ഗൂഗിളിന്റെ "സ്വപ്നതുല്യ' ദീപാവലി ആഘോഷങ്ങൾ വൈറൽ: അസൂയ പൂണ്ട് സോഷ്യൽ മീഡിയ
Sunday, October 19, 2025 2:46 PM IST
ടെക് ഭീമൻ ഗൂഗിൾ, ഹൈദരാബാദിലെ തങ്ങളുടെ ഓഫീസിൽ ഒരുക്കിയ ഗംഭീര ദീപാവലി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പരമ്പരാഗത ആചാരങ്ങളെയും ആധുനിക വിനോദങ്ങളെയും മനോഹരമായി സമന്വയിപ്പിച്ചാണ് ഗൂഗിൾ ഈ ഉത്സവം ജീവനക്കാർക്കായി ഒരുക്കിയത്.
അതിമനോഹരമായ ദീപാലങ്കാരങ്ങളാൽ ഓഫീസിനകം തിളങ്ങി. വർണങ്ങൾ വാരിവിതറിയ രംഗോലികൾ, ആകർഷകമായ ചെറിയ പോപ്പ്-അപ്പുകൾ, കൂടാതെ ഓരോ മൂലയിലും പ്രകാശം ചൊരിഞ്ഞ വിളക്കുകൾ എന്നിവ ഓഫീസിനെ ഒരു ദീപാവലി മൂഡാക്കി മാറ്റി.
ജീവനക്കാർക്ക് സന്തോഷവും വർണപ്പൊലിമയുമുള്ള ഒരന്തരീക്ഷം സമ്മാനിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കായി വിവിധ വിനോദ പരിപാടികൾ സംഘടിപ്പിച്ചു. മാനസികോല്ലാസം നൽകുന്ന തെറാപ്യൂട്ടിക് പെയിന്റിംഗ് സെഷൻ ആയിരുന്നു അതിലൊന്ന്.
കൂടാതെ, ചിരിയും ആരവവും സമ്മാനിച്ച ഹൗസി കളികളിൽ ജീവനക്കാർ ആവേശത്തോടെ പങ്കെടുത്തു, വിജയികൾക്ക് സമ്മാനങ്ങളും ലഭിച്ചു. രുചികരമായ വിഭവങ്ങളില്ലാതെ ഒരു ആഘോഷവും പൂർണമാവില്ലല്ലോ. ഇന്ത്യയുടെ നാനാഭാഗത്തുനിന്നുള്ള പരമ്പരാഗത ദീപാവലി പലഹാരങ്ങളുടെയും വിഭവങ്ങളുടെയും വലിയൊരു നിര തന്നെ കാന്റീനിൽ ഒരുക്കിയിരുന്നു.
ഓരോ വിഭവവും ശ്രദ്ധയോടെ തിരഞ്ഞെടുത്തതായിരുന്നു. ഈ മനോഹരമായ ഓർമ്മകൾ എന്നും നിലനിർത്താനായി ഓഫീസിൽ ഒരു പോളറോയിഡ് ബൂത്തും സജ്ജീകരിച്ചിരുന്നു. ജീവനക്കാർ തങ്ങളുടെ സഹപ്രവർത്തകരോടൊപ്പം സന്തോഷ നിമിഷങ്ങൾ ഫോട്ടോകളായി പകർത്തി.
ഈ ആഘോഷങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഓൺലൈനിൽ പ്രചരിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ഓഫീസിന്റെ ഈ മനോഹരമായ അന്തരീക്ഷത്തെ പലരും "സ്വപ്നഭൂമി' എന്നാണ് വിശേഷിപ്പിച്ചത്. "സഹോദരാ നിർത്ത്, ഞങ്ങളുടെ മൂഡ് കളയല്ലേ' എന്ന് കുറിച്ചുകൊണ്ട് ചിലർ തങ്ങളുടെ അസൂയ തമാശരൂപേണ പ്രകടിപ്പിച്ചു.
"ഈ കമ്പനിയിൽ എങ്ങനെ അപേക്ഷിക്കണം?, ഇവിടെയുള്ള സെക്യൂരിറ്റി ഗാർഡുകൾക്ക് പോലും ബി-ടെക് ബിരുദമുണ്ടാകും' എന്നിങ്ങനെ ആളുകൾ കുറിച്ചത് ഗൂഗിളിന്റെ മികച്ച തൊഴിൽ അന്തരീക്ഷത്തോടുള്ള ആകാംഷയും അസൂയയും വ്യക്തമാക്കുന്നു.