വദിക്കുന്ന ഏറെ പേരുണ്ട്. കേൾക്കുമ്പോൾ നൊസ്റ്റാൾജിയ തോന്നുന്നുണ്ടോ ? എന്നാൽ ആ കുളിർമ നഷ്ടപ്പെടുന്ന രീതിയിൽ മഴ ദേഹത്ത് വീണാൽ എങ്ങനെയിരിക്കുമെന്ന് ഒന്ന് ചിന്തിച്ച് നോക്കിക്കെ.

അതും ബസിന്‍റെ മേൽക്കൂരയിൽ നിന്നുമാണ് വെള്ളം വീഴുന്നതെന്നും ഓർക്കണം. കുട പിടിച്ച് ബസിലിരിക്കും എന്നാണ് ഉത്തരമങ്കിൽ അങ്ങനെ ശരിക്കും നടന്ന വാർത്ത കൂടി കേട്ടോളൂ. മഹാരാഷ്‌ട്രയിലെ ​ഗഡ്ചിറോളി ജില്ലയിലാണ് ഒരു ബസ് ഡ്രൈവർ കുട പിടിച്ച് വാഹനമോടിക്കുന്നത്.

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ബസാണിത്. ഡ്രൈവർ ഇരിക്കുന്ന സീറ്റിന്‍റെ മുകൾഭാ​ഗം ഉൾപ്പടെ ജീർണിച്ച് നിലം പൊത്താറായ അവസ്ഥയിലാണ്. വെള്ളം ദേഹത്ത് വീഴാതിരിക്കാൻ കുട പിടിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു.



കുട കാരണം മുഖം മറഞ്ഞിരിക്കുന്നതിനാൽ ഡ്രൈവർ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞതായും റിപ്പോർട്ടുകളിലുണ്ട്. മഹാരാഷ്ട്രയിലെ അഹേരി ഡിപ്പോയിലെ ബസുകളുടെ ജീർണാവസ്ഥ മുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു.

എക്സിൽ സൈത്ര എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യങ്ങൾ വന്നതിന് പിന്നാലെ അധികൃതർ ഇത് ശ്രദ്ധിക്കണമെന്നടക്കം നെറ്റിസൺസിനിടയിൽ നിന്നും അഭിപ്രായമുയർന്നിട്ടുണ്ട്.