ജന്മദിനത്തിന് പ്രിയപ്പെട്ടവര്‍ സമ്മാനം തരുന്നത് പുതിയ കാര്യമല്ലല്ലൊ. എന്നാല്‍ ചില സമ്മാനങ്ങളുടെ മൂല്യം അളക്കാന്‍ കഴിയാത്തതായിരിക്കും. അത്തരമൊന്നാണ് ബ്രെണ്ണന്‍ മാന്‍സെില്‍ എന്ന 12 കാരന് സഹോദരി ബെയ്‌ലി മേ മാന്‍സെല്‍ പിറന്നാള്‍ സമ്മാനമായി കൊടുത്തത്.

ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലുള്ള ബെയ്‌ലി മേ മാന്‍സെല്‍ എന്ന 20കാരിക്കും സഹോദരന്‍ ബ്രെണ്ണനും തങ്ങളുടെ അമ്മയെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ ഇവരുടെ അമ്മ കഴിഞ്ഞ മാസം അജ്ഞാത കാരണത്താല്‍ മരിച്ചുപോയിരുന്നു.

അമ്മയുടെ ശബ്ദം റിക്കാര്‍ഡ് ചെയ്ത ഒരു പാവക്കരടിയെയാണ് ബെയ്‌ലി സഹോദരന് നല്‍കിയത്. അമ്മയുടെ പെട്ടെന്നുള്ള മരണം ബ്രെണ്ണനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അവന്‍ അമ്മയെ മിസ് ചെയ്യുന്നത് മനസിലാക്കിയ ബെയ്‌ലി ഇത്തരത്തിലൊരു സമ്മാനം ഒരുക്കുകയായിരുന്നു.


സഹോദരി നല്‍കിയ പാവയില്‍ നിന്ന് അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ ബ്രെണ്ണന് അതൊരു ആശ്ചര്യമായിരുന്നു. റിക്കാര്‍ഡ് ചെയ്ത ശബ്ദത്തില്‍ നിന്ന് അമ്മയ്ക്ക് തന്നോട് വലിയ സ്നേഹമാണെന്ന് പറയുന്നത് കേട്ട ബ്രെണ്ണന്‍ പൊട്ടിക്കരഞ്ഞു.

ഈ രംഗങ്ങളൊക്കെ ബെയ്‌ലി പകര്‍ത്തിയിരുന്നു. ടിക്ടോക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ അഞ്ച് ദശലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്. 750,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.