ലോകമുത്തശ്ശി താനാണെന്ന അവകാശവാദവുമായി ദക്ഷിണാഫ്രിക്കയില്‍ നിന്നൊരു 128കാരികൂടി രംഗത്ത്. ദക്ഷിണാഫ്രിക്കയിലെ ഒട്ടോസ്ദാലിലുള്ള ജോഹന്നാ മാസിബുക്കൊ എന്ന മുത്തശ്ശിയാണ് താനാണ് ലോകമുത്തശ്ശി എന്ന പുതിയ അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

താന്‍ ജനിച്ചത് 11 മേയ്,1894 ലാണെന്ന് അവര്‍ പറയുന്നു. അതിനെ സാധൂകരിക്കാനായി തന്‍റെ ജനന തീയതി രേഖപ്പെടുത്തിയ സാക്ഷ്യപത്രം അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്.

1894ല്‍, 12 മക്കളില്‍ മൂത്തവളായി ജനിച്ച ജൊഹന്നൊ വിദ്യാഭ്യാസം ചെയ്തിട്ടില്ല. ജൊഹാന്നയുടെ സഹോദരങ്ങളില്‍ മൂന്നുപേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
തന്നിലും പ്രായമുണ്ടായിരുന്ന സ്റ്റവാന മാസിബുക്കൊ എന്നയാളെ ആയിരുന്നു ജോഹന്ന വിവാഹം കഴിച്ചിരുന്നത്. നിലവില്‍ അമ്പതിലധികം കൊച്ചുമക്കളും കൊച്ചുമക്കളുടെ മക്കളും ജൊഹന്നായ്ക്കുണ്ട്.


ചെറുപ്പത്തില്‍ താന്‍ വെട്ടുക്കിളിയെ ഭക്ഷിച്ചിരുന്നെന്നും ഇപ്പോള്‍ പാലും ചീരയുമാണ് കഴിക്കാറെന്നും ജോഹന്ന പറയുന്നു. നിലവില്‍ ഓര്‍മക്കുറവുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ജോഹന്നയ്ക്കില്ല.

ഗിന്നസ് റെക്കോര്‍ഡ് ബുക്ക് പ്രകാരം നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശിയായിരുന്ന ജപ്പാനിലെ കേന്‍ തനാകി കഴിഞ്ഞ മാസം മരണപ്പെട്ടതോടെയാണ് പ്രായത്തിന്‍റെ പുതിയ അവകാശവാദവുമായി പലരും മുന്നോട്ട് വരുന്നത്.

താനാണ് ഏറ്റവും പ്രായമുള്ള ആളെന്ന വാദവുമായി ബ്രസീലിലെ 121കാരി മരിയ ഗോമസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ഇതുവരെ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നത് ജീന്നെ ലൂയിസ് കാള്‍മെറ്റ് എന്ന ഫ്രാന്‍സുകാരിയാണ്. 1997ല്‍ മരിക്കുമ്പോള്‍ 122 വര്‍ഷവും 164 ദിവസവുമായിരുന്നു ജീന്നെയുടെ പ്രായം.