ഈ ലോകത്ത് എല്ലാവരുടെയും മനസിനെ തൊടുന്നവര്‍ കുട്ടികളാണല്ലൊ. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയിലും മാറ്റമില്ല. കുട്ടികളുടെ കുറുമ്പായാലും നോവായാലും നെറ്റിസണിലും അത് പ്രതിഫലിക്കും.

ഇത്തരമൊരു കാര്യമാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറല്‍. നഹിറാ സിയ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പ്രശ്നബാധിതമായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി തന്‍റെ കുടുംബം പോറ്റാന്‍ പേനകള്‍ വില്‍ക്കുന്ന കാഴ്ചയാണുള്ളത്.

ആ സമയം അതുവഴി കാറിലെത്തുന്ന ഒരു യാത്രക്കാരി കുട്ടിയോട് പേനയുടെ വില വിവരം തിരക്കുന്നു. ഒരു പേനയ്ക്ക് 20 സെന്‍റാണ് വിലയെന്ന് കുട്ടി പറയുന്നു. തന്‍റെ പേര് സൈനബ എന്നാണെന്നും കുട്ടി യാത്രക്കാരിയോട് പറയുന്നു.

താന്‍ ഈ പേനകള്‍ മുഴുവന്‍ വാങ്ങിയാല്‍ സെെനബയ്ക്ക് സന്തോഷമാകുമൊ എന്ന് യാത്രക്കാരി ചോദിക്കുന്നു. കുട്ടിയുടെ മുഖത്ത് സന്തോഷം ഉണ്ടാകുമ്പോള്‍ യാത്രക്കാരി പേനകള്‍ മുഴുവന്‍ വാങ്ങുകയാണ്. പോരാഞ്ഞിട്ട് അധികം പൈസയും അവര്‍ കുട്ടിക്ക് നല്‍കുന്നു.

"കാബൂളിലെ അഫ്ഗാന്‍ പെണ്‍കുട്ടി തന്‍റെ കുടുംബത്തെ പോറ്റാന്‍ പേനകള്‍ വില്‍ക്കുന്നു’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിട്ടുള്ള ദൃശ്യങ്ങള്‍ക്ക് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. "എന്‍റെ ഈ കണ്ണുകള്‍ ഈറനണിയുന്നു' എന്നാണൊരാള്‍ ഈ പ്രവൃത്തികണ്ട് കുറിച്ചിരിക്കുന്നത്.