കൊച്ചി: കാക്കനാട് സിവില്‍ സ്റ്റേഷനില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള കര്‍ക്കടക ഫെസ്റ്റ് -പത്തില 2025-ന് തുടക്കമായി. ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വഹിച്ചു. പരമ്പരാഗത രീതിയില്‍ തയാറാക്കിയ കര്‍ക്കടക കഞ്ഞി, പത്തിലകള്‍ കൊണ്ടുള്ള തോരന്‍, നെല്ലിക്ക ചമ്മന്തി, വിവിധ കിഴങ്ങുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുഴുക്ക് എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്.
മരുന്ന് കഞ്ഞി, ഞവരക്കഞ്ഞി, ഉലുവ കഞ്ഞി, ജീരക കഞ്ഞി, പഞ്ചനക്ഷത്ര പായസം ഉള്‍പ്പെടെ ഏഴുതരം പായസങ്ങള്‍, ഉലുവ ഉണ്ട, ഔഷധ കാപ്പി, വിവിധതരം മില്ലറ്റുകള്, കര്‍ക്കടക കഞ്ഞിക്കൂട്ട് കിറ്റുകള്‍, ആയുര്‍വേദ സോപ്പുകള്‍, വിവിധ രുചിക്കൂട്ടുകള്‍ അടങ്ങിയ ചായപ്പൊടികള്‍, കാപ്പിപ്പൊടികള്‍, അച്ചാറുകള്‍, കൈത്തറി വസ്ത്രങ്ങള്‍ എന്നിവയും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.
വിഷമുക്തവും ഔഷധഗുണം നിറഞ്ഞതുമായ പാരമ്പര്യാഹാര ശീലങ്ങളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം.
ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരാണ് വിഭവങ്ങള്‍ തയാറാക്കുന്നത്. ഓഗസ്റ്റ് ഒന്നു വരെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ സ്റ്റാളുകൾ പ്രവര്‍ത്തിക്കും.