കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ചടങ്ങുകളിൽ പങ്കെടു ക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എത്തുന്നതോടനുബന്ധിച്ച് ഇന്നു രാവിലെ 8.30 മുതല്‍ 12 വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
കോട്ടയത്തുനിന്നു പുതുപ്പള്ളി, കറുകച്ചാല്‍, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ലോഗോസ് ജംഗ്ഷന്, പോലീസ് ക്ലബ്, റബര്‍ ബോര്‍ഡ്, കഞ്ഞിക്കുഴി, മണര്‍കാട് വഴി കാഞ്ഞിരത്തുംമൂട്ടില്നിന്നും ഇടത്തേക്ക് തിരിഞ്ഞ് ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകണം.
കോട്ടയം ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ലോഗോസ് ജംഗ്ഷന്, പോലീസ് ക്ലബ്, റബര്‍ ബോര്‍ഡ് വഴി കഞ്ഞിക്കുഴിയില്‍ എത്തി കെകെ റോഡ് വഴി പോകണം.
അയര്‍ക്കുന്നം, കിടങ്ങൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ലോഗോസ് ജംഗ്ഷന്, പോലീസ് ക്ലബ് വഴി, ഇറഞ്ഞാല്‍ ജംഗ്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊശമറ്റം കവലവഴി പോകണം.
കൊശമറ്റം കവല ഭാഗത്തുനിന്നും കളക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊശമറ്റം കവലയില്‍നിന്നു തിരിഞ്ഞ് വട്ടമൂട് റോഡ് വഴി മംഗളം ജംഗ്ഷനില്‍ എത്തി പോകണം.
തെങ്ങണ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജംഗ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പരുത്തുംപാറ, ചിങ്ങവനം വഴി പോകണം.
തെങ്ങണ ഭാഗത്തുനിന്നു മണര്‍കാട്, അയര്‍ക്കുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഞാലിയാകുഴി ജംഗ്ഷനില്‍നിന്നു നേരേ ബൈറോഡില്‍ കൂടി കൈതേപ്പാലം ജംഗ്ഷനില്‍ എത്തി പുതുപ്പള്ളി, കാഞ്ഞിരത്തുംമൂട് വഴി പോകണം.
പാറക്കല്‍കടവ്, നാല്ക്കവല, ദിവാന്‍കവല, മൂലേടം ഭാഗത്തുനിന്നും കോട്ടയം ടൗണില്‍ എത്തേണ്ട വാഹനങ്ങള്‍ ദിവാന്‍കവല, റെയില്‍വേ ഓവര്‍ബ്രിഡ്ജ് വഴി മണിപ്പുഴയിലെത്തി കോട്ടയം ഭാഗത്തേക്ക് പോകണം.
പാര്‍ക്കിംഗ് ക്രമീകരണം
പുതുപ്പള്ളി പള്ളിയില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തെങ്ങണ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ കലുങ്കിന് സമീപമുള്ള ഗ്രൗണ്ടിലും ഗ്രീന്‍വാലി ക്ലബ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.
കോട്ടയം, മണര്‍കാട്, കറുകച്ചാല്‍ ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പള്ളി ഗ്രൗണ്ട്, ഡോണ്‍ ബോസ്കോ സ്കൂള്‍ ഗ്രൗണ്ട്, ഗവണ്മെന്റ് വിഎച്ച്എസ്എസ് സ്കൂള്‍ ഗ്രൗണ്ട്, ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
പാലൂര്‍പടി - പുതുപ്പള്ളി റോഡില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്സ് തുടങ്ങിയ അവശ്യ സര്‍വീസ് വാഹനങ്ങൾക്ക് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചു. പുതുപ്പള്ളി ജംഗ്ഷന്-എരമല്ലൂര്‍ കലുങ്ക് റോഡിലും അങ്ങാടി-കൊട്ടാരത്തുംകടവ് റോഡിലും പാര്‍ക്കിംഗ് നിരോധിച്ചു.