"പിഎംഒയുടെ അഡീഷണല്‍ ഡയറക്ടര്‍' ആയി സകലരേയും പറ്റിച്ചു; ഒടുവില്‍ പിടിയിൽ
Friday, March 17, 2023 1:54 PM IST
പലതരത്തിലുള്ള വിരുതന്മാരെ നമുക്ക് ഈ ചെറിയ ജീവിതത്തിനിടയില്‍ കാണാനാകും. ആളുകളെ ചെറുതും വലുതുമായി പറ്റിക്കാറുള്ളവരും ഈ കൂട്ടത്തിലുണ്ടാകും. മിക്കപ്പോഴും ഇവരുടെ വേഷവിധാനത്തിലെ പ്രത്യേകതയൊ സ്വഭാവ സവിശേഷതയൊ നിമിത്തമാണ് പലരും അവരെ വിശ്വസിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നത്.
എന്നാല്‍ സാധാരണക്കാരെ പറ്റിച്ചത് പോകട്ടെ. ഗുജറാത്തിലുള്ള ഒരു വിരുതന് പറ്റിച്ചത് സര്‍ക്കാരുകളെ തന്നെയാണ്. ഗുജറാത്ത് സ്വദേശി കിരണ്‍ ഭായ് പട്ടേല്‍ എന്നയാളാണ് ഈ വിരുതന്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ "അഡീഷണല്‍ ഡയറക്ടര്‍' എന്ന നിലയിലാണ് ഇയാള്‍ സകലരെയും വിഡ്ഢിയാക്കിയത്.
ഈ വര്‍ഷം തുടക്കത്തിലാണ് കിരണ്‍ ഭായ് പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ജീവനക്കാരനെന്ന വ്യാജേന ശ്രീനഗറിലെത്തിയത്. അതീവ സുരക്ഷ, ബുള്ളറ്റ് പ്രൂഫ് എസ്യുവി യാത്ര, ഔദ്യോഗിക താമസം എന്നുവേണ്ടില്ല എല്ലാ സൗകര്യങ്ങളും ജമ്മു ഭരണകൂടം പ്രധാനമന്ത്രിയുടെ ഓഫീസിലെ "ഉദ്യോഗസ്ഥന്' ഒരുക്കി. ശ്രീനഗര്‍ സന്ദര്‍ശനത്തിനിടെ ഇയാള്‍ ഔദ്യോഗിക ചര്‍ച്ചകളിലുള്‍പ്പെടെ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണ് ഇയാള്‍. ട്വിറ്ററിലടക്കം വെരിഫൈഡ് അക്കൗണ്ടാണ് കിരണ്‍ ഭായ് പട്ടേലിന്റേത്. വിര്‍ജീനിയയിലെ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും ഐഐഎം ട്രിച്ചിയില്‍ നിന്ന് എംബിഎയും കംപ്യൂട്ടര്‍ സയന്‍സില്‍ എംടെക് യോഗ്യതയും നേടിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ഇയാള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
നിരവധി പ്രമുഖര്‍ ഇയാളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നുണ്ട്. ശ്രീനഗറില്‍ നില്‍ക്കുന്നതിന്റെ പല ചിത്രങ്ങളും ഇയാള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പല പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ വീഡിയോയും അര്‍ധ സൈനിക വിഭാഗത്തിന്റെ അകമ്പടിയോടെ നില്ക്കുന്ന ചിത്രങ്ങളും കിരണ്‍ പങ്കുവച്ചിരുന്നു.
ഗുജറാത്തില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ജമ്മു കാഷ്മീരിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആദ്യം കിരണ്‍ ശ്രീനഗറിലെത്തിയത്. എന്നാല്‍ വീണ്ടും ഈ പ്രദേശത്തേക്ക് യാത്ര തിരിച്ചതാണ് ഇയാള്‍ക്ക് പറ്റിയ അമളി.
കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിക്കുന്നതിന് മുമ്പ് സിഐഡി ബ്രാഞ്ചാണ് ഈ തട്ടിപ്പുകാരനെ പൂട്ടിയത്.ഇയാള്‍ പിടിയിലായെങ്കിലും പല സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഉള്ള ചോദ്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.
ആള്‍മാറാട്ടം നേരത്തെ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്ക്കെതിരേ ജമ്മു ഭരണകൂടം നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് പോലീസും ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ട്.