പത്തനംതിട്ട: കടപ കൂർത്തമല സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലിയാഘോഷത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 7.30 ന് കുർബാനയെ തുടർന്ന് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ജൂബിലി ഉദ്ഘാടനം നിർവഹിക്കും. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
ഫാ. കെ.എം. മാമ്മൻ, ഫാ. ഐപ്പ് പി. സാം, ഗ്രാമപഞ്ചായത്തംഗം മുകേഷ് മുരളി എന്നിവർ പ്രസംഗിക്കും. വജ്ര ജൂബിലിയാഘോഷങ്ങളുടെ ഭാഗമയി കുടുംബ പ്രാർഥനാ ശക്തീകരണം, വേദപുസ്തക പഠനം, പ്രാർഥനാ ചങ്ങല, പഠന സമ്മേളനങ്ങൾ, മിഷൻ ടൂർ, വേദ പുസ്തക പരിജ്ഞാന മത്സരം, മതസൗഹാർദ്ദ അയൽക്കൂട്ട സമ്മേളനം, പാരിഷ് ഹാൾ ഫർണീച്ചറിനായി ഫണ്ട് ശേഖരണം, ഇടവകയിൽ സാമൂഹിക ക്ഷേമ, ചികിത്സ, വിദ്യാഭ്യാസ, സുവിശേഷീകരണ മേഖലകളിൽ നിലവിലുള്ള എൻഡോവ്മെന്റ് ഫണ്ടുകളുടെ വിപുലീകരണം എന്നിവ നടത്തും.
139 വർഷത്തെ പാരന്പര്യമുള്ള കൂർത്തമല ഇടവക മാർത്തോമ്മ - ഓർത്തഡോക്സ് സൗഹൃദ കൂട്ടായ്മയിൽ പ്രസിദ്ധമാണ്. കൂർത്തമല മോഡൽ എക്യുമെനിക്കൽ ബന്ധം മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. ഇരുസഭകളും ചേർന്ന് ആരാധിക്കുന്ന ഒരു ദേവാലയം നിലവിലുണ്ട്. അവിടെ എല്ലാ ആത്മീയ പ്രവർത്തനങ്ങൾക്കും വേദിയാകുന്പോൾ തന്നെയാണ് പുതിയ ഒരു ദേവാലയം മാർത്തോമ്മ വിശ്വാസികൾ 1957ൽ സ്ഥാപിച്ചത്.
1966 ജനുവരി 26നു കൂദാശ ചെയ്ത ദേവാലയം കല്ലുകൊണ്ടുള്ള നിർമിതിയിലും ശ്രദ്ധേയമാണ്.
വികാരി റവ. ജോസഫ് മാത്യു, കൺവീനർ സി. തോമസ്, ട്രസ്റ്റിമാരായ വർഗീസ് ഈപ്പൻ, പ്രസാദ് ജോർജ്, സെക്രട്ടറി സതീഷ് ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.