എളേരിത്തട്ട്: അടിസ്ഥാനസൗകര്യ വികസനത്തില്‍ വിപ്ലവകരമായ മുന്നേറ്റമാണ് കേരള ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക ഗവ. കോളജിൽ പുതുതായി നിര്‍മിച്ച ഇക്കണോമിക്സ് അക്കാദമിക് ബ്ലോക്ക് കാമ്പസ് റോഡ്, വാട്ടര്‍ ടാങ്ക്, എന്‍എസ്എസ് റൂം, ഐ ക്യു എ സി റൂം, മെഡിക്കല്‍ റൂം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ലാബ് കോംപ്ലക്സുകള്‍ കേരളത്തിലാണുള്ളത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വൈദഗ്ധ്യത്തിന്റെ അപര്യാപ്തത നികത്തുന്നതിനായി എല്ലാ കലാലയങ്ങളിലും സ്കില്‍ ഡെവലപ്മെന്റ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ കലാലയങ്ങളില്‍ നടന്നിട്ടുണ്ട്. നിലവിൽ കോഴ്സുകൾ കുറവായ സാഹചര്യത്തിൽ എളേരിത്തട്ട് കോളജിൽ പുതുതായി ഒരു കോഴ്സ് അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. അസി. എൻജിനിയര്‍ സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്, വൈസ് പ്രസിഡന്റ് പി.സി. ഇസ്മയില്‍, ജില്ലാ പഞ്ചായത്തംഗം ജോമോന് ജോസഫ്, എ.വി. രാജേഷ്, ബിന്ദു മരളീധരന്‍, ശാന്തികൃപ, എ. അപ്പുക്കുട്ടന്, എ.വി. ഭാസ്കരൻ, എം.വി. കുഞ്ഞമ്പു, ജാതിയില്‍ അസിനാര്‍, ജയിംസ് മാരൂര്‍, ജെറ്റോ ജോസഫ്, ടി.സി. രാമചന്ദ്രന്, സ്കറിയ ഏബ്രഹാം, ടി.ജി. ശശീന്ദ്രന്, ഡോ. ടോബി ജോസഫ്, കെ.കെ. മാത്യു, പി.ജെ. പ്രസാദ്, നിഖില്‍ ശര്‍മ, അഞ്ജന പത്മന് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പൽ ഡോ. മാത്യൂസ് പ്ലാമൂട്ടില്‍ സ്വാഗതവും ഡോ.പി.സി. അഷറഫ് നന്ദിയും പറഞ്ഞു.