ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് സാറേ, പ്ലക്കാർഡും കഴുത്തിലിട്ട് സർക്കാർ ഓഫീസിനു മുന്നിൽ വൃദ്ധ ദന്പതികൾ
Saturday, May 10, 2025 11:10 AM IST
സർക്കാർ രേഖകളിൽ മരിച്ചതായി രേഖപ്പെടുത്തുക. പക്ഷേ, അതേ ആളുകൾ ജീവിച്ചിരിക്കുക. തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുക. കേട്ടിട്ട് വിചിത്രമെന്നു തോന്നുന്നുണ്ടോ? സംഭവം സത്യമാണ്. കെട്ടുകഥയൊന്നുമല്ല. ഉത്തർ പ്രദേശിലാണ് സംഭവം.
ഉത്തർപ്രദേശിലെ ബരാബങ്കി സ്വദേശികളാണ് മുഹമ്മദ് ആഷിക്, ഹസ്മാത്തുൽ നിഷ എന്നീ വൃദ്ധ ദന്പതികൾ. സർക്കാർ രേഖകളിൽ മരിച്ചു എന്നു രേഖപ്പെടുത്തിയതോടെ പെൻഷൻ പോലും ഇരുവർക്കും ലഭിക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർക്കു പറ്റിയ എന്തോ പിഴവാണ് ഇവരുടെ ജീവിതം നരക തുല്യമാക്കുന്നത്. മരിച്ചു പോയവരാണെന്നാണ് രേഖകളിലുള്ളത് എന്ന കാരണത്താൽ ഇരുവരുടേയും പെൻഷൻ തടഞ്ഞു വെച്ചിരിക്കുകയാണ്. അതിനേക്കാളേറെ രസം ഇവർക്ക് റേഷൻ കിട്ടുന്നുണ്ട് എന്നതാണ്. റേഷൻ വിതരണ രേഖകളിൽ ഇരുവരും ജീവിച്ചിരിക്കുന്നവരാണ്.
പ്രായവും അസുഖങ്ങളും മൂലം വലയുന്ന ഇരുവരും എങ്ങനെയെങ്കിലും തടഞ്ഞുവെച്ചിരിക്കുന്ന പെൻഷൻ ലഭ്യമാകണമെന്ന ഉദ്ദേശത്തോടെ സർ, ഞങ്ങൾ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെന്ന് എഴുതിയ പ്ലക്കാർഡുമായി സർക്കാർ ഒഫീസുകൽക്കു മുന്നിൽ നിൽപ്പാണ്.
മരിച്ചതായി കണക്കാക്കും മുന്പ് ആരും കൃത്യമായ അന്വേഷണങ്ങൾ നടത്തുകയോ തങ്ങളുടെ പക്കൽ വരികയോ ചെയ്തില്ലെന്നാണ് ഇവർ പറയുന്നത്. നിരവധി അസുഖങ്ങളുണ്ട്. മരുന്നു വാങ്ങിക്കാനുള്ള പണത്തിനായി തടഞ്ഞു വെച്ചിരിക്കുന്ന പെൻഷൻ ഒന്നു ലഭിച്ചാൽ മാത്രം മതിയെന്നാണ് ഈ നിൽപ്പിനിടയിലെ ഇവരുടെ ആവശ്യം.