ആലപ്പുഴ: കൃഷി എന്റെ അഭിമാനമാണെന്നും കൃഷിയാണ് എന്റെ ലഹരിയെന്നും പുതുതലമുറ പറഞ്ഞും പ്രവർത്തിച്ചും പഠിച്ചു തുടങ്ങണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ജില്ലാ അഗ്രി ഹോൾട്ടി സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനത്തില്‍ കളക്ടറേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ വൃക്ഷത്തൈ നട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിളിഞാവൽ വൃക്ഷത്തൈയാണ് കളക്ടര്‍ നട്ടത്. ജില്ലാ അഗ്രി ഹോൾട്ടി സൊസൈറ്റി ജനറൽ സെക്രട്ടറി രവി പാലത്തുങ്കൽ, വൈസ് പ്രസിഡന്റ് എ.എൻ. പുരം ശിവകുമാർ, പി. ശ്യാംകുമാർ, പയ്യസ് നെറ്റോ, ഹരികുമാർ വാലേത്ത്, പി.എസ്. ഹരിദാസ്, രാജു പള്ളിപ്പറമ്പിൽ, സുനിൽ വർഗീസ്, എം.ഇ. ഉത്തമക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തിൽ
പോസ്റ്റർ പ്രദർശനം
ആലപ്പുഴ: പരിസ്ഥിതി ദിനത്തിൽ ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ "ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ" പോസ്റ്റർ പ്രദർശനം നടത്തി. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഭാഗമായി തയാറാക്കിയ പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക എന്ന സന്ദേശമാണ് പോസ്റ്ററുകളിലുള്ളത്. പോസ്റ്റർ പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ്, കെ. ആർ. ദേവദാസ്, കെ.വി. രതീഷ്, എസ്. മഞ്ജു, പി.കെ. ജോസഫ്, എസ്. സനിത തുടങ്ങിയവർ പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യം ഗുരുതരഭീഷണി: നീതാ കെ. ഗോപാൽ
ചെങ്ങന്നൂർ: പ്ലാസ്റ്റിക്കിന്റെ പുനരുത്പാദനം ഒരു ശാശ്വത പരിഹാരമല്ലെന്നും പ്ലാസ്റ്റിക് കണങ്ങൾ ഭൂമിയിൽ ദീർഘകാലം അടിഞ്ഞുകൂടുന്നത് ഹരിതഗൃഹ വാതകങ്ങൾ കെട്ടിക്കിടക്കാനും അതുവഴി അന്തരീക്ഷ ഊഷ്മാവ് വർധിപ്പിക്കാനും കാലാവസ്ഥയിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്താനും ഇടയാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് തിരുവനന്തപുരം മേധാവി നീതാ കെ. ഗോപാൽ. ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനിയറിംഗ് കോളജിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു നീതാ കെ. ഗോപാല്‍.
പ്രകൃതിയിൽ അലിഞ്ഞുചേരുന്ന വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്നും അതിനായി വരും തലമുറകളെ പ്രോത്സാഹിപ്പിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടമയാണെന്നും അവർ പറഞ്ഞു.
ചെയർപേഴ്സൺ മറിയാമ്മ ജോർജ് അധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ. സന്തോഷ് സൈമൺ, പ്രഫ. ഡോ. പി. എസ്. അനൂപ്, പ്രഫ. ജെറിൻ ജോയ് വർഗീസ്, പ്രഫ. ദിനുലാൽ, പ്രഫ. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതിക്ക് അനുയോജ്യമായ വിവിധ വസ്തുക്കളുടെയും വൈദ്യുതി വാഹനങ്ങളുടെയും പ്രദർശനവും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
മങ്കൊമ്പ്: പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുകയെന്ന ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം പൊതുസമൂഹത്തിൽ ആഹ്വാനം ചെയ്തു ചെറുകര ആർ.എൻ. മെമ്മോറിയൽ ഗ്രന്ഥശാലയും ജ്ഞാനോദയം ബാലവേദിയും സംഘടിപ്പിച്ച 'ഒരു തൈ നടാം' പരിപാടി കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ദേവ ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി കെ.എം. മഹേഷ്, ബാലവേദി കോ-ഓർഡിനേറ്റർ ശ്രീജാ മധു, പി.എൻ. സൺയാറ്റ്, ജി. യശോധരൻ, ബിന്ധ്യാ അഭിലാഷ്, കെ.ടി. വിജയനാഥ് തുടങ്ങിയവർ പ്രംസംഗിച്ചു.