ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡില്‍ ബസ് സര്‍വീസ് നിലച്ചിട്ട് അഞ്ചുദിനം; പ്രതിഷേധ പരിപാടികളുമായി ജനങ്ങള്‍ രംഗത്ത്. റോഡ് തകര്‍ന്നു യാത്ര അപകട ഭീഷണിയിലായതിനെത്തുടര്ന്നാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചത്. ബസ് നിര്‍ത്തിയതോടെ വിദ്യാര്‍ഥികളടക്കം യാത്രക്കാരുടെ യാത്രാദുരിതം വര്‍ധിച്ചു.
തകര്‍ന്നു ചെളിക്കുളമായ റോഡിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് തുരുത്തി, പുന്നമൂട് ജംഗ്ഷനിലെത്തിയാണ് ആളുകള്‍ ചങ്ങനാശേരി, കോട്ടയം ഭാഗങ്ങളിലേക്കു പോകുന്നത്. തകര്‍ന്ന റോഡിലൂടെ അത്യാഹിത രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ യഥാസമയം ആശുപത്രികളിലെത്തിക്കാനും കഴിയുന്നില്ല. അടിയന്തരമായി റോഡിലെ കുഴികളടച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ചങ്ങനാശേരിയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പറാല്‍-കുമരങ്കരി-വാലടി വഴി കാവാലത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നാരകത്ര, കൃഷ്ണപുരം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് റോഡിലേക്ക് കയറിയ നിലയിലാണ്.
തുരുത്തി-പുന്നമൂട് ജംഗ്ഷനില്‍ ഇന്ന് പ്രതിഷേധ സദസ്
തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി-കാവാലം റോഡ് നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു കരിദിനം ആചരിക്കും. വൈകുന്നേരം നാലിന് തുരുത്തി പുന്നമൂട് ജംഗ്ഷനില്‍ പ്രതിഷേധ സായാഹ്ന സദസ് സംഘടിപ്പിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പന്തംകൊളുത്തി പ്രകടനം നടത്തും.
സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോജി ആന്റണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, പാപ്പച്ചന് നേര്യംപറമ്പില്‍, സുരേഷ് തോട്ടയില്‍, തങ്കച്ചന് പാലത്ര, ബെറ്റ്സി തോമസ്, ബാബുക്കുട്ടന് മുയ്യപ്പള്ളി, വി.കെ. വിജയന്, ടോം ജേക്കബ്, പ്രദീപ് പുളിന്താനം, ബാബുരാജ് ശങ്കരമംഗലം, മെജി വര്‍ഗീസ്, സുനില്‍ കവിതാഴെ എന്നിവര്‍ പ്രസംഗിച്ചു.
റോഡ് നിര്‍മാണം: ജനാഭിപ്രായം അറിയാൻ യോഗം ഇന്ന്
തുരുത്തി-വാലടി-വീയപുരം റോഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി തുരുത്തി ഡെവലപ്പ്മെന്റ് ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഇന്നു മൂന്നിന് മുളയ്ക്കാംതുരുത്തി സെന്റ് ജോര്‍ജ് ക്നാനായ പള്ളി ഹാളില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
റോഡിലെ വെള്ളക്കെട്ടില്‍ വള്ളമിറക്കി യൂദാപുരം ഇടവകയുടെ വേറിട്ട പ്രതിഷേധം
തുരുത്തി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡ് പുനര്‍നിര്‍മാണം വൈകുന്നതിനെതിരേ യൂദാപുരം സെന്റ് ജൂഡ് ഇടവകയുടെ നേതൃത്വത്തില്‍ റോഡിലെ വെള്ളക്കെട്ടില്‍ വള്ളം ഇറക്കി പ്രതിഷേധിച്ചു. റോഡിന്റെ പുനര്‍നിര്‍മാണം ഉടനെ ആരംഭിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഇടവകാംഗങ്ങള്‍ പറഞ്ഞു.
സെന്റ് ജൂഡ് പള്ളിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ആലുംമൂട് ഭാഗത്ത് സമാപിച്ചു. തുടര്‍ന്നാണ് വള്ളം ഇറക്കി പ്രതിഷേധിച്ചത്.
സെന്റ് ജൂഡ് പള്ളി വികാരി ഫാ. ഫിലിപ്പ് കാഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശശികുമാര്‍ തത്തനപ്പള്ളി, അരവിന്ദാക്ഷന് നായര്‍, അഡ്വ. ആന്റണി വര്‍ഗീസ്, ജോസി ആലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.