രണ്ട് ഭർത്താവ്, രണ്ട് കുട്ടികൾ, ഒരു ഭാര്യ; സന്തുഷ്ട വൈറൽ കുടുംബം
Thursday, May 8, 2025 3:11 PM IST
വിവാഹം കുടുംബജീവിതം ഇതൊക്കെ പണ്ടത്തെ കെട്ടിലും മട്ടിലും നിന്നൊക്കെ ഒത്തിരി മാറിയിട്ടുണ്ട്. ബന്ധങ്ങളുടെ കാര്യത്തിലും ഈ മാറ്റം വന്നിട്ടുണ്ട്. ഭാര്യയും ഭർത്താവും കുട്ടികളും അടങ്ങുന്നതല്ലേ നമ്മുടെ കുടുംബ സങ്കൽപ്പങ്ങൾ. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായൊരു കുടുംബത്തെ പരിചയപ്പെട്ടാലോ. അമേരിക്കയിൽ നിന്നുള്ളതാണ് ഈ കുടുംബ കഥ.
ഒരു സ്ത്രീ തന്റെ ഭർത്താവിനും മുൻ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പമാണ് ഒരു വീട്ടിൽ താമസം. ട്രൂലി എന്ന യൂട്യൂബ് ചാനലിലൂടെയാണ് വ്യത്യസ്തമായ ഈ കുടുംബ കഥ വൈറലായിരിക്കുന്നത്. കാലിഫോർണിയ സ്വദേശിനിയായ 25 വയസുള്ള മേഗൻ മേയറാണ് ഈ കഥയിലെ നായിക.
അസാധാരണമായ ഒരു കുടുംബ ജീവിതമാണ് മേഗന്റേത്. കാരണം രണ്ട് ഭര്ത്താക്കന്മാര്ക്കൊപ്പം ഒരു വീട്ടില്‍ കഴിയുന്ന ഒരു സ്ത്രീയെന്തായാലും സമൂഹത്തിനു മുന്നിൽ സാധാരണക്കാരി അല്ലല്ലോ. 2020 ലാണ് മോഗൻ പോലീസ് ഉദ്യോഗസ്ഥനായ ടൈലറെ വിവാഹം കഴിക്കുന്നത്. വൈകാതെ ഇരുവർക്കും ഇരുവര്‍ക്കും ഒരു മകൾ ജനിച്ചു. പക്ഷേ, ആ ബന്ധം 2023 ൽ അവസാനിച്ചു.
നിയമപരമായി വേര്‍പിരിഞ്ഞെങ്കിലും മകളുടെ സംരക്ഷണം ഇരുവരെയും പരസ്പരം ബന്ധിപ്പിച്ചു നിർത്തി. വിവാഹ മോചനം കഴിഞ്ഞതോടെ മേഗൻ കാലിഫോർണിയയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. അവിടെയുള്ള താമസത്തിനിടയിലാണ് തന്റെ പഴയ കാമുകനായ മൈക്കിളിനെ കാണുന്നതും അവനുമായി പുതിയ ബന്ധം ആരംഭിക്കുന്നതും. അങ്ങനെ മേഗൻ വീണ്ടും ഗർഭിണിയായി.
പക്ഷേ, അപ്പോഴേക്കും അമ്മയുടെ അടുപ്പവും സാന്നിധ്യവും മകൾക്കു വേണം എന്ന തോന്നലിൽ മുൻ ഭർത്താവ് ടൈലർ മേഗൻ താമസിക്കുന്ന വീടിനടുത്തേക്കു മകൾക്കൊപ്പം താമസം മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ, ജീവിതച്ചെലവ് ഉയർന്നതാണെന്നതാണ് അദ്ദേഹത്തെ പിന്തിരിയാൻ പ്രേരിപ്പിച്ചിരുന്നത്. ഇതൊക്കെ അറിഞ്ഞ മേഗന്റെ രണ്ടാമത്തെ ഭർത്താവ് മൈക്കിൾ പറഞ്ഞു എന്തിനാണ് വേറെ വീട് ടൈലർക്കും മകൾക്കും തങ്ങൾക്കൊപ്പം താമസിക്കാമല്ലോയെന്ന്.
മേഗൻ ടൈലറിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് ആദ്യം കുറച്ചു ബുദ്ധിമുട്ടായിരുന്നു. പക്ഷേ, പിന്നീട് അദ്ദേഹവും ഈ അഭിപ്രായത്തോട് അനുകൂലിച്ചു. അങ്ങനെയാണ് ഈ സന്തുഷ്ട കുടുംബം പിറക്കുന്നത്. ടൈലറും മൈക്കിളും സഹോദരന്മാരെപ്പോലെയാണെന്നും ഇരുവർക്കും ഇടയിൽ അസൂയയോ മത്സരമോ ഇല്ലെന്നുമാണ് മേഗൻ അഭിപ്രായപ്പെടുന്നത്. എന്തിനുമെന്ന പോലെ ഇക്കാര്യത്തിലും സമൂഹമാധ്യമങ്ങളിൽ രണ്ടു തട്ടിലാണ് അഭിപ്രായങ്ങൾ.