കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ നിർമാണം ആരംഭിച്ചു. ജില്ലാ - ബ്ലോക്ക് - പഞ്ചായത്തുകൾ സംയുക്തമായി ഒരു കോടി രൂപയോളം ചെലവഴിച്ചാണ് നിർമാണം. 15 ബെഡുകളോട് കൂടിയതാണ് ഡയാലിസിസ് സെന്റർ.
ഏഴ് ബെഡുകൾ സ്ത്രീകൾക്കും ഏഴു ബെഡുകൾ പുരുഷന്മാർക്കും ഒരു ഐസൊലേഷൻ ബെഡും അടങ്ങുന്നതാണ് സെന്റർ. ഡയാലിസിസ് സെന്ററിന്റെ നിർമാണോദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയായ പോസ്റ്റുമോർട്ടം മോർച്ചറി കോംപ്ലക്സിന്റെ ഉദ്ഘാടനവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ലതാ ഷാജൻ, പി.എം ജോൺ, ബി. രവീന്ദ്രൻ നായർ, പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് സാവൻ സാറാ മാത്യു, എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ദീപ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ജി. ലാൽ, സി.ജി. ജ്യോതിരാജ്, എ.എം. മാത്യു, പി.എ. താഹ, പി.എ. ഷെമീർ എന്നിവർ പ്രസംഗിച്ചു.