ഹിന്ദിയിലുള്ള വൈദഗ്ധ്യത്താല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ അമ്പരപ്പിച്ച് റഷ്യന്‍ വനിത; വീഡിയോ
Saturday, September 16, 2023 11:50 AM IST
സെപ്റ്റംബര്‍ 14 രാജ്യത്ത് ഹിന്ദി ദിനമായാണ് ആചരിക്കപ്പെടുന്നത്. ഈ അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നിരവധി പോസ്റ്റുകളും നിറയാറുണ്ട്.
ഭാഷാ സമൃദ്ധിയും ഹിന്ദിയുടെ വൈവിധ്യവും കാണിക്കാന്‍ മാത്രമല്ല ഹിന്ദി സംസാരിക്കുന്നതില്‍ അഭിമാനം കൊള്ളാനും ആളുകള്‍ ഈ അവസരം ഉപയോഗിക്കാറുണ്ട്.
ഹിന്ദിയെ സ്നേഹിക്കുന്ന വ്യക്തികള്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള ഒരു അവസരം കൂടിയാണിത്.
ഈ വര്‍ഷത്തെ ഹിന്ദി ദിനത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റാണ് ഇന്റര്‍നെറ്റില്‍ ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നത്.
ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസിലെ ഒരു ഉദ്യോഗസ്ഥനായ ജെ. സഞ്ജയ് കുമാര്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമാവുന്നത്.
ഹിന്ദി പരിഭാഷ നടത്തുന്ന റഷ്യന്‍ വനിതയാണ് വീഡിയോയിലുള്ളത്. സഞ്ജയ് പറയുന്ന ഹിന്ദി അതേപടിയില്‍ പരിഭാഷപ്പെടുത്തിയാണ് റഷ്യക്കാരി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
'പരിഭാഷയുടെ കാര്യം വിടുക, നമ്മളില്‍ പലര്‍ക്കും ഇത് മനസ്സിലാക്കാന്‍ പോലും കഴിയുകയില്ല. റഷ്യന്‍ വനിതയുടെ ഹിന്ദിഭാഷാ വൈദഗ്ധ്യം വിസ്മയകരം തന്നെ, പിന്നൊരു കാര്യം എന്റെ ഹിന്ദി എങ്ങനെയുണ്ടായിരുന്നു' ഇങ്ങനെയൊരു കുറിപ്പോടെയാണ് സഞ്ജയ് വീഡിയോ പോസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. 1949 സെപ്റ്റംബര്‍ 14ന് ഹിന്ദിയെ ഔദ്യോഗിക ഭാഷയായി കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി തെരഞ്ഞെടുത്തതിന്റെ സ്മരണയ്ക്കായാണ് പ്രസ്തുത ദിനം ഹിന്ദി ദിവസമായി ആചരിക്കുന്നത്.
ഇന്ത്യയെക്കൂടാതെ മൗറീഷ്യസ്, നേപ്പാള്‍,ഫിജി,സുരിനാം, ഗയാന,ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ തുടങ്ങിയ രാജ്യങ്ങളിലും ഹിന്ദിയ്ക്ക് വ്യാപക പ്രചാരമുണ്ട്.
രാജ്യത്തെ 22 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ ഒന്നാണ് ദേവനാഗരി ലിപിയിലുള്ള ഹിന്ദി. ഇന്ത്യന്‍ ഗവണ്മെന്റിന്റെ രണ്ട് ഔദ്യോഗിക ഭാഷകള്‍ ഹിന്ദിയും ഇംഗ്ലീഷുമാണ്.