കൊച്ചി: ഗോശ്രീ പാലങ്ങളിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎല്‍സിഎ വരാപ്പുഴ അതിരൂപത ബോള്‍ഗാട്ടി ജംഗ്ഷനില്‍ നില്‍പ്പ്സമരം സംഘടിപ്പിച്ചു. കൊച്ചി കോര്പ്പറേഷന് മുന്‍ മേയര്‍ ടോണി ചമ്മിണി ഉദ്ഘാടനം നിര്‍വഹിച്ചു. കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷനായിരുന്നു.
ഗോശ്രീ ഒന്നാം പാലത്തിന് സമാന്തര പാലം നിര്‍മ്മിക്കുവാനുള്ള അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കുക, രാവിലെയും വൈകിട്ടും തിരക്കുള്ള സമയത്ത് കണ്ടെയ്നര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്ന രണ്ടാം പാലം തുറക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം നടത്തിയത്.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ്, അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാര്ട്ടിന്, അതിരൂപത ട്രഷറര്‍ എന്‍.ജെ പൗലോസ്, വൈസ് പ്രസിഡന്റുമാരായ റോയ് ഡിക്കൂഞ്ഞ, ബാബു ആന്റണി, എം.എന്‍ ജോസഫ്, മേരി ജോര്‍ജ്, സെക്രട്ടറിമാരായ സിബി ജോയ്, വിന്‍സ് പെരിഞ്ചേരി, ഫില്ലി കാനപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
നാളെ വനിതകളുടെ പിന്നോട്ടു നടന്നു പ്രതിഷേധം
വൈപ്പിൻ: നാളേറെയായി തുടരുന്ന ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്കിനു അടിയന്തര പരിഹാരം തേടി നാളെ വനിതകൾ പിന്നോട്ട് നടന്നും, പാലത്തിൽ ഫുട്ബോൾ കളിച്ചും പ്രതിഷേധിക്കും. വൈകുന്നേരം നാലിനാണ് സമരം.
വൈപ്പിനിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ പൊതുവേദിയായ ഫ്രാഗ് ആണ് സമരം സംഘടിപ്പിക്കുന്നത്. പണികൾ സമയബന്ധിതമായി തീർക്കാത്തതിനാൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ മണിക്കൂറുകളോളം പാലത്തിൽ കുരുങ്ങുക പതിവാണ്. ഈ സാഹചര്യത്തിലാണ് ഫ്രാഗ് സമര നേതൃത്വം ഏറ്റെടുത്തിട്ടുള്ളത്.