വളർത്തുനായയുടെ "തീ' കളി; സിസിടിവി ദൃശ്യങ്ങൾ വൈറൽ
Thursday, October 16, 2025 2:02 PM IST
വളർത്തുനായയുടെ കളി, വലിയൊരു തീപിടുത്തത്തിന് കാരണമായി. നോർത്ത് കരോലിനയിലെ ഒരു വീട്ടിൽ, കളിച്ചുകൊണ്ടിരുന്ന വളർത്തുനായ ലിഥിയം ബാറ്ററിയുടെ സംരക്ഷിത ഭാഗങ്ങൾ കടിച്ചുമുറിച്ചതാണ് തീ ആളിക്കത്താൻ കാരണം. തീ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
സുരക്ഷാ മുന്നറിയിപ്പായി, ചാപ്പൽ ഹിൽ അഗ്നിശമനസേന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. വളർത്തുമൃഗങ്ങളുടെ കൈയെത്താത്ത ഇടങ്ങളിൽ ലിഥിയം ബാറ്ററികൾ സൂക്ഷിക്കണമെന്ന് അവർ മുന്നറിയിപ്പും നൽകി.
തീപിടിത്തത്തിൽ പരിഭ്രാന്തരായി ഓടുന്ന നായയെയും പൂച്ചയെയും വൈറലായ വീഡിയോയിൽ കാണാം. വീട്ടിലെ സ്വീകരണമുറിയിൽ വെച്ച ലിഥിയം ബാറ്ററി നായ കടിച്ചു കളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വീട്ടുകാർ പുറത്തുപോയ സമയത്താണ്, ചാർജ് ചെയ്ത് അൺപ്ലഗ് ചെയ്ത് വെച്ചിരുന്ന ബാറ്ററി നായ എടുത്ത് കളിക്കാൻ തുടങ്ങിയത്. തുടർന്ന് കടിച്ചപ്പോൾ, ബാറ്ററിയിൽ നിന്നും തീപ്പൊരിയും പുകയും വരികയും, പിന്നാലെ തീ ആളിക്കത്തുകയും ചെയ്തു. മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്.