"ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്ന് കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' - മഹാകവി വള്ളത്തോളിന്‍റെ ഈ കവിതാശകലം കേൾക്കാത്തവർ വിരളം. ലോകത്ത് എവിടെപോയാലും ഭാരതം അല്ലെങ്കിൽ ഇന്ത്യയെന്ന നമ്മുടെ രാജ്യത്തിന്‍റെ നാമം പറയുകയും ഇന്ത്യയുടെ കൊടി ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നത് ഏതൊരു ഇന്ത്യൻ പൗരന്‍റെയും സ്വപ്നമാണ്.

വിദേശത്തേക്ക് പഠനത്തിനും ജോലിക്കും ഒക്കെയായി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുമ്പോൾ ഇവർ സ്വന്തം മണ്ണിനെ മറന്നു പോകുമോ എന്ന ആശങ്ക ചിലർക്കെങ്കിലും ഉണ്ടാകും. എന്നാൽ നാടേതായാലും ഇന്ത്യയെന്ന പേരും മൂവർണക്കൊടിയും നമ്മുടെ പൗരന്മാർ നെഞ്ചോട് ചേർത്ത് പിടിക്കും എന്നതിന്‍റെ ഉത്തമ ഉദാഹരണം എക്സിൽ (ട്വിറ്റർ) പങ്കുവെച്ചിരിക്കുകയാണ് ഐഎഎസ് ഉദ്യോ​ഗസ്ഥനായ അവനീഷ് ശരൺ.

വിദേശത്ത് നടക്കുന്ന ബിരുദദാന ചടങ്ങിൽ കൂപ്പുകൈയ്യുമായി വേദിയിലേക്ക് കടന്നു വരുന്ന വിദ്യാർത്ഥിയുടെ ദൃശ്യമാണിത്. നോർത്ത് ഇന്ത്യ‌ൻ രീതിയിലുള്ള വസ്ത്രമാണ് യുവാവ് ധരിച്ചിരിക്കുന്നത്. വേദിയിലേക്ക് നടന്ന് വരുന്നതിനിടെ പോക്കറ്റിലിരുന്ന ഇന്ത്യൻ പതാക എടുത്ത് നിവർത്തി നിൽക്കുന്നു.



ശേഷം ഇത് തോളിന് മുകളിൽ ഉ‌യർത്തിപ്പിടിച്ച് നടന്നു നീങ്ങുകയാണിയാൾ. ഈ സമയം ചുറ്റുമുണ്ടായിരുന്നവർ കൈയ്യടിക്കുന്നതും വീഡിയോയിലുണ്ട്. വെള്ളിയാഴ്ച എക്സിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം എട്ട് ലക്ഷം ആളുകളാണ് കണ്ടത്.

കാനഡയുൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് മുൻപത്തെക്കാൾ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോകുന്ന വേളയിലാണ് വീഡിയോ വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏത് രാജ്യത്ത് നിന്നുള്ള ദൃശ്യമാണിത് എന്നതിൽ വ്യക്തത വരാനുണ്ട്.

വീഡിയോ വന്നതിന് പിന്നാലെ "ഇന്ത്യയുടെ അഭിമാനം', "മിടുക്കൻ വലിയ ഉയരങ്ങളിലെത്തട്ടെ' തുടങ്ങിയ കമന്‍റുകൾ വീഡിയോയെ തേടി എത്തിയിരുന്നു. "അമൂല്യമായ സംതൃപ്തി ഈ വിദ്യാർഥിയുടെ മുഖത്ത് കാണാം', "സ്വാമി വിവേകാനന്ദൻ ചിക്കാ​ഗോയിൽ നടത്തിയ പ്രസം​ഗം ഓർമ വരുന്നു' എന്നുൾപ്പടെയുള്ള പ്രതികരണങ്ങളും കമന്‍റ് ബോക്സുകളിൽ നിറഞ്ഞു.