പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന് കലഞ്ഞൂർ കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ (മണ്ഡലം). ഇതോടെ 17 ഡിവിഷനുകളാകും ഇനി പത്തനംതിട്ട ജില്ലാ പഞ്ചായത്തിനുണ്ടാകുക. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഓരോ മണ്ഡലത്തിലും ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനുകളുടെ വിവരണങ്ങളുണ്ട്. ഇതിൻമേൽ 26 വരെ പരാതികൾ നല്കാം.
നിലവിലെ അതിർത്തികൾ മിക്ക ഡിവിഷനുകൾക്കും മാറ്റമുണ്ടായിട്ടുണ്ട്. പറക്കോട് ബ്ലോക്ക് പരിധിയിലെ പ്രദേശങ്ങളുൾപ്പെടുത്തിയാണ് കലഞ്ഞൂരിൽ പുതിയ മണ്ഡലം വന്നത്. നേരത്തേ കോന്നിയിലും ഏനാത്തുമായി ഉൾപ്പെട്ടിരുന്ന സ്ഥലങ്ങളാണിവ. ജനസംഖ്യ അടിസ്ഥാനമാക്കിയാണ് മണ്ഡല രൂപീകരണം. ഇതനുസരിച്ച് 51,000 മുതൽ 69,000 ആളുകൾ വരെ ഓരോ ഡിവിഷൻ അതിർത്തിയിലും ഉൾപ്പെടും.
കരട് പട്ടികയിൽ നിർദേശിക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളും ഉൾപ്പെടുന്ന ബ്ലോക്ക്
ഡിവിഷനുകളും
1. പുളിക്കീഴ് - ആലംതുരുത്തി, കാരയ്ക്കൽ, പെരിങ്ങര, പൊടിയാടി, പരുമല, കടപ്ര, നിരണം, കൊന്പൻകേരി, കണ്ണശ, പുളക്കീഴ്, നെടുന്പ്രം (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ). 2. കോയിപ്രം - കുറ്റൂർ, തൈമറവുംകര, ഓതറ (പുളിക്കീഴ് ബ്ലോക്ക്), ഇരവിപേരൂർ, പുറമറ്റം, വെണ്ണിക്കുളം, കുന്പനാട്, ഓതറ, നന്നൂർ (കോയിപ്രം ബ്ലോക്ക്).
3. മല്ലപ്പള്ളി - മുക്കൂർ, മല്ലപ്പള്ളി, മടുക്കോലി, കല്ലൂപ്പാറ, കവിയൂർ, കോട്ടൂർ, ആഞ്ഞിലിത്താനം, കുന്നന്താനം (മല്ലപ്പള്ളി ബ്ലോക്ക്). 4. ആനിക്കാട് - ആനിക്കാട്, പുന്നവേലി, കോട്ടാങ്ങൽ, കൊറ്റനാട്, ചാലാപ്പള്ളി, കീഴ്വായ്പൂര് (മല്ലപ്പള്ളി), എഴുമറ്റൂർ (കോയിപ്രം). 5. അങ്ങാടി - മക്കപ്പുഴ, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ, അങ്ങാടി (റാന്നി ബ്ലോക്ക്). 6. റാന്നി - മാന്പാറ, വടശേരിക്കര, വലിയകുളം, റാന്നി (റാന്നി ബ്ലോക്ക്), ചെറുകോൽ, കീക്കൊഴൂർ, കടമ്മനിട്ട (ഇലന്തൂർ ബ്ലോക്ക്). 7. ചിറ്റാർ - കൊല്ലമുള, പെരുനാട്, ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ (റാന്നി ബ്ലോക്ക്).
8. മലയാലപ്പുഴ - മൈലപ്ര, മലയാലപ്പുഴ, കോന്നി താഴം, തണ്ണിത്തോട്, അതുന്പുംകുളം (കോന്നി ബ്ലോക്ക്). 9. കോന്നി - മെഡിക്കൽ കോളജ്, അരുവാപ്പുലം, വകയാർ, കോന്നി ടൗൺ, ഇളകൊള്ളൂർ (കോന്നി ബ്ലോക്ക്). 10. പ്രമാടം - വി. കോട്ടയം, വള്ളിക്കോട്, പ്രമാടം (കോന്നി ബ്ലോക്ക്), പുത്തൻപീടിക ഓമല്ലൂർ, ചെന്നീർക്കര (ഇലന്തൂർ ബ്ലോക്ക്). 11. കൊടുമൺ - ഏഴംകുളം, ഐക്കാട്, അങ്ങാടിക്കൽ ഹൈസ്കൂൾ, നെടുമൺകാവ്, തട്ടയിൽ (പന്തളം ബ്ലോക്ക്), കൈപ്പട്ടൂർ (കോന്നി ബ്ലോക്ക്).
12. കലഞ്ഞൂർ - കൂടൽ, കലഞ്ഞൂർ, ഇളമണ്ണൂർ, കുന്നിട, കൈതപ്പറന്പ് (പറക്കോട് ബ്ലോക്ക്). 13. ഏനാത്ത് - വടക്കടത്തുകാവ്, ഏനാത്ത്, വേലുത്തന്പി ദളവ, കടന്പനാട് (പറക്കോട് ബ്ലോക്ക്). 14. പള്ളിക്കൽ - തെങ്ങമം, പഴകുളം, പെരിങ്ങനാട് (പറക്കോട് ബ്ലോക്ക്), തുന്പമൺ, പൊങ്ങലടി, വിജയപുരം (പന്തളം ബ്ലോക്ക്). 15. കുളനട - ആറാട്ടുപുഴ, ആറന്മുള, ഇലവുംതിട്ട, തുന്പമൺ താഴം, കുളനട, മെഴുവേലി, ഉള്ളന്നൂർ, മാന്തുക, വല്ലന, നീർവിളാകം (പന്തളം ബ്ലോക്ക്).
16. ഇലന്തൂർ - നാരങ്ങാനം, പരിയാരം, പ്രക്കാനം, മുട്ടത്തുകോണം, ഇലന്തൂർ, കുഴിക്കാല, മല്ലപ്പുഴശേരി (ഇലന്തൂർ ബ്ലോക്ക്) 17. കോഴഞ്ചേരി - കോഴഞ്ചേരി (ഇലന്തൂർ ബ്ലോക്ക്), തെള്ളിയൂർ, പ്ലാങ്കമൺ, അയിരൂർ, ചരൽക്കുന്ന്, മാരാമൺ, പുല്ലാട്, തട്ടക്കാട് (കോയിപ്രം).
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ 10.20 ലക്ഷം വോട്ടർമാർ
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ 10,20,395 വോട്ടമാർ. 4,71,103 പുരുഷൻമാരും 5,49,293 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് പട്ടികയിലുള്ളത്.
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിനുശേഷം തയാറാക്കിയ വോട്ടർപട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും പരിശോധനയ്ക്കു ലഭിക്കും.
കരട് വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ മുഖേന സ്വീകരിക്കും. തിരുത്തലുകൾ വരുത്തിയ അന്തിമ പട്ടിക ഓഗസ്റ്റ് 30നു പ്രസിദ്ധീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.