വണ്ടിക്കു പിന്നിൽ കുട്ടികൾ ഉണ്ടാകും, സൂക്ഷിക്കുക..!
Saturday, May 10, 2025 4:40 PM IST
പിന്നോട്ടെടുക്കുന്ന വാഹനമിടിച്ച് കുഞ്ഞുങ്ങൾ മരിക്കുന്ന അപകടങ്ങൾ ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും ഇത്തരം ദാരുണസംഭവങ്ങൾക്ക് അറുതിവരുന്നില്ല. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തിയാൽ മാത്രമേ ഇതവസാനിക്കൂ.
വാഹനം എടുക്കുന്നതിനു മുന്പ് ഡ്രൈവർ വലതു വശത്തുനിന്ന് തുടങ്ങി മുൻപിൽ കൂടി വാഹനത്തെ ഒന്നു വലംവച്ചു വേണം ഡ്രൈവർ സീറ്റിൽ കയറാൻ. ഈ സമയം വാഹനത്തിനു ചുറ്റും ഒന്ന് കണ്ണോടിക്കാൻ കഴിയും.
കുഞ്ഞുങ്ങളുള്ള വീടാണെങ്കിൽ കുട്ടി സുരക്ഷിതമായി ഉണ്ടെന്ന് ഉറപ്പാക്കിയിട്ടു വേണം വണ്ടി മുന്നോട്ടോ പിന്നോട്ടൊ എടുക്കാൻ. ഈ സമയം വിൻഡോ ഗ്ലാസുകൾ താഴ്ത്തിവയ്ക്കണം. വാഹനം വീടിനു വെളിയിലെത്തിയശേഷമേ ഗ്ലാസുകൾ ഉയർത്താവൂ. എന്തെങ്കിലും അപകടം സംഭവിച്ചാൽ ഡ്രൈവർക്ക് ശബ്ദം കേൾക്കാൻ ഇത് ഉപകരിക്കും.
വാഹനത്തിന്റെ സമീപത്തേക്കു ചെന്ന് യാത്ര പറയുന്ന ശീലം (മുതിർന്നവരായാൽ പോലും) പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങൾ ഇതു കണ്ട് പഠിക്കാനും അനുകരിക്കാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ വണ്ടി വീട്ടിൽനിന്നു തിരിക്കുന്ന സമയത്ത് കുട്ടികളെ വണ്ടിയിൽ കയറ്റിയിരുത്തി ഗേറ്റിന് പുറത്ത് എത്തിയാലോ റോഡിൽ എത്തിയാലോ ഇറക്കുന്ന ശീലം ചിലർക്കുണ്ട്. ആ ഒരു ഓർമയിലും കുട്ടി ഡ്രൈവറോ വീട്ടിലുള്ളവരോ അറിയാതെ വണ്ടിയുടെ അടുത്തേക്ക് ഓടിവരും.
ചിലർക്ക് വാഹനത്തിൽ കയറി സ്റ്റാർട്ട് ചെയ്ത് മൂവ് ചെയ്ത ഉടനെ പുറപ്പെട്ട വിവരം അറിയിക്കുന്നതിനായി ഫോൺ ചെയ്യുന്ന ശീലമുണ്ട്. അത് തീർത്തും ഒഴിവാക്കുക. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനു മുന്പുതന്നെ ഗൂഗിൾ മാപ്പ് വഴി ലൊക്കേഷൻ സെറ്റ് ചെയ്യൽ, സീറ്റ് ബെൽറ്റ് ധരിക്കൽ, കണ്ണാടി സെറ്റ് ചെയ്യൽ, സീറ്റ് അഡ്ജസ്റ്റ് ചെയ്യൽ തുടങ്ങിയവ ചെയ്തു എന്നുറപ്പാക്കുക. വാഹനം നീങ്ങിത്തുടങ്ങിയശേഷം ഇവ ചെയ്താൽ പരിസരം ശ്രദ്ധിക്കാൻ നമുക്ക് പറ്റാതെയാകാം.
(കേരള മോട്ടോർ വാഹനവകുപ്പ്
ഫേസ്ബുക്കിൽ കുറിച്ചത്).