പത്തനംതിട്ട: മഴ ശക്തമായതിനേ തുടർന്ന് അച്ചൻകോവിൽ, പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ നദികളിൽ പ്രളയ മുന്നറിയിപ്പും പ്രഖ്യാപിച്ചു. പമ്പാ നദിയിലെ മാടമൺ സ്റ്റേഷൻ, അച്ചൻകോവിലിലെ തുമ്പമൺ സ്റ്റേഷൻ, മണിമലയിലെ കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുകളുള്ളത്.
നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജലകമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തോടുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
24 മണിക്കൂറിനിടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഇന്നലെ രാവിലെ വരെയുള്ള കണക്കിൽ പത്തനംതിട്ടയിൽ 67.4 മില്ലിമീറ്റർ മഴ പെയ്തു.
കോന്നി എസ്റ്റേറ്റ് 55.2, തുന്പമൺ 116, കക്കി 134, പന്പ 107, മൂഴിയാർ 95.4, നിലയ്ക്കൽ 38, വടശേരിക്കര 102, പെരുന്തേനരുവി 85, അയിരൂർ 71, മാലക്കര 58.8, കല്ലൂപ്പാറ 91, തിരുവല്ല 82 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴയുടെ അളവ്. തൊട്ടു തലേന്നുള്ള കണക്കുകളേക്കാൾ അധികരിച്ച മഴയാണ് ലഭിച്ചത്.
നദികൾ കരകവിഞ്ഞു
രണ്ടുദിവസമായി മഴ ശക്തമായി തുടരുന്നതിനിടെ നദികൾ പലയിടത്തും കരകവിഞ്ഞു. പന്പയിൽ ജലനിരപ്പ് ഉയർന്നതിനേ തുടർന്ന് കിഴക്കൻ മേഖലയിലെ കോസ് വേകളിൽ വെള്ളം കയറി. ഇന്നലെ പകൽ പന്പാനദി കരകവിഞ്ഞു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
പന്പാനദിയുടെ അയിരൂർ ഭാഗത്ത് 7.96 മീറ്റർ, മാരാമൺ 6.69, ആറന്മുള 6.35, മാലക്കര 4.97, അച്ചൻകോവിലാറിന്റെ കോന്നി ഭാഗത്ത് 20.15, പന്തളം 8.93, തുന്പമൺ 10.14, മണിമലയാറിന്റെ വള്ളംകുളം ഭാഗത്ത് 4.96, കല്ലൂപ്പാറയിൽ 5.71 മീറ്റർ എന്നിങ്ങനെയാണ് ജലനിരപ്പ്.
പലയിടത്തും ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തിയതോടെയാണ് മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്.
ആവണിപ്പാറ ഒറ്റപ്പെട്ടു
മഴയിൽ കോന്നി അച്ചൻകോവിൽ ആവണിപ്പാറ ഉന്നതിയിലെ 35 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ആറ്റിലൂടെ മാത്രമാണ് പ്രദേശവാസികൾ പുറം ലോകത്തേക്ക് എത്തുന്നത്. മഴ കനത്തോടെ യാത്ര മുടങ്ങിയ സ്ഥിതിയാണ്. ചങ്ങാടവും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്.
എല്ലാ മഴക്കാലത്തും ഈ പ്രദേശത്തുള്ളവർ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണിത്. ഇവിടെ പാലം നിർമിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് പദ്ധതി നടപ്പാകാതെ കിടക്കുന്നതെന്നും പറയുന്നു. പന്പാനദിയിലെ കുരുന്പൻമൂഴി മുക്കം, അരയഞ്ഞാലിമൺ കോസ് വേകൾ മുങ്ങിയിരിക്കുകയാണ്. പ്രദേശവാസികൾ കിലോമീറ്ററുകൾ അധികം താണ്ടിയാണ് മറുകറ എത്തുന്നത്.
അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്.
സംഭരണികൾ നിറയുന്നു
കിഴക്കൻ മേഖലയിലെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട കക്കി, പന്പ സംഭരണികളിൽ ജലനിരപ്പ് ഉയർന്നു വരികയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങൾക്കിടെ ജലനിരപ്പ് പത്തു ശതമാനത്തിലധികം ഉയർന്നു. കക്കിയിൽ ഇന്നലെ 66.45 ശതമാനം വെള്ളം എത്തി.
മൂഴിയാറിൽ ജലനിരപ്പ് ഉയർന്നതിനേ തുടർന്ന് ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു.
ഇന്നലെ പകൽ ഇതിൽ രണ്ടെണ്ണം അടച്ചു. റെഡ് അലർട്ട് നിലനിൽക്കുന്ന സംഭരണിയിൽ ഒരു ഷട്ടർ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചുവരികയാണ്.
കനത്ത ജാഗ്രതയിൽ ബലി തർപ്പണം
കർക്കടകവാവിനോടനുബന്ധിച്ച് ഇന്നലെ നദീതീരങ്ങളിൽ നടന്ന ബലി തർപ്പണ ചടങ്ങുകൾ കനത്ത ജാഗ്രതയിലായിരുന്നു. പുലർച്ചെ പന്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുവെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ നദിയിലേക്ക് ആളുകൾ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കടവുകളിൽ പ്രത്യേക ക്രമീകരണം ചെയ്താണ് ചടങ്ങുകൾ പൂർത്തീകരിച്ചത്.
ആറന്മുളയിൽ പന്പാനദി കരകവിഞ്ഞിരുന്നതിനാൽ സത്രക്കടവ് ഭാഗത്ത് ബലി തർപ്പണത്തിനു ക്രമീകരണം ചെയ്തു. അച്ചൻകോവിലാറ്റിലെ വിവിധ കടവുകളിലും സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ബലി തർപ്പണ ചടങ്ങുകൾ പൂർത്തീകരിച്ചത്.