ഉക്കിനടുക്ക: കേരളത്തിലെ ആരോഗ്യ മേഖലയോട് ഇടതുസർക്കാർ കാണിക്കുന്ന അനാസ്ഥയുടെയും ജില്ലയിലെ ജനങ്ങളോട് ചെയ്യുന്ന കൊടുംവഞ്ചനയുടെയും സ്മാരകമായി മാറിയിരിക്കുകയാണ് ഉക്കിനടുക്കയിലെ കാസർഗോഡ് ഗവ. മെഡിക്കൽ കോളജെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു. പിണറായി സർക്കാർ മംഗളൂരുവിലെ ആരോഗ്യമേഖലയിലെ വ്യവസായികളുടെ കച്ചവട താത്പര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞുകൊണ്ടാണ് കാസർഗോഡ് ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളജിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൻഡോസൾഫാൻ വിഷമഴയിലൂടെ കാസർഗോഡ് ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് ഉമ്മൻ ചാണ്ടി സർക്കാർ ജില്ലയിൽ ഒരു മെഡിക്കൽ കോളജ് അനുവദിച്ചത്. എന്നാൽ ഇപ്പോൾ ജില്ലയിൽ മെഡിക്കൽ കോളജ് തന്നെ ഇല്ലാതാക്കുന്ന നടപടിക്കെതിരെയാണ് സമരം നടത്തേണ്ടിവരുന്നത്. അടുത്തവർഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഈ സ്ഥിതി മാറുമെന്നും ഉക്കിനടുക്ക മെഡിക്കൽ കോളേജ് പൂർണമായും നവീകരിച്ച് പ്രവർത്തനം തുടങ്ങാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, നേതാക്കളായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, എം. അസിനാർ, സാജിദ് മൗവൽ, കെ.കെ. രാജേന്ദ്രൻ, ബി.പി. പ്രദീപ് കുമാർ, എം.സി. പ്രഭാകരൻ, സോമശേഖര ഷേണി, സുന്ദര ആരിക്കാടി, സി.വി. ജെയിംസ്, ഹരീഷ് പി. നായർ, മാഹിൻ കേളോട്ട്, കെ.വി. വിജയൻ, ജോയ് ജോസഫ്, മധുസൂദനൻ ബാലൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, എം. രാജീവൻ നമ്പ്യാർ, കെ. ഖാലിദ്, എ. വാസുദേവൻ, എം. ബലരാമൻ നമ്പ്യാർ, കെ. വാരിജാക്ഷൻ, എം. ലക്ഷ്മണ പ്രഭു, ശ്യാമപ്രസാദ് മാന്യ, ബി.എസ്. ഗംഭീര എന്നിവർ പ്രസംഗിച്ചു.