സൂര്യപ്രകാശം ഏൽക്കാതെ 50 വർഷങ്ങൾ; സങ്കടപ്പെടുത്തും ഈ ആമക്കഥ
Wednesday, April 30, 2025 4:22 PM IST
മനുഷ്യനും മൃഗങ്ങൾക്കുമൊക്കെ ജീവിക്കാൻ പറ്റുന്ന ആവാസവ്യവസ്ഥകളുണ്ടല്ലേ. അവിടെ ആവശ്യത്തിന് വെള്ളം, വായു, സൂര്യപ്രകാശം, ഓടി നടക്കാനുള്ള സ്ഥലം എന്നിവയൊക്കെ ആവശ്യമാണ്. എന്നാൽ അത്യാവശ്യമായി ലഭിക്കേണ്ട സൗകര്യങ്ങളൊന്നും ലഭിക്കാതെ തടങ്കലിൽ കഴിയേണ്ടി വരുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലോ.
അങ്ങനെ കാലങ്ങളോളം കഴിഞ്ഞവർ പതിറ്റാണ്ടുകൾക്കു ശേഷം പുറത്തിറങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും. ആ അവസ്ഥയിലാണ് ഒരു ആമ. ആ ആമയുടെ കഥ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. പലരും ആമയുടെ കഥ കേട്ട് ആകെ വിഷമത്തിലായിരിക്കുകയാണ്. കാരണം അത്രമാത്രം ദുരിത പൂർണമായിരുന്നു ആമയുടെ ജീവിതം.
അന്പത് വർഷത്തോളമായി ന്യൂജേഴ്സിയിലെ ഒരു വീട്ടിലായിരുന്നു ഇതിന്റെ വാസം. ആമയുടെ പേര് റോക്കിലിന എന്നാണ്. വൈൽഡ് ഈസ്റ്റേൺ ബോക്സ് ഇനത്തിൽപ്പെട്ടതാണ് റോക്കിലിന
ആമ. സൂര്യപ്രകാശമോ അതിനാവശ്യമായ ഭക്ഷണമോ ലഭിക്കാതെ പൂച്ചയ്ക്ക് നൽകുന്ന ക്യാറ്റ് ഫുഡും കഴിച്ചാണ് ആ വീടിന്റെ അടുക്കളയിൽ ആമയുടെ വാസം. 1977 ൽ ആമയെ കാട്ടിൽ നിന്നും കൊണ്ടു വന്ന അന്നു മുതൽ ഇതായിരുന്നു ജീവിത രീതി.
ഇപ്പോൾ ആ അടുക്കളയുടെ പുറത്തേക്ക് റോക്കലിനി വന്നിരിക്കുകയാണ്. ഏകദേശം അഞ്ച് പതിറ്റാണ്ടിനു ശേഷമാണ് ഈ പുറത്തു വരവ്. ഗാർഡൻ സ്റ്റേറ്റ് ടോർട്ടോയ്സ് എന്ന സംഘടനയാണ് റോക്കലിനയെ രക്ഷിച്ചത്. അവർ തന്നെയാണ് ആമയുടെ ദുരിത കഥ പങ്കുവെച്ചിരിക്കുന്നതും.
റോക്കലിനിയുടെ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇത്രയും നാൾ പുറത്തിറങ്ങാത്തതു മൂലം ആമയ്ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. നിർജ്ജലീകരണം, കാലുകൾ വളയുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം ആമയ്ക്ക് നേരിടേണ്ടി വന്നു.
സംഘടനയുടെ പരിചരണത്തിലൂടെയാണ് ആമയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടത്. എന്തായാലും ആമയുടെ അവസ്ഥ കണ്ട് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. പാവം ആമ ആ അവസ്ഥ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.