ജീവിതം ആഘോഷമാക്കിയ ബാക്ക് ബെഞ്ചേഴ്സ്..!
വിനീത ശേഖർ
Wednesday, May 7, 2025 2:02 PM IST
സ്കൂളിൽ പഠനകാലത്ത്, പഠിക്കാൻ അല്പം പിന്നോട്ടുനിൽക്കുന്ന, അല്പസ്വല്പം തല്ലുകൊള്ളിത്തരം കൈയിലുള്ള വിരുതന്മാരായ കുട്ടികൾ എല്ലാ ക്ലാസിലും വിദ്യാലയത്തിലുമുണ്ടായിരുന്നു. അവസാനത്തെ രണ്ടു ബെഞ്ചുകളിലായിരുന്നു ഇവരുടെ ഇരിപ്പ്. ആ സ്ഥലം അവർക്ക് പതിച്ചു കിട്ടിയതാണോ എന്നു തോന്നിപ്പോകും!
സർക്കാർ വിദ്യാലയത്തിലാണെങ്കിൽ രണ്ടും മൂന്നും പ്രാവശ്യം തോറ്റു പഠിക്കുന്നവരും ആ കൂട്ടത്തിലുണ്ടാകും. മീശയൊക്കെ വന്ന് ആറടിയോളം പൊക്കമുള്ള ചില ആൺകുട്ടികൾക്ക് അധ്യാപകരേക്കാൾ പൊക്കം കാണും. പിൻബെഞ്ചിൽ ഇതുപോലെ ഇരിക്കുന്ന പെൺകുട്ടികൾ ഇവരുമായി ചങ്ങാത്തം കൂടും. മുൻബഞ്ചുകളിലെ പഠിപ്പിസ്റ്റുകളെ ഇവർ ശ്രദ്ധിക്കാറുപോലുമുണ്ടാവില്ല.
ഹോം വർക്ക് സ്ഥിരമായി നൽകുന്ന ചില അധ്യാപകരുടെ ക്ലാസിൽ. "ഹോം വർക്ക് ചെയ്തോ’എന്ന അധ്യാപകന്റെ ചോദ്യത്തിന് തികച്ചും അക്ഷോഭ്യരായി ഇവരുടെ ഒരിരുപ്പുണ്ട്. "ചെയ്യാത്തവർ എണീറ്റു നിൽക്കൂ’ എന്നങ്ങാനും പറഞ്ഞാൽ ഇപ്പോൾ ബെഞ്ചോടിഞ്ഞു താഴെ വീഴും പോലെ ചാടി എണീറ്റൊരു നിൽപ്പും.
പല അധ്യാപകരും ഈ വിദ്യാർഥികളെ കണക്കിന് ആക്ഷേപിക്കും. അവരതൊന്നും കേട്ട ഭാവം കാണിക്കില്ല."നിനക്കൊക്കെ തൂമ്പ എടുത്തു കിളച്ചൂടെ...’ എന്ന് ചോദിക്കുന്ന ഒരധ്യാപകൻ ഉണ്ടായിരുന്നു. "നാളെ വരുമ്പോൾ ചോദ്യവും ഉത്തരവും 100 പ്രാവശ്യം എഴുതിക്കൊണ്ടുവന്ന് എന്നെ കാണിച്ചിട്ട് ക്ലാസിൽ കയറിയാൽ മതി...’ എന്നൊക്കെയുള്ള ശിക്ഷകളും.
മലയാളം പദ്യമൊക്കെ പഠിക്കാതെ വന്നിട്ട് ഇവരെക്കൊണ്ട് ഇമ്പോസിഷൻ എഴുതിപ്പിക്കുമ്പോൾ ചിലപ്പോഴൊക്കെ കഷ്ടം തോന്നും. എല്ലാവരാലും അവഗണനയും പുച്ഛവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ...
എങ്കിലും ഇവരോട് അധ്യാപകർക്ക് ഇഷ്ടവും താത്പര്യവും തോന്നിയിട്ടുള്ള ഒരു സമയം എല്ലാ വർഷവും കാണും. സ്കൂൾ സ്പോർട്സ് ഡേ, ആനുവൽ ഫംഗ്ഷൻ എന്നിവ. അപ്പോൾ ഇവർ തകർത്തുവാരും. ഒട്ടുമിക്ക സ്പോർട്സ് ഐറ്റത്തിനും ഒന്നാം സമ്മാനം ഇവർക്കാകും. ആനുവൽ ഫംഗ്ഷന് ഗാനമേള.. നാടകം.. മോണോആക്ട്.. ടാബ്ളോ... എന്നിവയൊക്കെ ആടിയും പാടിയും അഭിനയിച്ചും കാണികളുടെ മനസിളക്കും.
പഠനവും നല്ലകുട്ടി ചമയലുമായി അധ്യാപകരുടെ ഗുഡ് ലിസ്റ്റിൽ കയറാൻ ഞങ്ങളെപ്പോലെ കുറെപ്പേർ മെനക്കെടുമ്പോൾ ഇവരൊക്കെ ജീവിതം ആഘോഷമാക്കുകയായിരുന്നു. അവർക്ക് സൗഹൃദങ്ങൾ ഉണ്ടായിരുന്നു. ഉള്ളിൽ നന്മയുണ്ടായിരുന്നു. സ്നേഹവും. ഇപ്പോഴും നാട്ടിൽ പോകുമ്പോൾ ഇടയ്ക്കിടെ വഴിയിൽ എവിടെയെങ്കിലും വച്ചു കാണുമ്പോൾ "ഓർമയുണ്ടോ...’ എന്നൊരു പിൻവിളി ചിലപ്പോഴൊക്കെ കേൾക്കാം. പലരെയും ഓർമ ഇല്ലെങ്കിലും നന്നായൊന്നു ചിരിച്ച്.. "പിന്നില്ലേ..സുഖമാണോ...’ എന്നൊക്കെ ഞാനും ചോദിക്കും. കുറച്ചുനേരം വിശേഷം തിരക്കും..അവരുടെ മറുപടിയിൽ, ചിരിയിൽ ആ സ്നേഹമുണ്ട്.
അവരെന്നും ഓർമകളുടെ കാര്യത്തിൽ മുമ്പിലാണ്. ഒരു പേന, ഒരു ബുക്ക്, ഒരു ചോറ്റുപാത്രം, ഒരുത്തരം... ഇതൊക്കെ അവരെത്ര പേർ ഷെയർ ചെയ്തിരുന്നു!