പാലാ: കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. ജീവിതശൈലീ രോഗലക്ഷണങ്ങള്‍ ഗുരുതരമാകും മുന്‍പ് സങ്കീര്‍ണതകള്‍ തിരിച്ചറിഞ്ഞ് പ്രാരംഭ ദിശയില്‍ കണ്ടെത്തി ചികിത്സിക്കാനുള്ള സംവിധാനമാണിത്.
പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ അടക്കമുള്ള ജീവിതശൈലീ രോഗങ്ങളും ഭക്ഷണക്രമം നിശ്ചയിക്കല്‍, മാനസികാരോഗ്യം എന്നിവയും ഇതുവഴി തുടക്കത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സ ഒരുക്കാന്‍ സാധിക്കും.
നഗരസഭയ്ക്കു ലഭിച്ച ഹെല്‍ത്ത് ഗ്രാന്‍ഡ് 43 ലക്ഷം രൂപ വിനിയോഗിച്ചാണ് ചികിത്സാവിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ജീവിതശൈലീ രോഗ പരിശോധനകളെ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പാലാ ജനറല്‍ ആശുപത്രിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ സാര്‍വത്രികമായി മാറുന്ന ഈ കാലഘട്ടത്തില്‍ രോഗം പ്രാരംഭ ദിശയില്‍ത്തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ് കെയര്‍ സെന്ററിന്റെ ലക്ഷ്യം. ഇവിടെ ഡയബറ്റിക് ഫ്യൂട്ട്, റെറ്റിനോപ്പതി, നെഫ്രോപ്പതി എന്നിവയില്‍ അടിസ്ഥാന രോഗനിര്‍ണയങ്ങളും ചികിത്സയും ലഭ്യമാക്കുന്നതിനോടൊപ്പം ഡയറ്റ്, പുകവലിനിര്ത്തല് എന്നിവയ്ക്കായി കൗണ്‍സലിംഗും മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബയോ ടെസ്റ്റിയോ മീറ്റര്‍, ഹാന്‍സ് ഹെല്‍ഡ് ഡോപ്പര്‍, ഫാറ്റ് ഇന്വെസസ് മെഷീന്, മെട്രിയാടിക് കാമറ, മിനി സൈറോ മീറ്റര്‍ എന്നീ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
പാലാ നഗരസഭാ അധ്യക്ഷന്‍ തോമസ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, നഗരസഭാംഗങ്ങളായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, പ്രഫ. സതീഷ് ചൊള്ളാനി, ജോസിന് ബിനോ, ലീന സണ്ണി, സിജി പ്രസാദ്, സതി ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.